ഒന്ന്…
സിനിമയും നാടകവും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം അപാരമാണ്. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ചിന്തകളുടെ രൂപീകരണത്തില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് നിസ്തൂലവുമാണ്. സിനിമയും അതിന്റെ പങ്ക് വലിയ തോതില്‍ നിര്‍വ്വഹിക്കുന്നുണ്ട്.
ജോണ്‍ എബ്രഹാമിന്റെ “അമ്മയറിയാന്‍” എന്ന സിനിമ ഇടതുപക്ഷ രാഷ്ട്രീയത്തെ കുടുംബത്തില്‍ നിന്നും സമൂഹത്തിലേക്ക് ഇറക്കിക്കൊണ്ടുവരികയായിരുന്നു ചെയ്യ്തതെങ്കില്‍ ഭരതന്റെ “ഇത്തിരി പൂവേ ചുവന്ന പൂവേ” എന്ന സിനിമ രാഷ്ട്രീയത്തിനെ അമ്മയുടെ കണ്ണീരിലേക്ക് ആവാഹിച്ച് സാമൂഹ്യമായി ഉയര്‍ന്നു വന്നൊരു രാഷ്ട്രീയത്തെ സങ്കുചിതമാക്കി. പിറവിയിലും ഇത്തരമൊരു അവസ്ഥയാണ് ഷാജി.എം കരുണും മുന്നോട്ട് വെക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ “സന്ദേശം” എന്ന സിനിമ രാഷ്ട്രീയം തൊട്ടുകൂടാത്ത ഒന്നെന്ന വികലമായ സന്ദേശമാണു നല്‍കിയത്.
അരാഷ്ടീയ സിനിമകളുടെ പിറവിയിലൂടെ കേരളത്തില്‍ രൂപപ്പെട്ടുവന്നൊരു രാഷ്ട്രീയത്തിന്റെ വില ഇടിച്ചു കാണിക്കാന്‍ ഇതിന്റെ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞു. എല്ലാം അരാഷ്ടീയവല്‍ക്കരിക്കുന്ന നിഗൂഡമായൊരു തന്ത്രം കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ശക്തമാണ്. സിനിമയില്‍ അത് പ്രത്യേകിച്ചും.
അരാഷ്ട്രീയ വല്‍ക്കരണം ഫാസിസത്തിനു അനുകൂലമാക്കി മാറ്റുവാന്‍ കേരളത്തിലെ പല സംവിധായകരും ശ്രമിച്ചു. അതിന്റെ ഫലമായി നായകനെ അമാനുഷികമായ കഴിവുള്ളവനും സവര്‍ണ്ണനുമാക്കി അവതരിപ്പിച്ചു കൈയ്യടി നേടി. ദേവാസുരം, ആറാം തമ്പുരാന്‍, വല്യേട്ടന്‍, നരസിംഹം.. ഇങ്ങനെ സിനിമ ഇടതുപക്ഷ കൈകളില്‍ നിന്നും ഫാസിസ്റ്റ് കരങ്ങളിലേക്ക് എത്തപ്പെട്ടു.
രണ്ട്…
കൃഷ്ണനും രാധയും എന്ന സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ സിനിമയെന്ന് വിളിക്കാന്‍ അദ്ദേഹം അങ്ങനെ പറയുന്നുവെങ്കിലും സാധിക്കുമോയെന്ന് അറിയില്ല . പക്ഷേ സന്തോഷ് ഉയര്‍ത്തുന്ന ധീരമായ ചില ചോദ്യങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല.
ഒരു മുന്‍ പരിചയവും ഇല്ലാതെ അദ്ദേഹം നിര്‍മ്മിച്ച സിനിമ. അതിലെ പാട്ടുകളൊക്കെ ഹിറ്റായി മാറിയിരിക്കുന്നു. സിനിമ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു.
സൂപ്പര്‍ സ്റ്റാറുകളും അവര്‍ക്ക് ഓശാന പാടുന്ന സംവിധായകരും കഴിഞ്ഞ കാലങ്ങളില്‍ മലയാളികളുടെ മുഖത്തടിക്കുകയായിരുന്നു ഞങ്ങള്‍ തരുന്നത് നീയൊക്കെ തിന്നാല്‍ മതിയെന്ന രീതിയില്‍. അവസരം കിട്ടിയപ്പോള്‍ മലയാളികള്‍ അവരുടെയും മുഖത്തടിക്കുന്നു. ഒരു സന്തോഷ് പണ്ഡിറ്റിലൂടെ… !
ഈ സിനിമ നിര്‍മ്മിച്ച സന്തോഷ് പണ്ഡിറ്റിനല്ല ഭ്രാന്ത്. അത് കേരളത്തിനാണ്. ആ ഭ്രാന്ത് തിരിച്ചറിഞ്ഞുവെന്നിടത്താണു സന്തോഷ് വിജയിച്ചത്.
മൂന്ന്…
മലയാളികള്‍ പറ്റിക്കപ്പെടേണ്ടവരാണ്. ഇത്രയും ബുദ്ധിമാന്മാരായവര്‍ ലോകത്തില്‍ ഒരു ഭാഗത്തും ഉണ്ടാവില്ല. ഒരു മുണ്ടും ചുറ്റി ലോകം കീഴടക്കുന്നവര്‍. എല്ലാം അത്രയ്ക്ക് ലാഘവത്തോടെ ചെയ്യുന്നവര്‍.. എന്നാല്‍ അവന്റെ അഹങ്കാരം പലപ്പോഴും ആത്മവിശ്വാസത്തിനും അപ്പുറം പോവുകയും നിരന്തരം കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ആള്‍ദൈവങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാറുകള്‍ക്കും ജ്യോതിഷികള്‍ക്കും ആടു മാഞ്ചിയം ബ്ലേഡുകാരനുമൊക്കെ പറ്റിക്കാനുള്ള ജീവിതമാണ് മലയാളിയുടേത്. അതില്‍ ഒരു പങ്ക് സന്തോഷ് പണ്ഡിറ്റിനും നല്‍കുക. കാരണം അയാള്‍ മുന്‍പറഞ്ഞവരെക്കാളൊക്കെ ഭേദമാണ്.
മുറിക്കഷ്ണം…
സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്ന പ്രേക്ഷകന്‍ സിനിമ കാണുകയല്ല മൂന്നു മണിക്കൂര്‍ അയാളെ ചീത്ത വിളിക്കുകയാണെന്നാണു പൊതു സംസാരം. ഈ ധൈര്യം പ്രേക്ഷകര്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളോട് കാണിക്കുമോ എന്നാണു വരും കാലം കാത്തിരിക്കുന്നത്..! ഫാന്‍സ് അസോസിയേഷനുകളുടെ കൈയ്യടിയ്ക്കപ്പുറം കേരളത്തിലെ ചെറുപ്പക്കാര്‍ പത്തു തെറി മോശം സിനിമകളില്‍ അഭിനയിക്കുന്ന സൂപ്പര്‍ സ്റ്റാറുകളുടെ മുഖത്തു നോക്കി വിളിച്ചാല്‍ മലയാള സിനിമ രക്ഷപ്പെടും..!
സൂചിമുന….
കേരളത്തിനു ആവശ്യമുള്ളത് നല്‍കിയെന്നു സധൈര്യം പറഞ്ഞ സന്തോഷ് പണ്ഡിറ്റിനു പൊയ്മുഖങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു കോട്ട് തുന്നല്‍ക്കാരന്‍ നല്‍കുന്നു..!
തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍
ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍……
മതവിശ്വാസികളെന്ന ചിത്രശലഭങ്ങള്‍…
ശശിവേന്ദ്രാ തിളങ്ങുന്നു നിന്മുഖം ചന്ദ്രനെപ്പോലെ
വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും