2025 IPL
ഹിറ്റില്‍ ഹിറ്റായി 'ഹിറ്റ്മാന്‍'; തൂക്കിയടിച്ച റെക്കോഡ് പറയും ഇങ്ങേരുടെ പവര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 03:42 am
Thursday, 24th April 2025, 9:12 am

ഐ.പി.എല്ലല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം.

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തില്‍ മുംബൈ മറികടക്കുകയായിരുന്നു.

46 പന്ത് നേരിട്ട് 70 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്. സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ രോഹിത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ വമ്പന്‍ ഹിറ്റ് ഷോട്ടുകളിലൂടെ രോഹിത് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകരും.

മാത്രമല്ല ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും മത്സരത്തില്‍ രോഹിത്തിന് സാധിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതാവാനാണ് രോഹിത്തിന് സാധിച്ചത്. മുംബൈ ഇന്ത്യന്‍സ് ഇതിഹാസവും ബാറ്റിങ് പരിശീലകനുമായ കെയ്റോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് രോഹിത് ഈ നേട്ടത്തില്‍ ഒന്നാമനായത്.

മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍, സിക്സര്‍ എന്നീ ക്രമത്തില്‍

രോഹിത് ശര്‍മ – 259*

കെയ്റോണ്‍ പൊള്ളാര്‍ഡ് – 258

സൂര്യകുമാര്‍ യാദവ് – 127

ഹര്‍ദിക് പാണ്ഡ്യ – 115

ഇഷാന്‍ കിഷന്‍ – 106

നിലവില്‍ ഐ.പി.എല്ലില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സാണ് രോഹിത് നേടിയത്. 76* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 32.57 ആവറേജും താരത്തിനുണ്ട്.

മത്സരത്തില്‍ മുംബൈക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ട്രെന്റ് ബോള്‍ട്ടാണ്. നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. ദീപക് ചാഹര്‍ നാല് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്.

സീസണില്‍ സണ്‍റൈസേഴ്സിനെതിരായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

Content Highlight: IPL 2025: Rohit Sharma In Great Record Achievement For Mumbai Indians