Kashmir Turmoil
പതാക ശാശ്വതമായി നീക്കം ചെയ്യുന്നതിനുള്ള വിജ്ഞാപനം ഉടന്‍; ഔദ്യോഗിക വാഹനത്തില്‍ നിന്നും ജമ്മുകശ്മീര്‍ പതാക നീക്കം ചെയ്ത് നിര്‍മ്മല്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 07, 03:13 pm
Wednesday, 7th August 2019, 8:43 pm

 

ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനപതാകയും ഉടന്‍ നീക്കം ചെയ്യും.
ശ്രീനഗറിലെ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ത്രിവര്‍ണ്ണപതാകയോടൊപ്പം സംസ്ഥാനത്തിന്റെ പതാക ഇപ്പോഴും കാണുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

1931 ലെ കശ്മീര്‍ പ്രക്ഷോഭത്തിന്റെ ഫലമായുണ്ടായ രക്തചൊരിച്ചിലിനെ പ്രതിനിധീകരിക്കുന്നതാണ് ചുവപ്പ് നിറത്തിലുള്ള പതാക.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം ദേശീയ പതാകയ്ക്കൊപ്പം ജമ്മുകശ്മീരിന് സ്വന്തം പതാകയും ഉയര്‍ത്താന്‍ അനുവാദമുണ്ട്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പതാകയും നീക്കം ചെയ്യേണ്ടിവരും.

ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കര്‍ നിര്‍മ്മല്‍ സിംഗ് ചൊവ്വാഴ്ച ഔദ്യോഗിക വാഹനത്തില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തിരുന്നു. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഞാന്‍ ഇന്നലെ ഔദ്യോഗിക വാഹനത്തില്‍ നിന്നും സംസ്ഥാനത്തിന്റെ പതാക നീക്കം ചെയ്തു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പി.ഡി.പി-ബി.ജെ.പി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.

സംസ്ഥാന പതാക നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിന് പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയുമുണ്ട്. 1952 ജൂണ്‍ 7 ന് ജമ്മുകശ്മീരിലെ ഭരണഘടനാ അസംബ്ലി സംസ്ഥാനത്തിന് പ്രത്യേക പതാക പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ അരുണ്‍ കന്‍ഡ്രോ പ്രതികരിച്ചു.