വെള്ളക്കാരാം അളിയന്മാര്‍…..
Daily News
വെള്ളക്കാരാം അളിയന്മാര്‍…..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2011, 10:13 am


സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

സോണിയാ ഗാന്ധി മദാമ്മയാണെന്നും രാജീവ് ഗാന്ധിയെ ലൈനടിച്ച് ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കാന്‍ വന്നവളെന്നുമൊക്കെ പറഞ്ഞ് ജനങ്ങളെ വിരട്ടിയാണു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വോട്ട് പിടിച്ചിരുന്നത്. അമേരിക്കന്‍ സൈന്യം ഇറാക്ക് ആക്രമിക്കുമ്പോള്‍, സദ്ദാം ഹുസൈന്റെ പടം വലുപ്പത്തില്‍ വരച്ചുവെച്ച് പാവപ്പെട്ട മുസ്ലിം സഹോദരന്മാരുടെ വോട്ടും വാങ്ങി.

സാമ്രാജ്യത്വ വിരുദ്ധത, അവര്‍ കഴുകന്മാരെന്നും രാജവെമ്പാലയെന്നും നാടുനീളെ പറഞ്ഞു നടന്നു. സഖാക്കള്‍, ആരെങ്കിലും കൊക്കക്കോളയോ പെപ്‌സിയോ കുടിച്ചാല്‍ അവനെ മൂരാച്ചി എന്ന് വിളിച്ചു. കെന്റക്കി ചിക്കന്‍ തിന്നാല്‍ സാമ്രാജ്യത്വ ചാരന്‍ എന്ന് വിളിച്ചു. സമത്വ സുന്ദരമായ ലോകത്തിലേക്കുള്ള യാത്രയില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന നിഗൂഡ ശ്രമങ്ങളെ തുറന്നു കാട്ടി. ഗോര്‍ബ്ബച്ചേവിനു ലോകസമാധാനത്തിനുള്ള സമ്മാനം കൊടുത്ത് സോവ്യറ്റ് യൂണിയനെ ഗോര്‍ബിയെ വെച്ച് പൊളിച്ചടുക്കിയ കാര്യം പറഞ്ഞ് സഖാക്കളുടെ ഉറക്കം കളഞ്ഞു. ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെ താടിക്ക് തീ കൊടുക്കാനും വിഷം കൊടുക്കാനും അമേരിക്ക കളിച്ച കള്ളക്കളികള്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ക്ലാസെടുത്ത് പഠിപ്പിച്ചു കൊടുത്തു.

അങ്ങനെ നിരന്തരമായ ശ്രമ ഫലമായി അമേരിക്ക എന്നു കേട്ടാല്‍ സഖാക്കളുടെ ഞരമ്പില്‍ ചോര തിളക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ പോലും സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം മുഴക്കി.

നേതാക്കളുടെ മക്കള്‍ കൊക്കക്കോള കുടിച്ചും കെന്റക്കി ചിക്കന്‍ തിന്നും അമൂല്‍ ബേബികളായ് വളര്‍ന്നതും വിദേശ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍ കരസ്ഥമാക്കി അവിടെ ജോലിയും ഭാര്യയുമൊക്കെയായി കൂടിയതൊന്നും പാവം ജനങ്ങള്‍ അറിഞ്ഞില്ല…!

രണ്ട്…

കമ്യൂണിസ്റ്റ് രാജ്യത്ത് ഭരണകൂടങ്ങള്‍ കൊഴിഞ്ഞുപോകുമെന്ന് മാര്‍ക്‌സ് പറഞ്ഞു. വിപ്ലവത്തിന്റെ പാതയില്‍ മുദ്രാവാക്യങ്ങള്‍ കൊഴിഞ്ഞുപോകുമെന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ തെളിയിച്ചു. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആരെയും നോവിക്കാത്ത മൃദു മുദ്രാവാക്യങ്ങള്‍ മാത്രം. അഴിമതിയെക്കുറിച്ച് മിണ്ടില്ല. മിണ്ടിയാല്‍ ജനങ്ങള്‍ സെക്രട്ടറിക്ക് നേരേ കൈ ചൂണ്ടിയാലോ എന്ന പേടി. കൈ ചൂണ്ടിയാല്‍ ആ കൈ വെട്ടും എന്നൊക്കെ പറഞ്ഞാലും ജനങ്ങളുടെ മുന്നേറ്റവും നേതാവിന്റെ വമ്പന്‍ പടത്തില്‍ വീണ ചാണകത്തിന്റെയും ഓര്‍മ്മയില്‍ ഇപ്പോള്‍ അധികം തിളക്കാറില്ല.

കണിയാന്മാരുടെ വിളയാട്ടത്തിനെതിരെ മിണ്ടില്ല. മിണ്ടിയാല്‍ ദൈവം കോപിക്കുമെന്ന് ഭയന്ന് വിറക്കുന്ന സഖാക്കള്‍ ഏറ്റവും രസകരമായ കാഴ്ചയാണു. ജ്യോതിഷികളുടെ മുന്നില്‍ മൂത്രമൊഴിക്കുന്ന ഇവര്‍ സ്വയം കമ്യൂണിസ്റ്റുകളെന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ കാതുപൊത്തുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിരുന്ന കാലത്തു നിന്നും മുന്നോട്ട് വന്നപ്പോള്‍ പുതിയ പുഷ്പിക്കലുകളൊന്നുമുണ്ടായില്ല. കമ്യൂണിസ്റ്റ് പുഷ്പങ്ങളെയും ഫലങ്ങളെയും തല്ലിക്കൊഴിച്ച് ഇന്ന് പാര്‍ട്ടിയെന്ന മരത്തെ ഇലയും കായും പൂവുമൊന്നുമില്ലാത്ത ഒരു ഉണങ്ങിയ വൃക്ഷമായി നേതാക്കള്‍ മാറ്റിയിരിക്കുന്നു.

മൂന്ന്…

പാര്‍ട്ടി സെക്രട്ടറിയും എം.എ ബേബിയും തോമസ് ഐസക്കും സാമ്രാജ്യത്വത്തെ ഏ.കെ.ജി സെന്ററില്‍ വെച്ചു കണ്ടുവെന്ന് വിക്കി ലീക്ക്‌സ് പുറത്തു വിട്ട വാര്‍ത്ത നിഷേധിക്കാതെ, പാര്‍ട്ടിയൂടെ പുതിയ നയം, ബിസിനസ് ഏത് ചെകുത്താനുമായി നടത്താമെന്നാണെന്ന് പറയാന്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പും ഇല്ലാതായിരികുന്നു.

സാമ്രാജ്യത്വം കടന്നുവരുന്ന വഴികള്‍, ഒരു തക്ഷകനെപ്പോലെ മധുരപ്പഴങ്ങളുടെ ഉള്ളിലൂടെയാവും അവര്‍ കടന്ന് വരിക. ഒരു നിമിഷം കൊണ്ട് വളര്‍ന്ന് വിഷം തുപ്പി വീണ്ടും ചെറുതായി ആര്‍ക്കും മനസ്സിലാവാതെ മറഞ്ഞിരിക്കും.

സാമ്രാജ്യത്വം ലോകമൊട്ടാകെ നടത്തിയ കുത്തിത്തിരുപ്പുകള്‍ തിരിച്ചറിഞ്ഞ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റുപറ്റിയാല്‍ അത് വലിയ തെറ്റാവും. ഇന്ത്യയുടെ വാലില്‍ പിടിച്ച വിപ്ലവത്തീയാവാന്‍ കരുത്തുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് തീയെക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമില്ലെങ്കിലും സാമ്രാജ്യത്വത്തിനു ബോധ്യമുണ്ട്. ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ പുറത്താക്കാന്‍ അവര്‍ കളിച്ച കളി മാത്രം ഓര്‍ത്താല്‍ മതിയായിരുന്നു സാമ്രാജ്യത്വ ചാരന്മാരെ ഏ.കെ.ജിയുടെ മുറ്റത്തു നിന്നും എറിഞ്ഞോടിക്കുവാന്‍.


മുറിക്കഷ്ണം

ആഗോള തലത്തില്‍ തന്നെ രാഷ്ട്രീയം മാറിയിരിക്കുന്നു. ലോകത്ത് ഇനി മാറ്റം സംഭവിക്കില്ലെന്ന് വിധിയെഴുതിവരെ തള്ളിക്കൊണ്ട് ലോകത്ത് മുല്ലപ്പൂക്കള്‍ സുഗന്ധം പരത്തുമെന്ന് കാലം പറയുന്നു. ജനങ്ങള്‍ പ്രതികരിക്കാന്‍ ശേഷിയുള്ളവരെന്ന് അവര്‍ നിരന്തരം കാണിച്ചുകൊടുക്കുന്നു. ഈ പ്രതികരണം കവിളത്ത് വീഴുന്ന കാലം വരുവാന്‍ പോകുന്നുവെന്ന് ഭയക്കുന്ന നേതാക്കള്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. കസേരകള്‍ ഇളകുന്നു. ഇളകാത്ത കസേരയുടെ ചുവട്ടില്‍ തീ കത്തുന്നു. അധികം താമസിയാതെ ആസനത്തിനു തീ പിടിച്ച നേതാക്കള്‍ പാഞ്ഞു തുടങ്ങും.

സൂചിമുന

കമ്യൂണിസ്റ്റ് മരം ഉണങ്ങിച്ചുരുണ്ടു തുടങ്ങിയാലും ജനങ്ങള്‍ അതിനു ജലം നല്‍കും, അതിനെ പരിപാലിക്കും വീണ്ടും ആ മരം പുഷ്പിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കും..!

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍………

മതവിശ്വാസികളെന്ന ചിത്രശലഭങ്ങള്‍

ശശിവേന്ദ്രാ തിളങ്ങുന്നു നിന്മുഖം ചന്ദ്രനെപ്പോലെ

വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും

വാലുകള്‍ പേച്ചും കാലം..

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…