ആശുപത്രിയിൽ ഭക്ഷണത്തിന് വരിനിൽക്കുകയായിരുന്ന ഫലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രഈൽ
World News
ആശുപത്രിയിൽ ഭക്ഷണത്തിന് വരിനിൽക്കുകയായിരുന്ന ഫലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th January 2024, 8:15 am

ഗസ: ഗസയിലെ ഖാൻ യൂനിസിൽ ഭക്ഷണത്തിനായി വരിനിൽക്കുകയായിരുന്ന ഫലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രഈൽ.

ഖാൻ യൂനിസിലെ ആശുപത്രി പരിസരത്ത് ആഹാരത്തിനായി വരിനിൽക്കുകയായിരുന്ന ആയിരത്തോളം പേർക്കിടയിൽ നടത്തിയ ബോംബാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു

ബോംബാക്രമണത്തിൽ പരിക്കേറ്റവരെ അൽ ശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ ആവശ്യമായ വൈദ്യ സാമഗ്രികളൊന്നുമില്ല. ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇതിനാൽ മരണ സംഖ്യ ഇനിയും കൂടുവാൻ സാധ്യതയുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖാൻ യൂനിസിൽ അവശേഷിക്കുന്ന ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും ഷെല്ലാക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്രഈൽ. ആശുപത്രികളിൽ അനസ്തേഷ്യക്കുള്ള മരുന്നും വേദന സംഹാരികളും ഭക്ഷണവുമില്ലെന്നാണ് ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

ഖാൻ യൂനിസിലും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാസർ, അൽ അമൽ ആശുപത്രികളിൽ ഇസ്രഈൽ തുടർച്ചയായി ഷെല്ലാക്രമണം നടത്തുകയാണെന്നും മെഡിക്കൽ ടീമും രോഗികളും അഭയാർത്ഥികളും ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

ഇസ്രഈലിന്റെ ആക്രമണം കാരണം പരിക്കേറ്റവരെ സമീപിക്കാനോ കൊല്ലപ്പെട്ടവരുടെ മൃതദേഹം എടുത്തുമാറ്റാനോ സാധിക്കുന്നില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഖാൻ യൂനിസിൽ മാത്രം 50 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രഈലി ആക്രമണത്തിൽ ഇതുവരെ 25,900 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 64,110 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Content Highlight: Israeli tank shelling kills dozens of Palestinians lining up for food in Khan Younis