ജയില്‍ അധികൃതര്‍ എന്റെ കൈയില്‍ പതിപ്പിച്ച മുദ്ര ജനാധിപത്യം നേരിടുന്ന വെല്ലുവിളി: ഹേമന്ത് സോറന്‍
national news
ജയില്‍ അധികൃതര്‍ എന്റെ കൈയില്‍ പതിപ്പിച്ച മുദ്ര ജനാധിപത്യം നേരിടുന്ന വെല്ലുവിളി: ഹേമന്ത് സോറന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 9:47 pm

റാഞ്ചി: ജയില്‍ അധികൃതര്‍ തന്റെ കൈയില്‍ മുദ്രകുത്തിയ സ്റ്റാമ്പിന്റെ ചിത്രം പങ്കുവെച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ പ്രതീകമാണ് ഈ മുദ്രയെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ മുദ്രയുടെ ചിത്രമുള്ളത്.

ഹേമന്ത് സോറന്റെ ജന്മദിനമായ ശനിയാഴ്ചയാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. ഈ ജന്മദിനത്തില്‍ തന്റെ കൈയിലെ മുദ്ര ഹൃദയത്തില്‍ പതിഞ്ഞിരിക്കുകയാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. ഇതാണ് തടവുകാരന്റെ മുദ്രയെന്നും താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അധികൃതര്‍ കൈയില്‍ പതിച്ചതാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

യാതൊരു വിധത്തിലുള്ള പരാതികളും കുറ്റകൃത്യങ്ങളും ചുമത്തപ്പെടാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ 150 ദിവസം ജയിലിലടക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ രാജ്യത്തെ സാധാരണക്കാരായ ആദിവാസികളോടും ദളിതരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും കേന്ദ്രം ഏത് രീതിയില്‍ പെരുമാറുമെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്ന് ഞാന്‍ കൂടുതല്‍ ദൃഢനിശ്ചയമുള്ളവനാണ്. രാജ്യത്തെ ചൂഷിതരുടെയും ദളിതരുടെയും പിന്നോക്കക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും തദ്ദേശീയരുടെയും അവകാശങ്ങള്‍ക്കായി പോരാടാനുള്ള എന്റെ ദൃഢനിശ്ചയത്തെ കേന്ദ്രത്തിന്റെ നടപടികള്‍ ശക്തിപ്പെടുത്തുന്നു,’ എന്നും ഹേമന്ത് സോറന്‍ ചൂണ്ടിക്കാട്ടി.

നിയമം എല്ലാവര്‍ക്കും തുല്യമായതും അധികാര ദുര്‍വിനിയോഗം ഇല്ലാത്തതുമായ ഒരു സമൂഹത്തെ നാം ഒന്നിച്ച് കെട്ടിപ്പടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി, ആചാരം, വസ്ത്രധാരണം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തല്‍, അനീതി, പീഡനം എന്നിവ നേരിടുന്ന വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തണമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജൂണ്‍ 28നാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് സോറന്‍ പുറത്തിറങ്ങിയത്. ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സോറനെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെ.എം.എം) എക്സിക്യൂട്ടീവ് പ്രസിഡന്റ് എന്ന നിലയില്‍ ജനുവരി 31നാണ് അറസ്റ്റ് ചെയ്തത്.

Content Highlight: Jharkhand Chief Minister Hemant Soren shared a picture of the stamp stamped on his hand by the jail authorities