വളരെ നന്നാവുമെന്ന് കരുതിയ ആ സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടു, അതെല്ലാം ടി.വിയിൽ കണ്ടപ്പോൾ നല്ലതാണെന്നും പറഞ്ഞു: ജയറാം
Entertainment
വളരെ നന്നാവുമെന്ന് കരുതിയ ആ സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടു, അതെല്ലാം ടി.വിയിൽ കണ്ടപ്പോൾ നല്ലതാണെന്നും പറഞ്ഞു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th January 2024, 9:05 am

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഏവരുടെയും പ്രിയനടനാണ് ജയറാം. പ്രത്യേകിച്ച് കുടുംബപ്രേക്ഷകർക്ക് ഇടയിൽ ജയറാമിനുള്ള സ്വീകാര്യത വളരെ വലുതാണ്.

ഫാമിലി സിനിമകളോടൊപ്പം തന്നെ വ്യത്യസ്ത സിനിമകളും ജയറാം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ പലതും ബോക്സ് ഓഫീസിൽ വേണ്ടപോലെ വിജയം നേടിയിട്ടില്ല.

വളരെ നന്നാവും എന്നു കരുതി എത്രയോ സിനിമകൾ അങ്ങനെയുണ്ടെന്നാണ് ജയറാം പറയുന്നത്. ഓടിയ സിനിമകളെക്കാൾ ഓടാത്ത സിനിമകളാണ് കൂടുതലെന്നും പിന്നീട് ടി. വിയിൽ കണ്ടിട്ട് പലരും അതിനെ കുറിച്ചെല്ലാം നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘വളരെ നന്നാവുമെന്ന് കരുതി ചെയ്ത എത്രയോ സിനിമകൾ അങ്ങനെയുണ്ട്. ഒരു പേര് മാത്രമായി പറയാൻ കഴിയില്ല. കാരണം ഒരുപാടുണ്ട്. ഓടിയ സിനിമകളെക്കാൾ അങ്ങനെ ഓടാത്ത സിനിമകളാണ് എനിക്ക് കൂടുതൽ ഉള്ളത്. പിൽകാലത്ത് ടി.വിയിൽ കണ്ടിട്ട് പലരും നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അന്നത്തെ കാലത്ത് അത് തിയേറ്ററിൽ ഓടിയിട്ടില്ല. അപ്പോഴൊക്കെ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. എന്റെ ‘ശേഷം’ അങ്ങനെയൊരു സിനിമയാണ്.

അന്നത്തെ കാലത്ത് എനിക്കൊരു വിഷമം വന്ന് കഴിഞ്ഞാൽ എനിക്ക് ചെന്ന് പറയാൻ കഴിയുന്ന ഒരാളായിരുന്നു പത്മരാജേട്ടൻ. എനിക്കെന്റെ വളർത്തച്ചനെ പോലെയായിരുന്നു. ഞാൻ അഭിനയിച്ച കേളിയെന്ന സിനിമയുടെ ഷൂട്ട്‌ ഒറ്റപ്പാലത്ത് വെച്ച് നടക്കുമ്പോൾ പപ്പേട്ടൻ എന്നെ കാണാൻ വിളിച്ചിരുന്നു.

അന്നെന്റെ കുറേ സിനിമകൾ പരാജയപ്പെട്ടിരിക്കുന്ന സമയമായിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്,വിഷമിക്കേണ്ടെടാ ഞാൻ അടുത്ത പടം ചെയ്യുന്നത് നിനക്ക് വേണ്ടിയാണ് എന്നായിരുന്നു.

അന്ന് കുറേ നേരം അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു. എന്റെ കണ്ണൊക്കെ നിറഞ്ഞ് പോയി,’ജയറാം പറയുന്നു.

Content Highlight: Jayaram Talk About About his good movies that failed in theaters