Advertisement
Entertainment news
റിലീസിന് ജവാന്‍ നേടിയത് എത്ര? ആദ്യ ദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 08, 04:46 pm
Friday, 8th September 2023, 10:16 pm

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ റിലീസായിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം ആദ്യ ദിനം മികച്ച രീതിയില്‍ തന്നെ തിയേറ്ററുകളില്‍ നടന്നിരുന്നു.

ഷാരൂഖ് ഖാന്റെ മിന്നും പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് സിനിമ കണ്ടവര്‍ പറഞ്ഞിരുന്നു.

മികച്ച മാസ് മസാല ചിത്രമാണ് ജവാന്‍ എന്നും ഒരുപക്ഷെ പത്താന് മുകളില്‍ ചിത്രം കളക്ഷന്‍ നേടിയേക്കുമെന്നാണ് ആദ്യ ഷോ കണ്ടവര്‍ പറഞ്ഞത്.

അച്ഛന്‍-മകന്‍ കഥാപാത്രങ്ങളായി വ്യത്യസ്ത പ്രകടനമാണ് ഷാരൂഖ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. നടി നയന്‍താരക്കും ഒപ്പം വില്ലന്‍ വേഷം അവതരിപ്പിച്ച വിജയ് സേതുപതിക്കും കയ്യടികള്‍ ലഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മാതാക്കള്‍ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ടിരിക്കുന്നത്. 129.6 കോടിയാണ് ചിത്രം ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

ഹിന്ദി സിനിമകളുടെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന ഗ്രോസ് ആണ് ഇത്. പഠാന്റെ 106 കോടി എന്ന റെക്കോര്‍ഡ് ആണ് ഷാരൂഖിന്റെ തന്നെ മറ്റൊരു ചിത്രം ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിളും തമിഴ്നാട്ടിലും വിതരണത്തിനെത്തിച്ചത്.

തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളാണ് തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്തിട്ടുള്ളത്.

ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിലുമുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റെക്കോഡാണ്.

വലിയ താരനിരയില്‍ ഒരുങ്ങിയ ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

Content Highlight: Jawan movie first day collection report