തിരുവനന്തപുരം: ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും വലിയ ഒരു കുടുംബമാണ് ബി.ജെ.പിയെന്നും നദ്ദ പറഞ്ഞു. പാര്‍ട്ടിയിലെ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന നേതൃത്വവുമായി ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. വെള്ളിയാഴ്ച തൃശ്ശൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാനസമിതി യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ജെ.പി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭാ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളാണ് ശോഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് വി.മുരളീധരനും കോന്നിയില്‍ കെ.സുരേന്ദ്രനും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ.സുരേന്ദ്രന്‍ അവിടത്തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്ന ശോഭ മത്സരിച്ചാല്‍ വോട്ട് കുറയുമെന്നാണ് മുരളീധരന്റെ പക്ഷം പറയുന്നത്.
ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും പങ്കെടുക്കാത്തതിന് കാരണമില്ലെന്നും നേരത്തേ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു.
അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക