Entertainment news
നായികയായിട്ടില്ല, എന്ത് ചെയ്യുമെന്ന് സംവിധായകന്‍ ചോദിച്ചു, റിമയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല; ജിതിന്‍ പുത്തഞ്ചേരി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 04, 09:16 am
Wednesday, 4th August 2021, 2:46 pm

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജിതിന്‍ പുത്തഞ്ചേരിയും റിമ കല്ലിങ്കലുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ റിമ കല്ലിങ്കല്‍ നായികയായി എത്തുമെന്ന് ഒരിക്കലും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് പറയുകയാണ് ജിതിന്‍ പുത്തഞ്ചേരി. ഡോണ്‍ തന്ന സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ നായികയാരാണെന്ന് അറിയില്ലായിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

‘ഞാന്‍ റെഡിയാണെന്ന് ഡോണിനോട് പറഞ്ഞു. നായികയായിട്ടില്ല എന്തു ചെയ്യുമെന്നാണ് ഡോണ്‍ എന്നോട് പറഞ്ഞത്. അപ്പോഴും റിമ എന്റെ നായികയായി വരുമെന്ന് ഞാന്‍ ആലോചിച്ചിരുന്നില്ല. പുതിയ ആരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്, കാരണം ഞാനും പുതിയ ആളാണല്ലോ. തൊട്ടടുത്ത ദിവസം തന്നെ ഡോണ്‍ വിളിച്ചിട്ട് പറഞ്ഞു. റിമക്ക് സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഇഷ്ടപ്പെട്ടുവെന്നും ചെയ്യാന്‍ തയ്യാറാണെന്നും. അപ്പോള്‍ ശരിക്കും ഞാന്‍ എക്‌സൈറ്റഡ് ആയി,’ ജിതിന്‍ പറയുന്നു.

വളരെ സെന്‍സിബിള്‍ ആയ ആക്ടറാണ് റിമയെന്നും അവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയുടെയും, ജിതിന്റെയും കഥയാണ് പറയുന്നത്. ഇരുവരും നടത്തുന്ന കാര്‍ യാത്രയില്‍ അവരുടെ ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങളും തര്‍ക്കങ്ങളുമെല്ലാം ഒറ്റ ടേക്കില്‍ എടുത്ത 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണിത്.

ഐ.എഫ്.എഫ്.കെ 2021ലും, മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021ലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നിരൂപക ശ്രദ്ധയും ഏറ്റുവാങ്ങിയിരുന്നു. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു മലയാള ചിത്രം എന്ന പ്രത്യേകതയും സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിനുണ്ട്.

ഡോണ്‍ പാലത്തറ തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജി ബാബുവാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jithin Puthanchery says about Rima Kallingal