ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. വിഷയം ഗുരുതരമാണെന്നും സമയമെടുത്ത് തന്നെ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പൊലീസ് എന്‍കൗണ്ടറുകളില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ഫെബ്രുവരി 12ന് പരിഗണിക്കും.
യു.പി സര്‍ക്കാരിന് വിഷയത്തില്‍ സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം 1300 എന്‍കൗണ്ടറുകളാണ് യു.പി പൊലീസ് നടത്തിയത്. 44 പേരാണ് കൊസപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3124 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
യോഗി സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഐക്യരാഷ്ട്രസഭയും കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് നടന്ന 15ഓളം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനുഷ്യാവകാശ വിദഗ്ദര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും, മുസ്ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇതില്‍ കൂടുതലായും ഇരകളായതെന്നും യു.എന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കത്തിന് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും യു.എന്‍ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെയാണ് ഇത് സംഭവിക്കുന്നതെന്നും, എന്‍കൗണ്ടറിന്റെ ഇടയിലും ആത്മരക്ഷാര്‍ത്ഥവുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ് പൊലീസിന്റെ ന്യായീകരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. “ഈ സംഭവങ്ങളുടെ മാതൃകയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്, കൊല്ലപ്പെടുന്നതിന് മുമ്പ് ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. മൃതദേഹങ്ങളില്‍ പീഢിപ്പിക്കപ്പെട്ടതിന്റെ പാടുകളും കാണാം”- യു.എന്‍ വിദഗ്ദര്‍ പറയുന്നു.