| Monday, 6th February 2012, 9:25 pm

ക്രിസ്തുവില്‍ നിന്നും മാര്‍ക്‌സിലേക്കൊരു കടല്‍ ദൂരം…

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂചിമുന/ തുന്നല്‍ക്കാരന്‍

ഒന്ന്…

ക്രിസ്തുവിനെ ആരും ഇഷ്ടപ്പെടും. കാരണം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തിമദ് ഭാവമാണു. സ്‌നേഹാര്‍ദ്രമായി തന്റെ നഷ്ടപ്പെട്ട ആട്ടിന്‍ കുട്ടിയെ തിരഞ്ഞ് പോയവന്‍. വാക്കുകളുടെ മൂര്‍ച്ചയിലൂടെ ജനസാഗരത്തിന്റെ ചിന്തയില്‍ വേലിയേറ്റം സൃഷ്ടിച്ചവന്‍. വേശ്യയെ കല്ലെറിഞ്ഞ് കൊല്ലാന്‍ കൊണ്ടുവന്നവരോട് “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയാന്‍” എന്ന് പറഞ്ഞവന്‍.

വേശ്യാവൃത്തിയും കളവും സമൂഹത്തിന്റെ തിന്മയില്‍ നിന്നുണ്ടാകുന്നവയെന്ന് തിരിച്ചറിഞ്ഞവനാണു ക്രിസ്തു. അവസാനം രണ്ട് കള്ളന്മാര്‍ക്കിടയിലാണു കുരിശില്‍ കിടന്നതും.

മറിയമെന്ന കന്യകയില്‍ പുരുഷസാമിപ്യമില്ലാതെ പിറന്നവന്‍ ക്രിസ്തുവെന്ന രീതിയില്‍ സഭ അവനെ വാഴ്ത്തിപ്പാടി. ദൈവപുത്രനെന്ന് അവനെ വിളിച്ചു. ദൈവത്തിനു നന്നാക്കാന്‍ സാധിക്കാത്ത മനുഷ്യനെ നന്നാക്കാന്‍ ദൈവം ആ പുത്രനെ ഭൂമിയിലേക്ക് അയച്ചു. ദൈവത്തിന്റെ വൈസ്രോയിയെ ജനങ്ങള്‍ മുപ്പത്തിമൂന്നാം വയസ്സില്‍ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ കയറ്റിയയച്ചു. വീണ്ടും വന്നാല്‍ പേടിപ്പിക്കാന്‍ പള്ളിയുടെ മുകളില്‍ വലിയ കുരിശുകളും സ്ഥാപിച്ചു.

ഇതൊക്കെ അറിയാവുന്നവര്‍ നിഷ്‌ക്കളങ്കമായി ചോദിക്കുന്നു…
ക്രിസ്തു പള്ളിയിലുണ്ടോ….?
മാര്‍ക്‌സ് പാര്‍ട്ടിയിലുണ്ടോ…?

അവന്‍ വീണ്ടും വരുമെന്ന് കവലകള്‍ തോറും പ്രസംഗിച്ച് നടക്കുന്നവര്‍ക്കറിയാം, വീണ്ടും വരാന്‍ അവനു പേടിയാണ്. അവന്‍ വരാത്തതിനാല്‍ വയറു നിറച്ച് വല്ലതും തിന്ന് ദൈവ പ്രഘോഷണവുമായി, എല്ലാ മനുഷ്യരും പാപികളെന്നു വിറപ്പിച്ച്, പാപത്തിന്റെ ശമ്പളം മരണമെന്ന് ഭയപ്പെടുത്തി, ദൈവത്തിന്റെ അനുചരന്മാര്‍ മനുഷ്യര്‍ക്കിടയില്‍ സോല്ലാസം പാറി നടക്കുന്നു. കൊട്ടാര സദൃശ്യമായ പള്ളിമേടകളില്‍ വാസവും വിലയേറിയ കാറുകളില്‍ സവാരിയും സുന്ദരികളായ പെണ്മണികളുടെ കുമ്പസാരവും കേട്ട് അവര്‍ മതിച്ച് പുളച്ച് നടക്കുന്നു… കിടക്കുന്നു..ഇരിക്കുന്നൂ.. ഉറങ്ങുന്നൂ…

രണ്ട്…

ദൈവം ഇല്ലെന്നും മനുഷ്യന്‍ തനിയെ മനുഷ്യന്റെ കാര്യങ്ങള്‍ നോക്കിയില്ലെങ്കില്‍ ഭുമിയില്‍ പട്ടിണി കിടന്ന് നരകിച്ച് ചാവുമെന്നും മാര്‍ക്‌സ് ലോകത്തോട് പറഞ്ഞപ്പോള്‍ ദൈവ വിശ്വാസികള്‍ അവനെ നോക്കി ചിരിച്ചു. ഭ്രാന്ത് പുലമ്പുന്ന മനുഷ്യ പുത്രനെന്ന് പറഞ്ഞ്. ദൈവം നിശ്ചയിച്ചതിനെ മാറ്റി മറിക്കാന്‍ ഈ താടിക്കാരനു കഴിയില്ലെന്ന് അവര്‍ ഉറക്കെ പ്രസ്താവിച്ചു.

കമ്യൂണിസ്റ്റുകാരന്‍ ദൈവ വിധിയില്‍ വിശ്വസിച്ചാല്‍ എന്നും അടിസ്ഥാന വര്‍ഗ്ഗം ചൂഷണം ചെയ്യപ്പെടുമെന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെയേ മനുഷ്യനു രക്ഷ പ്രാപിക്കാന്‍ സാധിക്കുവെന്നും മാര്‍ക്‌സ്, മനുഷ്യപുത്രന്‍ കണ്ടെത്തി.

ഭൂമിയില്‍ സമത്വം കൊണ്ടുവരാമെന്നും അതിനായ് എല്ലാ അന്ധവിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞ് വിപ്ലവം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും തെരുവുകള്‍ തോറും പാര്‍ട്ടിക്കാര്‍ വിളിച്ചു പറഞ്ഞു. വരാനിരിക്കുന്നൊരു നല്ല കാലത്തിന്റെ പണിപ്പുരയിലാണു തങ്ങളെന്നും അതിനായ് ജീവനും സ്വത്തും പാര്‍ട്ടിയ്ക്ക് നല്‍കി അതില്‍ അണിചേരാനും അവര്‍ അടിസ്ഥാനവര്‍ഗ്ഗത്തോട് ആവശ്യപ്പെട്ടു.

ആര്‍ക്കറിയില്ലെങ്കിലും, വിപ്ലവം തങ്ങളാല്‍ ഒരിക്കലും സാധ്യമാക്കില്ലെന്ന് ഉള്ളിലുറപ്പിച്ച് നേതാക്കള്‍ തിന്നു തടിച്ചുകൊഴുത്ത് ബെന്‍സ് കാറുകളില്‍ പാഞ്ഞു നടക്കുന്നു.. താഴെ ഇറങ്ങാറില്ല. ഇറങ്ങിയാല്‍ അടിസ്ഥാനവര്‍ഗ്ഗത്തിലുള്ളവനോട് സംസാരിക്കില്ല. സംസാരിച്ചാല്‍ അവനെ വിരട്ടിപ്പായിക്കുന്ന വാക്കുകള്‍ ധാരാളം പഠിച്ചും വെച്ചിരിക്കുന്നു.

മൂന്ന്…

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അന്ത്യവിധി നാളുകളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ അത്രയൊന്നും പണിപ്പെടാതെ അധികാരത്തിലെത്തിയ പാര്‍ട്ടി പിന്നീട് സകല കമ്യൂണിസ്റ്റ് വിരുദ്ധ കളികളിലൂടെയും ഭരണം നില നിര്‍ത്താന്‍ മാത്രമാണു ശ്രമിച്ചത്. പാര്‍ട്ടിയുടെ ഈ ഭരണക്കൊതി ജാതിമതവര്‍ഗ്ഗ സംഘടനകളെ വീണ്ടും കേരളത്തില്‍ സജീവമാക്കി. മതനേതാക്കളുടെ വാതില്‍ക്കല്‍ വായും പൊളിച്ച് നില്‍ക്കുന്നവരായി പാര്‍ട്ടി നേതാക്കള്‍ മാറി. ആരാണു ഏറ്റവും നന്നായി കാലുതിരുമ്മിത്തരുന്നത് അവര്‍ക്കാണു വോട്ടെന്ന് പരസ്യമായി പറയാനും ജാതി മതനേതാക്കള്‍ക്ക് ധൈര്യം വെച്ചു.

ന്യൂനപക്ഷ പ്രീണനമെന്ന പേരില്‍ മഅദനിക്കൊപ്പമിരുന്ന് വേദി പങ്കിട്ടു. ജനങ്ങള്‍ക്ക് കാര്യം മനസ്സിലായി എട്ടുനിലയില്‍ പൊട്ടിച്ച് കൈയ്യില്‍ കൊടുത്തു.


ദൈവത്തിന്റെ വൈസ്രോയിയെ ജനങ്ങള്‍ മുപ്പത്തിമൂന്നാം വയസ്സില്‍ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ കയറ്റിയയച്ചു

ഇപ്പോള്‍ ക്രിസ്തുവിനെയാണു കൂട്ട് പിടിച്ചിരിക്കുന്നത്. ഇതുവരെ ക്രിസ്തു ജനിച്ചിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തിലായിരുന്ന പാര്‍ട്ടി അണികള്‍, ഇടമറുകിന്റെ പുസ്തകം തെരുവിലെറിഞ്ഞ് ബൈബിള്‍ വായിക്കുമെന്നാണു പാര്‍ട്ടി കരുതിയെങ്കില്‍…….. ഹാ കഷ്ടം.

ഉത്തരത്തിലിരിക്കുന്നതും പോയി കഷത്തിലിരുന്നതും പോയി എന്ന നിലയിലാവും കാര്യങ്ങള്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിസ്തുവിനെ മാനിഫെസ്‌റ്റോ പടിപ്പിക്കാന്‍ ചെല്ലുമ്പോള്‍, ക്രിസ്തുവിനെ തിന്നു തടിച്ച് വീര്‍ത്തിരിക്കുന്ന സഭ വിളിച്ചു പറയും. ക്രിസ്തുവിനെ ക്രൂശിക്കാന്‍ വരുന്നവരെന്ന്.

മുറിക്കഷ്ണം…

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വായിച്ച നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുപോലെ ബൈബിള്‍ വായിച്ചവര്‍ പാതിരിമാര്‍ക്കിടയിലും ഉണ്ടാവാന്‍ സാധ്യത കുറവാണ്. അതിനാല്‍ ഇതൊക്കെ അറിയാവുന്നവര്‍ നിഷ്‌ക്കളങ്കമായി ചോദിക്കുന്നു…
ക്രിസ്തു പള്ളിയിലുണ്ടോ….?
മാര്‍ക്‌സ് പാര്‍ട്ടിയിലുണ്ടോ…?

അപ്പാര്‍ത്തീഡിന്റെ കാലത്ത് പള്ളിയില്‍ കയറ്റാതിരുന്നൊരു നീഗ്രോയെ ക്രിസ്തു സമാധാനിപ്പിക്കുന്നു… മകനേ അവരുടെ പള്ളിയില്‍ നിന്നും എത്രയോ കാലം മുന്നെ ഇറക്കി വിട്ടിരിക്കുന്നു… നീ ശാന്തനാവുക.. ഞാന്‍ നിന്റെയൊപ്പമുണ്ട്..!

മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്ന അടിസ്ഥാനവര്‍ഗ്ഗ സഖാക്കളോട് മാര്‍ക്‌സ് പറയുന്നു…….. ഞാന്‍ അവരുടെ ഒപ്പമില്ല. നിങ്ങള്‍ക്കൊപ്പമാണ്.

സൂചിമുന

മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് മാര്‍ക്‌സ്.. ആ വിഷത്തില്‍ വോട്ടുപിടിക്കുമെന്ന് പാര്‍ട്ടി…
സഭയ്ക്ക്
മാര്‍ക്‌സില്‍ നിന്നും ക്രിസ്തുവിലേക്ക് ഒരു സ്വര്‍ഗ്ഗദൂരം…!
പാര്‍ട്ടിക്ക്
ഒരു കുരിശു ദൂരം..!

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

സന്തോഷ് പണ്ഡിറ്റും മറ്റു സിനിമാ പണ്ഡിതന്മാരും..!

രാഷ്ട്രീയം മലിനമാകുമ്പോള്‍…

വെള്ളക്കാരാം അളിയന്മാര്‍…..

ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍………

മതവിശ്വാസികളെന്ന ചിത്രശലഭങ്ങള്‍

ശശിവേന്ദ്രാ തിളങ്ങുന്നു നിന്മുഖം ചന്ദ്രനെപ്പോലെ

വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും

വാലുകള്‍ പേച്ചും കാലം..

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Latest Stories

We use cookies to give you the best possible experience. Learn more