ന്യൂദല്‍ഹി: ഐ.ടി നിയമം ദുരുപയോഗം ചെയ്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 79(3)ന്റെ ദുരുപയോഗത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിലാണ് കമ്പനി ഹരജി ഫയല്‍ ചെയ്തത്.
ഐ.ടി നിയമത്തിലെ പ്രത്യേകിച്ച് സെക്ഷന്‍ 79(3)(ബി) ഉപയോഗിച്ച് സര്‍ക്കാര്‍ നിയമവിരുദ്ധമായി ഉള്ളടക്ക നിയന്ത്രണവും ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തുവെന്ന് കമ്പനി ഹരജിയില്‍ ആരോപിക്കുന്നുണ്ട്. ഈ വിഷയത്തില്‍ കമ്പനി ആശങ്കയും പ്രകടിപ്പിക്കുകയുണ്ടായി.
ഇത്തരം നിയമങ്ങള്‍ സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും ഓണ്‍ലൈനിലെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ ദുര്‍ബലപ്പെടുത്തുമെന്നും എക്സിന്റെ ഹരജിയില്‍ പറയുന്നു.
സര്‍ക്കാരിന്റെ ഈ സമീപനം 2015ല്‍ ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണെന്നും കമ്പനി അവകാശപ്പെട്ടു. ശരിയായ ജുഡീഷ്യല്‍ നടപടികളിലൂടെയോ അല്ലെങ്കില്‍ സെക്ഷന്‍ 69എ പ്രകാരം നിയമപരമായി നിര്‍വചിക്കപ്പെട്ട മാര്‍ഗത്തിലൂടെയോ മാത്രമേ ഉള്ളടക്കം ബ്ലോക്ക് ചെയ്യാന്‍ കഴിയൂ എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
ഐ.ടി നിയമത്തിലെ സെക്ഷന്‍ 79(3)(എ) പ്രകാരം കോടതി ഉത്തരവോ സര്‍ക്കാര്‍ വിജ്ഞാപനമോ ലഭിക്കുക്കുമ്പോള്‍ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലും പ്ലാറ്റ്ഫോം 36 മണിക്കൂറിനുള്ളില്‍ ഇത് പാലിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരും.
ഐ.ടി നിയമത്തിലെ സെക്ഷന്‍ 69എ പ്രകാരം, ദേശീയ സുരക്ഷയ്‌ക്കോ പരമാധികാരത്തിനോ, പൊതു ക്രമത്തിനോ ഭീഷണിയാണെന്ന് കരുതുന്ന പക്ഷം, ഡിജിറ്റല്‍ ഉള്ളടക്കത്തിലേക്കുള്ള പൊതുജനങ്ങളുടെ ആക്സസ് തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പൊതുജനങ്ങളുടെ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിനുള്ള നിയമങ്ങള്‍ക്ക് എതിരാണെന്നും എക്‌സിന്റെ ഹരജിയില്‍ പറയുന്നു.
അതിനാല്‍ ഇത്തരം ഉള്ളടക്കങ്ങള്‍ തടയാന്‍ തീരുമാനിക്കുന്നതിന് പകരം കൃത്യമായ അവലോകനം നടത്തണം. ഈ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനുപകരം, സര്‍ക്കാര്‍ സെക്ഷന്‍ 79(3)(ബി) ഒരു കുറുക്കുവഴിയായി ഉപയോഗിക്കുന്നുവെന്നും, ആവശ്യമായ പരിശോധന കൂടാതെ ഉള്ളടക്കം നീക്കം ചെയ്യാന്‍ അനുവദിക്കുന്നുവെന്നും എക്‌സ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Content Highlight: IT Act misused to enforce censorship; X filed Case against Centre