രാഷ്ട്രീയം മലിനമാകുമ്പോള്‍…
Daily News
രാഷ്ട്രീയം മലിനമാകുമ്പോള്‍…
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2011, 7:47 pm

സൂചിമുന/ തുന്നല്‍ക്കാരന്‍…

ഒന്ന്…

രാഷ്ട്രീയം തെമ്മാടികളുടെ അവസാന ആശ്രയമെന്ന് പറഞ്ഞത് ചര്‍ച്ചിലാണ്. തെമ്മാടി എന്നാല്‍ അത്ര മോശം വാക്കല്ല. അവര്‍ക്കും ഒരു പോളിസി ഉണ്ടായിരിക്കും. ഒരു തെമ്മാടിപ്പോളിസി.എന്നാല്‍ ഇന്നത്തെ രാഷ്ട്രീയക്കാരെ വിശേഷിപ്പിക്കാന്‍ ചര്‍ച്ചിലിനു പുതിയ വാക്ക് കണ്ടെത്തേണ്ടി വന്നേക്കാം. അതില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്യും.

കേരളത്തിലെ മലയോരഗ്രാമത്തില്‍ നിന്നും വന്ന പി.സി ജോര്‍ജ്ജ് പ്രയോഗിക്കുന്ന ഭാഷ ആ നാടിന്റെ ഭാഷയെന്ന് വിചാരിക്കാനാവില്ല. മണ്ണിനോടും മലയോടും മലമ്പാമ്പിനോടും മല്ലടിക്കുന്ന മലയോരക്കര്‍ഷകന്റെ ഭാഷയ്ക്ക് ഒരു ഊര്‍ജ്ജവും താളവും ആര്‍ജ്ജവവുമുണ്ട്. തൂമ്പാ പിടിച്ച് കരുത്ത കൈകളുള്ളതിനാലും അധ്വാനത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനാലും അവര്‍ ആരെയും ക്രൂരമായും വന്യമായും വാക്കുകളാല്‍ ആക്രമിക്കാറുമില്ല. എന്നാല്‍ പി.സി ജോര്‍ജ്ജ് ഉപയോഗിക്കുന്ന ഭാഷ കേരള രാഷ്ട്രീയത്തിന്റെ നിറം കെടുത്തുന്നു. സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും അതില്‍ വല്ലാതെ നീറിപ്പുകയുന്നു. കഴിഞ്ഞുപോയ കാലത്തിന്റെ ഫ്യൂഡല്‍ മധുരസ്മൃതിയിലാണു ജോര്‍ജ്ജ് എന്ന് തോന്നുന്നു. അടിയാളന്മാരായി അടിസ്ഥാന വര്‍ഗ്ഗത്തെ കാണുന്ന വങ്കത്തരം.

കേരളം മാറിയത് ജോര്‍ജ്ജ് അറിഞ്ഞില്ലെങ്കില്‍ അത് അറിയിച്ചു കൊടുക്കാനുള്ള ബാധ്യത കേരളത്തിലെ ഓരോ പ്രബുദ്ധരായ മനുഷ്യനുമുള്ളതാണ്.

പക്ഷേ, ജനാധിപത്യം ജനങ്ങള്‍ക്ക് ആവശ്യമുള്ളവരെ നല്‍കുന്നുവെന്നും പറയാറുണ്ട്… ഇപ്പോള്‍ കേരളത്തിനാവശ്യം പി.സി ജോര്‍ജ്ജും ഗണേശനുമെന്നാവാം ചരിത്ര സാക്ഷ്യം..!

രണ്ട്…

കേരളത്തിലെ മിക്കവാറും രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ അധമമായ ഒരു സംസ്‌ക്കാരവും ഭാഷയും സൂക്ഷിക്കുന്നു. മലയാള സിനിമയിലെ നായകരെപ്പോലെ തെറിവിളിയും അപഹസിക്കലുമായി അവര്‍ നാടു വാഴുന്നു. രാഷ്ട്രീയത്തിന്റെ ആഴമില്ലായ്മയും ആത്മാര്‍ത്ഥതയില്ലായ്മയും അവരില്‍ അനുനിമിഷം പെരുകുന്നു.

ജയരാജനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ചെങ്കൊടിയുമായി ചാടി വീഴുന്ന, വഴിമുടക്കുന്ന ചെറുപ്പക്കാര്‍ അറിയുന്നില്ല…. കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവത്തെ കൈയ്യൊഴിഞ്ഞിട്ട് കാലങ്ങളായിരിക്കുന്നു. അവര്‍ രക്തസാക്ഷികളെ വിട്ടുകളഞ്ഞിരിക്കുന്നു. എല്ലാവിധ വിപ്ലവബോധവും പാര്‍ട്ടിയില്‍ നിന്നും ചോര്‍ത്തിക്കളഞ്ഞവര്‍, ജനാധിപത്യത്തെ അംഗീകരിക്കണം… കോടതികള്‍ പറയുന്നത് അനുസരിക്കണം. കോടതിയോട് മാന്യമായി സംസാരിക്കാന്‍ പഠിക്കണം… അല്ലെങ്കില്‍ ഇതുപോലെ അകത്തു കിടക്കും…

ശുംഭന്‍ എന്നതിനു ശോഭിക്കുന്നവന്‍ എന്ന് അര്‍ത്ഥം നല്‍കേണ്ടി വരും….!

പാര്‍ട്ടി അതിന്റെ വിപ്ലവവീര്യം സൂക്ഷിച്ചിരുന്നുവെങ്കില്‍, ജയരാജന്‍ കോടതിയെ എതിര്‍ക്കുമ്പോള്‍ ഒരു മാന്യതയും സത്യസന്ധതയും ഉണ്ടാകുമായിരുന്നു. ജനാധിപത്യത്തിന്റെ എല്ലാ മൂല്യച്യുതികളെയും അംഗീകരിച്ചുകൊണ്ടും വിട്ടുവീഴ്ച നടത്തിക്കൊണ്ടും സ്വന്തം അണികളെ പറ്റിക്കുന്നൊരു പാര്‍ട്ടിയുടെ നേതാവു മാത്രമാണു ജയരാജന്‍… അത് അദ്ദേഹം മറന്നാലും കോടതി മറക്കില്ല.!

മുന്ന്…

കഴിഞ്ഞു പോയ കാലഘട്ടത്തിലെ ഏറ്റവും തെമ്മാടിയായിരുന്ന രാഷ്ട്രീയ നേതാവു പോലും മാന്യമായൊരു ഭാഷ സൂക്ഷിച്ചിരുന്നു. മാന്യമായ ഭാഷ ഒരാളുടെ ഹൃദയത്തിലേക്കുള്ള വഴിയാണു. ഒരു രാഷ്ട്രീയക്കാരന്‍ ജനങ്ങളുടെ ഹൃദയത്തില്‍ വസിക്കേണ്ടവനുമാണ്. കെ. കരുണാകരനും ഇ.എം.എസും രാഷ്ട്രീയമായി ബദ്ധവൈരികളായിരുന്നപ്പോള്‍ പോലും അവര്‍ ഉപയോഗിച്ച ഭാഷ മാന്യമായിരുന്നു.

മുറിക്കഷ്ണം…

രാഷ്ട്രീയം മാന്യമാണ്. രാഷ്ട്രീയക്കാരന്‍ മാന്യന്‍ അല്ലാതാവുമ്പോള്‍ മാത്രമാണു അത് മോശമാകുന്നത്. ജനങ്ങള്‍ക്ക് വരാനിരിക്കുന്ന കാലത്തിന്റെ വഴികാട്ടിയാവേണ്ടവര്‍, ഏറ്റവും സുന്ദരമായ ആശയങ്ങളാലും വാക്കുകളാലും പ്രശോഭിതരാവണം… ഉള്ളില്‍ നല്ലതുണ്ടെങ്കിലേ നന്മ പുറത്തു വരൂ…റോസാപ്പൂവിനോടല്ലേ റോസ് മണം ആവശ്യപ്പെടാനാവൂ….!

സൂചിമുന…

എന്തായാലും ജയരാജന്റെ ശുംഭന്‍ അത്രയ്ക്ക് ശോഭിച്ചില്ല….! ഇനി പല ശുംഭന്മാരും കോടതി വരാന്തകളില്‍ കാണുമെന്ന് ഏ.കെ ആന്റണി സൂചിപ്പിക്കുമ്പോള്‍………. അത്, ഭരണ വര്‍ഗ്ഗം അതിന്റെ ഭീകരത ആരംഭിച്ചുവെന്നാണതിനര്‍ത്ഥം……… ജാഗ്രതൈ..!

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

വെള്ളക്കാരാം അളിയന്മാര്‍…..

ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍……

മതവിശ്വാസികളെന്ന ചിത്രശലഭങ്ങള്‍…

ശശിവേന്ദ്രാ തിളങ്ങുന്നു നിന്മുഖം ചന്ദ്രനെപ്പോലെ

വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും

വാലുകള്‍ പേച്ചും കാലം…

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…