ശ്രീനഗര്‍: ജനങ്ങളുടെ തകര്‍ന്ന വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ കേന്ദ്രം നടത്തിയ യോഗത്തിന് ശേഷമാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
‘ കേന്ദ്രവും കശ്മീരും തമ്മില്‍ വിശ്വാസം തകര്‍ന്നിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിക്കണം, ഇത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്,” ഒമര്‍ അബ്ദുള്ള പറഞ്ഞു.
2019 ല്‍ ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ജമ്മു കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുഃനസ്ഥാപിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞത്.
അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും മോദി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വൈകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് മോദി യോഗത്തില്‍ പറഞ്ഞത്. ജമ്മു കശ്മീരില്‍ ജനാധിപത്യം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മോദി പറഞ്ഞു.