പരസ്യത്തിന്റെ കഥ പറയാന്‍ ചെന്ന എന്നെ ലാലേട്ടന്‍ അങ്ങനെ ട്രീറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല: ജിസ് ജോയ്
Entertainment
പരസ്യത്തിന്റെ കഥ പറയാന്‍ ചെന്ന എന്നെ ലാലേട്ടന്‍ അങ്ങനെ ട്രീറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st May 2024, 10:01 pm

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജിസ് ജോയ്. ഒരുപാട് പരസ്യ ചിത്രങ്ങളും ജിസ് ജോയ് സംവിധാനം ചെയ്തിട്ടുണ്ട്. നിറപറയുടെ പരസ്യത്തിന് വേണ്ടി ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോഴുള്ള അനുഭവം ജിസ് പങ്കുവെച്ചു. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിനിടയിലാണ് ആദ്യമായി മോഹന്‍ലാലിനെ കണ്ടതെന്ന് ജിസ് ജോയ് പറഞ്ഞു. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്ടര്‍ വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ഇക്കാര്യം പറഞ്ഞത്.

സണ്‍ഡേ ഹോളിഡേ കഴിഞ്ഞു നിന്ന സമയത്താണ് ആ പരസ്യം ചെയ്തതെന്നും കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെത്തിയാണ് മോഹന്‍ലാലിനോട് കഥ പറഞ്ഞതെന്നും ജിസ് ജോയ് പറഞ്ഞു. സെറ്റിലേക്ക് പോകുന്ന വഴി 20 മിനിറ്റ് കൊണ്ട് കഥ പറഞ്ഞ് തീര്‍ന്നെന്നും, എന്നാല്‍ തന്നെ സെറ്റില്‍ കൊണ്ടുപോയി എല്ലാം കാണിച്ച് തന്നെന്നും തിരിച്ച് ഹോട്ടലിലെത്തി റെസ്‌റ്റെടുത്തിട്ട് രാത്രി ട്രെയിനില്‍ പോയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘സണ്‍ഡേ ഹോളിഡേ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഞാന്‍ നിറപറയുടെ പരസ്യം ചെയ്യുന്നത്. അതിന്റെ കഥ പറയാന്‍ വേണ്ടി മംഗലാപുരത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ട് നടക്കുകയായിരുന്നു. സെറ്റിലേക്ക് പോകുന്നവഴി സംസാരിക്കാമെന്ന് പറഞ്ഞ് എന്നെ ലാലേട്ടന്‍ സെറ്റിലേക്ക് കൊണ്ടുപോയി. വണ്ടിയില്‍ വെച്ച് 20 മിനിറ്റ് കൊണ്ട് കഥ പറഞ്ഞു തീര്‍ത്തു. എപ്പോഴാ തിരിച്ച് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ രാത്രിയാണ് ട്രെയിനെന്ന് പറഞ്ഞു.

എന്നെ സെറ്റിലേക്ക് കൊണ്ടുപോയി എല്ലാം കാണിച്ചു തന്ന ശേഷം തിരിച്ച് ഹോട്ടലിലേക്ക് പൊയ്‌ക്കോ എന്ന് പറഞ്ഞ് ലാലേട്ടന്‍ വന്ന വണ്ടിയില്‍ എന്നെ കൊണ്ടാക്കാന്‍ ഏല്പിച്ചു. വണ്ടിയില്‍ കേറാന്‍ നേരം യൂണിറ്റിലെ മുരളി ചേട്ടന്‍ വന്നിട്ട് നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കഴിഞ്ഞാല്‍ ആ വിവരം മുരളിച്ചേട്ടനെ വിളിച്ച് പറയണമെന്ന് ലാലേട്ടന്‍ പറഞ്ഞേല്പിച്ചു. എന്നെപ്പോലെ ഒരാളെ ലാലേട്ടന്‍ കെയര്‍ ചെയ്യുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy explains the way he treated by Mohanlal