വാലുകള്‍ പേച്ചും കാലം..
Daily News
വാലുകള്‍ പേച്ചും കാലം..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2011, 1:34 pm

സൂചിമുന / തുന്നല്‍ക്കാരന്‍
ഒന്ന്..
സാധാരണ തലയാണു സംസാരിക്കുക. എന്നാല്‍ തല വെളിയില്‍ കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ പലരും അവരുടെ അഭിപ്രായം പറയാന്‍ ചില വാലുകളെ രംഗത്തിറക്കും. കേരളത്തില്‍ ഇപ്പോള്‍ വാലുകളുടെ ഗംഭീര പ്രകടനമാണ്…

സാംസ്‌ക്കാരിക കേരളത്തിന്റെ സമുന്നതന്‍ തന്നെയാണു ആദ്യം വാലായ് വന്നതും അഭിപ്രായം പറഞ്ഞതും. മോഹന്‍ ലാലിനെക്കാളും മമ്മൂട്ടിയെക്കാളും സുന്ദരനും സുമുഖനുമായ ഇദ്ദേഹത്തിനു കേരളത്തിലെ ലേഡീസ് കോളേജിനു മുന്നില്‍ കൂടി യാത്രചെയ്യാന്‍ പോലും സാധിക്കുന്നില്ല. കണ്ടാല്‍ പെണ്‍കുട്ടികള്‍ ഓടിച്ചിട്ട് പ്രണയിച്ചു കളയുമെന്നാണു മൂപ്പിലാന്റെ അഭിപ്രായം..

കേരളത്തെക്കുറിച്ച് എന്തും ആധികാരിമായി പറയാന്‍ ഇദ്ദേഹത്തിനെ അനുവാദമുള്ളൂ. അച്യുതാനന്ദന്‍ സഖാവ് മല്‍സരിക്കാന്‍ പാടില്ലെന്ന് ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ഇദ്ദേഹത്തിനു വെളിപാടുണ്ടായി. വെളിപാടുണ്ടായാല്‍ അപ്പോള്‍ തന്നെ വെളിക്കിറങ്ങിയില്ലെങ്കില്‍ ഇദ്ദേഹത്തിനു അര്‍ശ്ശസ് മുക്കും. പിന്നെ സര്‍ഗ്ഗാത്മക വേദന കേരളം മൊത്തം അനുഭവിക്കേണ്ടി വരും.

കേരളത്തിലെ ജനങ്ങള്‍ക്ക് പലതും അനുഭവിക്കേണ്ട കൂട്ടത്തില്‍ വിഷക്കള്ളുപോലെ ഇദ്ദേഹത്തിന്റെ പ്രസ്താവനയും അനുഭവിക്കുക തന്നെ..

കൂടുതല്‍ വല്ലതും പറഞ്ഞാല്‍ സൂചിമുനക്കെതിരെയും കേസുകൊടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികം പറയുന്നില്ല. കോടതിയില്‍ പോകാന്‍ പ്രയാസമുണ്ടായിട്ടല്ല… തുന്നല്‍ക്കാരനെ കാത്ത് ധാരാളം കുഞ്ഞുങ്ങള്‍ കാത്തിരിക്കുന്നു…അവരുടെ കുഞ്ഞുടുപ്പ് തുന്നിക്കിട്ടാന്‍….

രണ്ട്..


!.. “ഒരു ജില്ലാ പാര്‍ട്ടി സെക്രട്ടറിയായിരിക്കാന്‍ എന്താ മണീ യോഗ്യതയെന്ന്?” ആരെങ്കിലും ചോദിച്ചാല്‍…അദ്ദേഹം ചിലക്കും.. “വിവരക്കേട് പറയാനുള്ള അവകാശം.. റ്റാറ്റായെപ്പോലെയുള്ള വമ്പന്മാരുമായുള്ള ബന്ധം. എന്തെങ്കിലും ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതൊക്കെ പാരവെച്ച് നശ്ശിപ്പിക്കുക.സ്വന്തം മക്കളെ പഞ്ചായത്ത് മെമ്പേഴ്‌സ് ആക്കുക. ആജീവനാന്തം മുതലാളിത്തത്തിന്റെ ചന്തിക്ക് പിന്നില്‍ ഞാന്നു കിടക്കുക.. കണ്ണൂരാണെങ്കില്‍ മറ്റു ചില സ്‌പെഷ്യല്‍ ക്വാളിറ്റി കൂടി വേണം എന്ന് കൂട്ടിച്ചേര്‍ത്ത് മണിയൊരു മണിച്ചിരിചിരിക്കും… ങ്യാ..ഹീ…!”

സഖാവ് അച്യുതാന്ദന്‍ മല്‍സരിക്കാന്‍ പാടില്ലെന്ന് ഇദ്ദേഹം പറയുമ്പോള്‍ അത് കേട്ട് കേരളം ഊറിച്ചിരിക്കുന്നു. മണിയുടെ മണിയടി ആര്‍ക്ക് വേണ്ടിയെന്ന് കേരളം തിരിച്ചറിയുന്നതിന്റെ ചിരിയാണത്.
പക്ഷേ കേരളത്തിന്റെ ചിരി മണിക്ക് മനസ്സിലാവില്ല. കാര്യം മനസ്സിലാക്കിയവന്റെ ചിരി ഗംഭീരവും സൂക്ഷ്മവും ആഴമാര്‍ന്നതുമായിരിക്കും..
ആ ചിരി കേള്‍ക്കാനുള്ള ശക്തി കാതുകള്‍ക്ക് നഷ്ടമായവര്‍ക്ക് അത് കേള്‍ക്കാന്‍ ആവില്ല.. അവരുടെ വിചാരം തങ്ങള്‍ ചിരിക്കുന്നതും പറയുന്നതും കേള്‍ക്കാനുള്ള കഴുതകളാണു ജനങ്ങളെന്ന്..
മണിയുടെ അറ്റത്തെ കയറില്‍ അധികാരത്തില്‍ പിടിച്ച് ജനങ്ങളൊരു വലി വലിച്ചാല്‍… കൂട്ടമണിയാവും മുഴങ്ങുക..

മൂന്ന്..
വെടികൊണ്ട ഒരു മഹാനുഭാവനു ചിലപ്പോള്‍ വെറിപിടിക്കും. പിന്നെ എന്താണു പറയുന്നതെന്ന് അദ്ദെഹത്തിനു യാതൊരു വിചാരവും ഉണ്ടാവില്ല. വെടികൊണ്ട പന്നിയെപ്പോലെ ഒരു പാച്ചിലാണു. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നില്‍ക്കില്ല.

പ്രവര്‍ത്തനവും അതുപോലെ തന്നെ.. രണ്ടുകോടി രൂപയൊക്കെ ചുമ്മാ സിമ്പിളായ് വാങ്ങി പോക്കറ്റില്‍ വെച്ചു കളയും. അതിന്റെ പേരില്‍ പാര്‍ട്ടി നാറുന്നതൊന്നും ഇദ്ദേഹത്തിനു പ്രശ്‌നമേയല്ല..

കമ്യൂണിസ്റ്റ് ആചാര്യന്മാരെക്കാള്‍ കമ്യൂണിസത്തെ അറിഞ്ഞയാള്‍.. കമ്യൂണിസ്റ്റ് സഖാക്കള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കണം എന്ന് ഇദ്ദേഹമാണു സഖാവ് അച്യുതാനന്ദനെപ്പോലെയുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.

ഇത്രയും മഹാനുഭാവനായൊരു കമ്യൂണിസ്റ്റുകാരന്‍ കണ്ണൂരില്‍ ഉണ്ടായിട്ടും പി.ശശിയെപ്പോലെ ഒരാള്‍ ഇത്രയും കാലം എങ്ങനെയാണു പാര്‍ട്ടി സെക്രട്ടറിയായ് വിലസിയത് എന്നാണു കണ്ണൂര്‍ സഖാക്കള്‍ ചോദിക്കുന്ന ചോദ്യം ?

തങ്ങളെ മറ്റു സഖാക്കള്‍ക്ക് മുന്നില്‍ നാറ്റിച്ച് കുളമാക്കിയതില്‍ ഇവര്‍ക്കുള്ള പങ്ക് കണ്ണൂര്‍ സഖാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.. ആര്‍.എസ്.എസുകാര്‍ അറിഞ്ഞ കൈക്കരുത്ത് ഇനി ഇവര്‍ക്കും കൂടെ അര്‍ഹതപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങി പലരും നിശ്ശബ്ദരായിരിക്കുന്നു. അപ്പോഴും ഈ മഹാനുഭാവലു ചിലച്ചുകൊണ്ടിരിക്കുന്നു…

താനാണു കമ്യൂണിസ്റ്റുകാരന്‍ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കേരളം അത് കേട്ട് പൊട്ടിച്ചിരിക്കുന്നു.. ഇത്രയും വലിയ തമാശ കേട്ടാല്‍ എങ്ങനാ മാഷേ ചിരിക്കാതിരിക്കുക…
എന്തര് മഹാനു ഭാവലൂ..!

മുറിക്കഷ്ണം..

അച്യുതാന്ദന്‍ സഖാവില്ലാതെ മത്സരിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തോറ്റു തുന്നം പാടുമെന്ന് അറിയാം. എന്നാല്‍ മുതലാളിമാരും മാഫിയായും ആഗ്രഹിക്കുന്നു ഇനി അച്യുതാന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവരുതെന്ന്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ അവരുടെ അവസാനമായിരിക്കും..

അത്തരമൊരു അവസാനം അവര്‍ ആഗ്രഹിക്കുന്നില്ല.. അതിനായ് അവര്‍ എന്ത് കളികളും കളിക്കും..ഏത് വേട്ടാവളിയന്മാരെക്കൊണ്ടും പ്രസ്താവനകള്‍ ഇറക്കും..

മാന്യന്മാരായ ആരും സംസാരിക്കാന്‍ നില്‍ക്കാത്തിടത്ത് ഇത്തരം കോമാളികള്‍ കടന്നു കയറും എന്തും പറയും.. എന്തും ചെയ്യും.. അവര്‍ അറിയുന്നില്ലല്ലോ.. ചാടിക്കളിക്കടാ കുഞ്ഞിരാമാ എന്ന താളത്തിനൊപ്പം കളിക്കുന്നവരെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്ന്…

സൂചിമുന..
അച്യുതാനന്ദന്‍ കേരളത്തിലെ സൂര്യ തേജസാണു. സൂര്യതേജസ്സിനെ ഊതിക്കെടുത്താന്‍ നോക്കിയാല്‍ ആ തേജസിനൊന്നും സംഭവിക്കില്ല.. ഒന്നുകൂടെ ജ്വലിക്കും.. പക്ഷേ ഊതാന്‍ നടക്കുന്നവന്റെ മോന്തപൊള്ളും…!