സൂചിമുന/ തുന്നല്‍ക്കാരന്‍
ഒന്ന്…
ഏറുകള്‍ പലവിധമുണ്ട്. ചെറുപ്പത്തില്‍ മാങ്ങാ എറിഞ്ഞിടുന്ന കൈ. നല്ലൊരു കല്ല് പാകം നോക്കിയെടുത്ത് കൈകളിലൊന്നിട്ട് തിരിച്ച് വിരലുകള്‍ കൃത്യമായ പൊസിഷനിലാക്കി ഒരേറ്. അന്തരീക്ഷത്തിലേക്ക് മൂളിമൂളിപ്പോകുന്ന കല്ല് മാമ്പഴത്തിന്റെ ഞെട്ടില്‍ പതിച്ച് ഒരു കുല മാമ്പഴം താഴേക്ക് വരുമ്പോള്‍ നിരവധി നാവുകള്‍ ഉമി നീരില്‍ കുതിര്‍ന്നിട്ടുണ്ടാവും… അത് ചെറുപ്പത്തിന്റെ അഴകും അവകാശവും ആയിരുന്നു..
മറ്റൊരു ഏറ്, കുളിക്കടവിലാണു. നല്ല പരന്ന കല്ലാണു, ഒരു ചെറിയ ഇഡ്ഡലിപ്പരുവം കല്ലുകള്‍.. ഇത് നോക്കിയെടുക്കാന്‍ തന്നെ വെള്ളത്തില്‍ നന്നായ് മുങ്ങിത്തപ്പണം.. അത്തരമൊരു കല്ല് കിട്ടിക്കഴിഞ്ഞാല്‍ ജലത്തിനു മുകളിലൂടെ തെന്നിച്ചൊരു ഏറാണു. കല്ല്, അവിടെയൊന്നു വെള്ളത്തില്‍ തട്ടി ഉയര്‍ന്ന് മറ്റൊരിടത്ത് ഒന്നുകൂടെ തട്ടി അങ്ങനെ ഒരു പോക്ക്.. ജലവും കല്ലുമായ് ചുംബിക്കുന്നിടത്തൊക്കെ ജലപുഷ്പങ്ങള്‍ വിരിഞ്ഞുകൊണ്ടേ ഇരിക്കും..ഏറ്റവും വിരുതന്മാര്‍ ഇങ്ങനെ ഏഴും ഒന്‍പതും ജലപുഷ്പങ്ങള്‍
വിരിയിക്കുന്നവരാണു..
രണ്ട്…
മറ്റൊരു ഏറുണ്ട്. ഇത് സാധാരണ മലയാളി ഏറ് എന്ന് പറയാം. ഇണചേരുന്ന പട്ടികളെക്കാണുമ്പോഴാണു മലയാളിയില്‍ ഈ അസുഖം ഉണ്ടാവുന്നത്. ആ സമയത്ത് കല്ലിന്റെ ഭംഗിയോ തൂക്കമോ ഒന്നും പരിഗണിക്കില്ല. മുന്നില്‍ കിട്ടുന്ന ആദ്യത്തെ കല്ല് തന്നെ എറിയാന്‍ ഉപയോഗിക്കും. മലയാളിയുടെ ഈ ഏറിന്റെ രഹസ്യം സാക്ഷാല്‍ ഫ്രോയിഡിനു പോലും നിര്‍വ്വചിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, മലയാളിയുടെ അസംതൃപ്തമായ ലൈംഗികത ആവാം ഒരു കാരണം. എനിക്കോ സുഖിക്കാന്‍ പറ്റുന്നില്ല.. ഒരു പട്ടിയും ഇവിടെ അങ്ങനെ സുഖിക്കേണ്ട എന്ന അസൂയയാല്‍ രൂപപ്പെടുന്ന ഏറും ആവാം.
സമരത്തില്‍ പോലീസിനു നേരെ എറിയുന്നതിലും ചില രസങ്ങളുണ്ട്. കല്ലെടുത്ത് എറിഞ്ഞതിനു ശേഷം തിരിഞ്ഞോടുന്നുവെങ്കില്‍ അത് യൂത്ത് കോണ്‍ഗ്രസെന്നും.. പോലീസിനു നേരെ കല്ലെറിഞ്ഞാലും അവിടെ നിന്നും മുദ്രാവാക്യം മുഴക്കി പോലീസിന്റെ മുന്നില്‍ പതറാതെ നിന്നു തല്ലുവാങ്ങിയാല്‍ അത് ഡി.വൈ.എഫ്.ഐ എന്നും വിചാരിക്കുക. മറ്റുള്ളവര്‍ സമരം ചെയ്യുമ്പോള്‍ അടുത്ത മതിലിനു പിന്നില്‍ നിന്നും ഒരു കല്ല് പോലീസിന്റെ തലയില്‍ വീണാല്‍ അത് ഒരു കേരളാ കോണ്‍ഗ്രസ് ഏറായിരിക്കും.
ഏറ്റവും ശക്തവും ലക്ഷ്യവേധിയുമായ ഒരു ഏറ് എറിയാന്‍ കേരളത്തിലെ തൊഴിലാളി പക്ഷത്തിനേ കഴിയൂ..
മുന്ന്…
ഇനി ക്രിക്കറ്റിലെ ഏറാണു. ശ്രീശാന്ത് ഇന്ത്യന്‍ കിക്കറ്റില്‍ എത്തിയതോടെ ഈ അസുഖം പല കുട്ടികളിലും കലശലായിട്ടുണ്ട്. കൈയ്യില്‍ കല്ലോ ബോളോ വേണമെന്നില്ല. നടക്കുന്ന വഴിക്കൊക്കെ അവര്‍ ഈ പരിപാടി ഭംഗിയായ് നടത്തിക്കൊണ്ടിരിക്കും. ഈ ഏറിന്റെ മനോഹാരിത കൈയ്യുടെ മുട്ട് മടങ്ങാന്‍ പാടില്ലെന്നാണു.. വിക്കറ്റ് ഒഴികെ ഒരു മാങ്ങാ എറിഞ്ഞിടാന്‍ പോലും പ്രയോജനമില്ലാത്ത ഏറ് എന്ന് ഇതിനെ ക്രിക്കറ്റിന്റെ വിരുദ്ധര്‍ പ്രചരിപ്പിക്കാറുണ്ട്. സിംഗ് ചെയ്യിക്കാനും സ്പിന്‍ ചെയ്യിക്കാനും ഇരുപത്തി രണ്ട് വാരക്കകത്തേ സാധ്യാകൂ എന്നതാണു ഈ ഏറിനെ ഒരു പരിമിതി. പക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തര്‍ ഈ ഏറുകാരാണു..
ഇനി മറ്റൊരു ഏറുകാര്‍ ലോകത്തിന്റെ ദുഃഖമാണു. മെഷീന്‍ ഗണ്ണുമായ് നില്‍ക്കുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരേ കല്ലെറിയുന്ന ഫലസ്തീനികള്‍. ഇത് ലോകത്തില്‍ ഏറ്റവും ആവശ്യമായ, എന്നാല്‍ ദുര്‍ബലമായ ഏറിന്റെ ഗണത്തില്‍ പെടുത്താം.
കല്ലെറിയുന്നവന്‍ വേട്ടമൃഗത്തെപ്പോലെ കൊലചെയ്യപ്പെടുന്ന ദുരന്ത സത്യം.!
മുറിക്കഷ്ണം…
വേശ്യയെ കല്ലെറിയാന്‍ കൊണ്ടുവന്നപ്പോള്‍ ക്രിസ്തു പറഞ്ഞൂ. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. അവള്‍ രക്ഷപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണം ഇവിടെ ഒരു ക്രിസ്തു ഇല്ല. രണ്ടായിരം വര്‍ഷം മുന്നെ അദ്ദേഹത്തെ പീലാത്തോസ് എന്ന നിങ്ങളുടെ മൂത്ത രാഷ്ട്രീയക്കാരന്‍ കുരിശില്‍ കയറ്റി കൈകഴുകി..
അതിനാല്‍ നിങ്ങള്‍ സ്വയം രക്ഷനേടാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക. വീടിനു രണ്ട് മതിലും ഗേറ്റും വെക്കുന്നതുള്‍പ്പടെ ചുറ്റും ഒരു കിടങ്ങ് കൂടി കുഴിപ്പിക്കുക. അണികള്‍ക്ക് എപ്പോഴാണു കൈത്തരിപ്പ് ഉണ്ടാവുന്നതെന്ന് അറിയാന്‍ ഇടക്കിടക്ക് ജ്യോത്സ്യന്മാരെയും സന്ദര്‍ശ്ശിക്കുക.
സൂചിമുന…
പാമ്പുകള്‍ക്ക് മാളമുണ്ട് / പറവകള്‍ക്കാകാശമുണ്ട് / മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല..മണ്ണിലിടമില്ലാ… ഒരുകാലത്ത് കേരളത്തിനെ ഇത്രയും ആകര്‍ഷിച്ച മറ്റൊരു ഗാനമില്ല. ഇത് വീടില്ലാത്തവന്റെയും നഗരത്തില്‍ പൈപ്പിനുള്ളിലുറങ്ങുന്നവന്റെയും ചുണ്ടില്‍ വിതുമ്പി നിന്ന വിതുമ്പലായിരുന്നു..
ചില്ലുമേടയില്‍ ഇരിക്കുന്നവരോട് എന്നെ കല്ലെറിയല്ലേ എന്നത് അവന്റെ അപേക്ഷയായിരുന്നു. ചില്ലുമേടയിലിരിക്കുന്നവര്‍ ആരെയും കല്ലെറിയരുത്.. കാരണം ഏറ് കൊള്ളുന്നവന്‍ ചിലപ്പോള്‍ കീറപ്പായ മാത്രം നഷ്ടപ്പെടാനുള്ളവനാവും. അവന്‍ തിരിച്ചൊന്നു എറിഞ്ഞാല്‍ തകര്‍ന്നുപോകും നിങ്ങളുടെ കണ്ണാടി സൗധങ്ങള്‍ !