സൂചി മുന / തുന്നല്‍ക്കാരന്‍..
ഒന്ന്…
കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷയാണു ഒരു സര്‍ക്കാര്‍ ജോലി. അതൊന്നു സംഘടിപ്പിച്ചതിനു ശേഷം ഒന്ന് സുഖിക്കണം എന്നാണു മിക്കവരുടെയും ആത്യാഗ്രഹം. ജോലി കിട്ടുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരെ ചീത്തവിളിക്കും. ജോലി ലഭിച്ചു കഴിഞ്ഞാല്‍ ജനങ്ങളെ ദ്രോഹിക്കാനും തുടങ്ങും. അഴിമതിയുടെ ആദിരൂപങ്ങള്‍ എന്നോ “ആധി” രൂപങ്ങള്‍ എന്നോ ജനങ്ങള്‍ ഇവരെക്കുറിച്ച് വിചാരിക്കുന്നു.
നന്നായി പഠിച്ച് പരീക്ഷയെഴുതി പാസായി അന്തസായി ജോലി ചെയ്യുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി അഴിമതി വീരന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നശ്ശിപ്പിക്കുന്നു.
ജനങ്ങള്‍ക്ക് ചൊറിയണം പോലെയോ നായ്ക്കരണം പൊടിപോലെയോ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ മാറിയെങ്കില്‍ അതിനുത്തരവാദികള്‍ അവര്‍ തന്നെയാണു. സര്‍ക്കാര്‍ കാര്യം മുറ പോലെയെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ എന്നാല്‍ പാവപ്പെട്ടവന്റെ തലയില്‍ നിരങ്ങാന്‍ അനുവാദം ലഭിച്ചവരെന്നും ധരിച്ച് വശായവരെ നിലക്ക് നിര്‍ത്താന്‍ സംഘടനകള്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം..
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന രീതിയില്‍ ജനങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് കൈക്കൂലി നല്‍കുന്നുണ്ടാകാം.. പക്ഷേ, അവര്‍ എന്നും കഴുതകാളെന്നും അവരെക്കൊണ്ട് കാലു നക്കിക്കാമെന്നുമൊക്കെ വിചാരിച്ചാല്‍ ബോധമില്ലാത്ത കഴുതകള്‍ ചിലപ്പോള്‍ നല്ല ചവിട്ട് നല്‍കിയേക്കാം..
കഴുതകള്‍ക്കെതിരെ കേസെടുക്കാന്‍ നിയമം ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് നിങ്ങള്‍ ചാര്‍ത്തിക്കൊടുത്ത “കഴുത”പ്പേരു ഗുണം ചെയ്യും.
എന്തിനാ അനന്തപദ്മനാഭന്‍ നായര്‍ ചേട്ടന്‍ കണ്ണുരുട്ടുന്നത് ? നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരും ജനങ്ങള്‍ ആണെന്നോ ? സമ്മതിച്ചു.. കൈക്കൂലി വാങ്ങുന്നില്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞത് സമ്മതിച്ചു.
രണ്ട്…
സര്‍ക്കാര്‍ ജോലി നേടാന്‍ പരീക്ഷ പോലും എഴുതേണ്ടെന്നും കൈയ്യില്‍ “ചൊള” യുണ്ടെങ്കില്‍ മണിമണിപോലെ ഉദ്യോഗം നേടാമെന്നും ഇപ്പോള്‍ പരസ്യമായ രഹസ്യം. യാതൊരു വിവരവും ഇല്ലാത്തവനും ജനങ്ങളോട് ഉത്തരവാദിത്വബോധമില്ലാത്തവനും സര്‍ക്കാര്‍ ജോലി കാശുകൊടുത്ത് നേടുമ്പോള്‍ ഇവിടെ പരീക്ഷയെഴുതി ജോലി കാത്തിരിക്കുന്ന ചെറുപ്പക്കാരെ നിങ്ങള്‍ ഉടുമുണ്ട് ഉയര്‍ത്തിക്കാണിക്കുന്നതിനു തുല്യമാണിത്. ഇതിനെ അസഭ്യം എന്നല്ലാതെ ജുഗുപ്‌സാവഹം എന്നല്ലാതെ എങ്ങനെയാണു വിശേഷിപ്പിക്കുക.?
എന്തെങ്കിലും പ്രതീക്ഷയില്‍ ജീവിക്കുന്ന ചെറുപ്പക്കാരുടെ വായില്‍ നിങ്ങള്‍ വാരിയിടുന്ന മണ്ണാണിത്.. പാവം ചെറുപ്പക്കാര്‍. ഒരു ജോലി കിട്ടുമ്പോള്‍ പെങ്ങളെ കെട്ടിച്ച് വിടാമെന്നും അമ്മയ്ക്ക് നല്ല ചികില്‍സ നല്‍കാമെന്നും വിചാരിക്കുന്ന ചെറുപ്പക്കാര്‍. അവരുടെ സ്വപ്നങ്ങളുണ്ട് കഴിയുന്ന പെങ്ങന്മാര്‍.. അവരെയാണു നിങ്ങള്‍ ചതിച്ചത്. ഒരിക്കലും മാപ്പില്ലാത്ത തെറ്റ്.
മൂന്ന്…
ചന്ദ്രപ്പന്‍ സഖാവേ, താങ്കളുടെ പാര്‍ട്ടിയിലെ മന്ത്രിയുടെ വകുപ്പിലാണു ഈ പരിപാടി നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം താങ്കള്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കേസില്‍ രാജിവെക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. സര്‍ഗ്ഗാത്മകമായ ഭാഷയില്‍. കേരളം ഇരുകാതുകളും തുറന്നാണു താങ്കളുടെ വാക്കുകള്‍ ശ്രവിച്ചത്..
ആ വാര്‍ത്ത വന്നതിനു പിന്നാലെ ഇത്തരമൊരു അഴിമതിക്കഥ പുറത്തുവന്നുവെങ്കില്‍ കൊന്നത് ആരെന്ന് അന്വേഷിക്കേണ്ട കാര്യമില്ല.. അതിനാല്‍ ഇതിനെ താങ്കള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കാണിച്ച് കൊടുക്കണം.
ഒരു മന്ത്രിയാണോ വലുത് ? നിങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമാണോ പ്രധാനം എന്ന് കാണിച്ചുകൊടുക്കുക.
പറഞ്ഞാല്‍ രാജിവെക്കാത്ത പിണറായി വിജയനെ നിങ്ങളുടെ മന്ത്രിയുടെ രാജിയിലൂടെ ഒരു പാഠം പഠിപ്പിക്കുക..
രാജി വെക്കുക എന്നതും ഒരു രാഷ്ട്രീയമാണെന്നു…!
രാജിയാകല്‍ അല്ലേ കേട്ടോ… അങ്ങനെ എങ്ങാനും ചെയ്യ്താല്‍ താങ്കളുടെ തലയാവും സ്‌കൂള്‍ കുട്ടികള്‍ “ഉപമ” എന്ന അലങ്കാരം പഠിക്കാന്‍ മേലില്‍ ഉപയോഗിക്കുക…
ഒരു കഥ കഥപറയുന്നു…
വെളിയം ഭാര്‍ഗ്ഗവനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ നോക്കിയപ്പോള്‍ അദ്ദേഹം കസേരയില്‍ നിന്നും ഇളകാന്‍ തയ്യാര്‍ അല്ലായിരുന്നു. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ രസാവഹവുമായിരുന്നു.. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുന്നു. ഓര്‍മ്മശക്തിയില്ല…
എന്തായാലും അദ്ദേഹത്തെ മാറ്റി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയാത്ത നല്ല ഓര്‍മ്മശക്തിയുള്ള ശക്തനായ സഖാവ് ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറിയായി…
പാര്‍ട്ടിയുടെ മുഖം മാറുമോ ? അതോ പാര്‍ട്ടി സെക്രട്ടറിയുടെ മുഖം മാറുമോ? എന്ന് കാത്തിരിക്കാം…
സൂചി മുന
വെളിയം സഖാവ് വീട്ടിലിരുന്നു ചിരിക്കുന്നുണ്ടാകും.. ഇവനൊക്കെ പറ്റിയ സെക്രട്ടറി ഞാന്‍ തന്നെയെന്ന്… !
തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍