സൂചിമുന/ തുന്നല്‍ക്കാരന്‍
ഒന്ന്…
എന്നും രാവിലെയും സമയം ലഭിക്കുമ്പോഴെല്ലാം നമ്മള്‍ ഈ പരിപാടി ഭംഗിയായ് നടത്താറുണ്ട്. മുഖ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറുമല്ല. രാവിലെ ബാത്ത് റൂമില്‍ പോകുന്നതിനു മുന്നെയും പിന്നെയും കണ്ണാടിയില്‍ നോക്കുന്നവരാണു നമ്മള്‍. കാവ്യഭാവനയെ കാല്‍ച്ചിലമ്പ് അണിയിച്ചാല്‍, രാത്രിയില്‍ കണ്ട സ്വപ്നത്തിന്റെ ഒരു ചീള് കണ്ണിലുണ്ടോ എന്നാവാം നോക്കുന്നത്.. മുഖം കഴുകി പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടോ എന്നുമാവാം
നമ്മുടെ കുടവയറും ആരോഗ്യമില്ലാത്ത കൈകാലുകളുമൊന്നും നാം കാണുന്നില്ല. കൈരളി ചാനല്‍ നിരന്തരം ഗുസ്തിക്കാരാവാനുള്ള പരസ്യങ്ങള്‍ അവതരിപ്പിച്ചിട്ടും നമ്മള്‍ അത് ശ്രദ്ധിക്കുന്നില്ല. പണ്ടത്തെ തൊഴിലാളിയുടെ ശരീര ഘടനയാണു ഏറ്റവും ശാസ്ത്രീയം എന്ന് യൂറോപ്യന്മാര്‍ പറഞ്ഞുകേട്ടിട്ടും നമ്മള്‍ക്ക് ആ കാര്യത്തില്‍ മാത്രം ശരീരമൊന്നിളക്കാന്‍ മടിയാണു.
ആരോഗ്യമുള്ള ശരീരത്തിലെ നല്ല മനസ്സുണ്ടാവൂ എന്ന പഴഞ്ചൊല്ലില്‍ അല്പം കാര്യവുമുണ്ട്. മലയാളിയുടെ ആരോഗ്യം നശ്ശിച്ചുവരുന്നു. അതിനനുസരിച്ച് നമ്മള്‍ നമ്മുടെ സ്വഭാവത്തെയും ദുര്‍ബലപ്പെടുത്തുന്നു.
“രാവിലെ എന്താ പരിപാടി ?” ഹോസ്പിറ്റലില്‍ ഒന്ന് പോണം, ഗുളിക സമയത്തിനു കഴിക്കണം..
“വൈകിട്ടോ?” എന്ന് ചോദിച്ചാല്‍ പല്ലുമുഴുവന്‍ പുറത്ത് കാട്ടിച്ചിരിച്ച് അത് പിന്നെ പറയണോ എന്നൊരു മറു ചോദ്യം ഉന്നയിക്കും നമ്മള്‍..
നമ്മുടെ വൈകുന്നേരങ്ങള്‍, സ്റ്റാര്‍ സിംഗേഴ്‌സിനു എസ്.എം.എസ് അയക്കാനും രഞ്ജിനി ഹരിദാസ് ഉടുത്ത വസ്ത്രത്തിനും പിന്നെ സീരിയലിനോ സിനിമക്കോ പരസ്യങ്ങള്‍ക്കോ വീതിച്ച് കൊടുത്തിരിക്കുന്നു. ഇടക്കിടക്ക് മൂന്നാലു “ശ്രീനിവാസന്‍ ഗ്ലാസ് മദ്യം” വയറ്റിലേക്ക് കമഴ്ത്തലും. ( കള്ളുകുടിയിലും രതിയിലും നമ്മുടെ ആക്രാന്ത്രം ഭയങ്കരമായിരിക്കും. സോഡ വിസ്‌കിയോട് ഒന്ന് കലരുന്നതിനു മുന്നെ നമ്മള്‍ അവനെ വയറ്റില്‍ എത്തിച്ചിരിക്കും.)
അഴിമതിയെ എതിര്‍ത്ത് സംസാരിക്കും. കൈക്കൂലി വാങ്ങുന്നവരെ ചുട്ടു തിന്നണം എന്ന് ഉറക്കെ ഉറക്കെ പ്രഖ്യാപിക്കും. സ്വന്തം മകളുടെ കല്യാണക്കാര്യം വരുമ്പോള്‍ കൈക്കൂലി വാങ്ങാത്ത ചെറുപ്പക്കാരെ വീടിന്റെ പരിസരത്ത് അടുപ്പിക്കില്ല.
രണ്ട്…
നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊന്നാണു ആള്‍ദൈവം. ഒരു ആള്‍ദൈവം ഇല്ലാതെ “എന്തര് ലൈഫടേ അപ്പീ” ന്ന് തിര്വോന്തരം ശൈലിയിലോ “എന്തൂട്ടാ യിഷ്ടാ മ്മ്‌ടെ ദൈവാ ദൈവം” എന്നൊരു തൃശൂര്‍ രീതിയോ ആവാം. എന്തായാലും കോട്ടയംകാരനു മാണി സാറിനെ പോലെ ഒരു കണ്‍കണ്ട ദൈവം എല്ലാവര്‍ക്കും ശ്ശി ആവശ്യാണു. കുറഞ്ഞ പക്ഷം ഒരു കുഞ്ഞാലി “കുട്ടിദൈവ”മെങ്കിലും വേണം.
ഈ ദൈവം ഈ വീടിന്റെ നാഥന്‍ എന്നോ നാഥ എന്നോ എഴുതിച്ച് പടിപാതില്‍ക്കല്‍ ആണി തറച്ച് വെക്കുന്നതോടെ വലിയൊരു ആശ്വാസമായ്. ഇനി എല്ലാം അങ്ങേരുടെ പിടലിക്കായല്ലോ എന്നൊരു സമാധാനം. എന്നിട്ടും ആശുപത്രിയില്‍ നിന്നും ഇറങ്ങാനൊട്ടു നേരവും ഇല്ല. ചികില്‍സയാണെങ്കില്‍ അത് ആള്‍ദൈവങ്ങള്‍ സ്ഥാപിച്ച ഫൈവ് സ്റ്റാര്‍ ഹോസ്റ്റ്പിറ്റലില്‍ തന്നെ വേണമെന്നും നമുക്ക് നിര്‍ബ്ബന്ധാ..
ചൊറി പിടിച്ച് ചെന്നാല്‍ അര്‍ബ്ദുമാക്കി തിരിച്ച് പോരാം.
മൂന്ന്…
വിദ്യാഭ്യാസം എന്ന അഭ്യാസം ഞങ്ങളെ കണ്ട് പഠിക്കടാ തമിഴാ എന്ന് നമ്മള്‍ നെഞ്ചുവിരിച്ച് പറയുമ്പോള്‍ പാവം തമിഴന്‍ സുബ്രമണ്യ ഭാരതി പറഞ്ഞുകൊടുത്ത “തമിഴന്‍ എന്ന് ചൊല്ലടാ തലൈയ് നിമിര്‍ന്നു നില്ലടാ” എന്ന പാഠങ്ങളൊക്കെ മറക്കും. (അവനെ വിരട്ടുന്നതിനു പകരം പച്ചക്കറിയില്‍ ധാരാളം കീടനാശിനികള്‍ തളിച്ച് അവന്‍ നമുക്ക് തന്ന്, നമ്മളെ പതിയെ പതിയെ കില്ലിങ്ങ് നടത്തുന്നു.)
മിഷനറിമാരും എല്ലാ ജാതിമതവര്‍ഗ്ഗവര്‍ണ്ണവെറിയന്മാരും സ്‌ക്കൂളുകള്‍ നടത്തിയിട്ടും അവിടെ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടും. നമുക്ക് ഇംഗ്ലീഷില്‍ നാലക്ഷരം നേരേ ചൊവ്വേ പറയാനോ എഴുതാനും അറിയില്ല. ഷേക്ക് സ്പിയര്‍ എഴുതിവെച്ച ഒരു വാചകം വായിച്ച് മനസ്സിലാക്കാനുള്ള പരിജ്ഞാനം പോലും “ചെറിയ കാര്യങ്ങളുടെ തമ്പുരാന്‍” തലവാചകം വായിച്ച് നെഗളിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിരുതന്മാര്‍ക്ക് ഉണ്ടാവില്ല.
ദേശീയ തലത്തില്‍ നടക്കുന്ന ഒരു മല്‍സരപ്പരീക്ഷയിലും നമ്മുടെ നാട്ടില്‍ നിന്നും ഒരുത്തനും പച്ച പിടിക്കുന്നില്ല. ആരെങ്കിലും മിടുക്കന്മാര്‍ ആയാല്‍ അവരെ ഐ.എ.എസുകാരാക്കിയെടുത്ത് വിവരമില്ലാത്ത രാഷ്ട്രീയക്കാരന്‍ കുരങ്ങ് കളിപ്പിച്ചുകൊള്ളും.
അതൊക്കെ കാണുന്നതു തന്നെ നമ്മുടെ അഹ്ലാദം. അറിവുള്ളവരെ ചെണ്ടകൊട്ടിക്കാന്‍ നമ്മള്‍ കഴിഞ്ഞേ വിദ്വാന്മാര്‍ ഉണ്ടാകൂ. “വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം” എന്ന് മനസ്സിലക്കിയ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ നേഴ്‌സുന്മാരായ് വിദേശങ്ങളില്‍ പോയി ഇഷ്ടം പോലെ “ഡോളേഴ്‌സ്” നാട്ടിലേക്ക് അപ്പന്റെ പേരില്‍ അയച്ചു കൊടുക്കുന്നു.
ബിവറേജസ് കോപ്പറേഷന്റെ മുന്നില്‍ ക്യൂ നീളുന്നു.
മുറിക്കഷ്ണം…
കണ്ണാടിയില്‍ നോക്കാന്‍ ക്രിസ്തു കൂട്ടാക്കിയില്ല. അദ്ദേഹം കണ്ണാടിയില്‍ നോക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ കുരിശിലേക്ക് പോവില്ലായിരുന്നു. തന്റെ ശരീരം അത്ര പ്രധാനം എന്ന് ക്രിസ്തുവിനു തോന്നിയില്ല.
കണ്ണാടി ഇല്ലാതിരുന്ന സമയത്തും ഇവിടെ ആള്‍ക്കാര്‍ സ്വന്തം സൗന്ദര്യം നോക്കി രസിച്ചിരുന്നു. മാലിനി നദിയില്‍ കണ്ണാടി നോക്കിയ ദീര്‍ഘാപാംഗന്റെ “റ്റെക്ക്‌നിക്ക്” പഠിച്ച് സുന്ദരിയായ ശകുന്തളയെ നമുക്ക് മറക്കാന്‍ ആവില്ലല്ലോ. ഗ്രീക്കില്‍ ഒരു വിദ്വാന്‍ ജല ബിംബത്തില്‍ നോക്കി “നാര്‍സിസം” പഠിപ്പിച്ചതും മറക്കേണ്ട.
നമ്മള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ആത്മരതിക്കും അപ്പുറം അല്പം കൂടി കടന്നു ചെല്ലാം..
നമ്മുടെ മനസ്സ് കണ്ണാടിയില്‍ കാണാന്‍ ശ്രമിക്കാം. മനസ്സില്‍ പറ്റിപ്പിടിച്ച മാലിന്യങ്ങള്‍ തുടച്ച് മാറ്റാന്‍ ശ്രമിക്കാം.
നാമാണു നമുക്ക് പാരയെന്ന് തിരിച്ചറിയാം.
സൂചിമുന
ഇത്തവണ സൂനിമുന സ്വന്തം നെഞ്ചിനു കുത്തുന്നു.
ഇടക്കൊക്കെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചില്ലെങ്കില്‍ എന്തോന്ന് കേരളീയനെടേ…?
പഴയ പോസ്റ്റുകള്‍