അന്ന് ഇറാഖിലെ കൂട്ടനശീകരണായുധം, ഇന്ന് ഗസയില്‍ അല്‍ ഷിഫ ആശുപത്രിയില്‍ സൈനികത്താവളം; ആക്രമണത്തിനായുള്ള നുണകള്‍
World News
അന്ന് ഇറാഖിലെ കൂട്ടനശീകരണായുധം, ഇന്ന് ഗസയില്‍ അല്‍ ഷിഫ ആശുപത്രിയില്‍ സൈനികത്താവളം; ആക്രമണത്തിനായുള്ള നുണകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2023, 5:31 pm

ന്യൂയോർക്ക്: ഗസയിലെ അല്‍ ഷിഫ ആശുപത്രി ഹമാസിന്റെ താവളമായിരുവെന്ന ഇസ്രഈലിന്റെ അവകാശവാദം പൊള്ളയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ്.  ഫലസ്തീനിലെ സായുധ സേനയായ ഹമാസ് ആശുപത്രിയെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായി ഉപയോഗിച്ചിരുന്നുവെന്ന ഇസ്രഈല്‍ ഭരണകൂടത്തിന്റെ പ്രചാരണത്തില്‍ തെളിവുകള്‍ ഒന്നുമില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കി.

നഗരത്തിലെ അഞ്ച് ആശുപത്രി കെട്ടിടങ്ങള്‍ ഹമാസ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായിരുന്നുവെന്നും റോക്കറ്റ് ആക്രമണങ്ങള്‍ നടത്താനും സൈനികരെ നയിക്കാനും ഹമാസ് ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക് മുകളിലാണ് ആശുപത്രി കെട്ടിടം നില്‍ക്കുന്നതെന്നായിരുന്നു ഇസ്രഈലിന്റെ പ്രധാന വാദം.

ആശുപത്രിയുടെ വാര്‍ഡുകള്‍ക്കുള്ളില്‍ നിന്ന് തുരങ്കങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ഡാനിയല്‍ ഹഗാരി ഉന്നയിച്ചിരുന്നു. കൂടാതെ അല്‍ ഷിഫ ആശുപത്രി താവളമാക്കികൊണ്ട് ഹമാസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഡാനിയല്‍ ഹഗാരി കണ്ടെത്തിയ ആശുപത്രി കെട്ടിടങ്ങള്‍ ഭൂഗര്‍ഭ തുരങ്കങ്ങളുമായി ബന്ധിപ്പിച്ചതിന് തെളിവുകളൊന്നുമില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം തുരങ്കങ്ങളുമായി ബന്ധിപ്പിച്ച മുറികള്‍ ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്ന എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓപ്പണ്‍ സോഴ്സ് ദൃശ്യങ്ങള്‍, സാറ്റലൈറ്റ് ചിത്രങ്ങള്‍, ഐ.ഡി.എഫ് ഡോക്യുമെന്റേഷനുകള്‍ തുടങ്ങിയവ വിശകലനം ചെയ്തതിലൂടെ ഇസ്രഈലിന്റെ അവകാശവാദങ്ങള്‍ എല്ലാം വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് വാഷിങ്ടണ്‍ പോസ്റ്റ്.

വാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയുമോയെന്ന മാധ്യമസ്ഥാപനത്തിന്റെ ചോദ്യത്തിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഐ.ഡി.എഫ് വക്താവ് പറഞ്ഞു.

ഇസ്രഈലി പൗരന്മാരെ ഈ തുരങ്കങ്ങളിലാണ് ബന്ദികളാക്കിയതെന്ന് ആരോപിച്ച് അല്‍ ഷിഫ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ സൈന്യം വ്യാപകമായി ആക്രമണം നടത്തിയുരുന്നു. ഹമാസ് നേതാക്കള്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ഇസ്രഈല്‍ റെയ്ഡും നടത്തിയിരുന്നു. ഇസ്രഈല്‍ റെയ്ഡ് നടത്തിയ ദിവസങ്ങളില്‍ നാല് മാസം തികയാത്ത കുഞ്ഞുങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 40ലധികം രോഗികളും മരിച്ചിരുന്നതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.

അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തില്‍ ശുദ്ധജലം, ഇന്ധനം, മറ്റു അവശ്യവസ്തുക്കള്‍ എന്നിവയുടെ ദൗര്‍ലഭ്യം കാരണം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുവെന്നും അല്‍ ഷിഫ ആശുപത്രി ‘മരണ മേഖല’ ആയെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

അതേസമയം അല്‍ ഷിഫ ആശുപത്രിയും ഹമാസും ഇസ്രഈല്‍ വാദങ്ങളെ പൂര്‍ണമായും നിരസിച്ചിരുന്നു. ഇസ്രഈലിന്റ വാദങ്ങള്‍ക്ക് സമാനമായി രാജ്യത്ത് കൂട്ടനശീകരണ ആയുധങ്ങളും ജൈവികായുധങ്ങളും ഉണ്ടെന്ന് ആരോപിച്ച് അമേരിക്ക ഇറാഖിന് നേരെ വിവേചനപരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തിന് ശേഷം തങ്ങളുടെ വാദങ്ങളെ ശരിവെക്കുന്ന തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നും യു.എസ് പറഞ്ഞിരുന്നു.

ഇറാഖിലെ സദ്ദാം ഹുസൈന്റെ ഏകാധിപത്യവും ഇസ്‌ലാമിക ഭീകരതയുമാണ് ആക്രമണത്തിന് കാരണമായതെന്നും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷ് പറഞ്ഞിരുന്നു. തീവ്രവാദം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും യുദ്ധക്കാലത്ത് ജോര്‍ജ്ജ് ബുഷ് വാദിച്ചിരുന്നു.

ഇറാഖ് ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരമുള്ള കണക്കുകളനുസരിച്ച് 2003 മുതല്‍ 2006 വരെ 151,000 അക്രമ മരണങ്ങള്‍ മുതല്‍ 1,033,000 അധിക മരണങ്ങള്‍ വരെ ഇറാഖില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തില്‍ രാജ്യത്തെ പ്രധാന ചരിത മ്യൂസിയങ്ങള്‍, പവര്‍ പ്ലാന്റുകള്‍, പൊതു ജല സൗകര്യങ്ങള്‍, റിഫൈനറികള്‍, പാലങ്ങള്‍, മറ്റ് സിവിലിയന്‍ ഘടനകള്‍ എല്ലാം നശിക്കുകയായുണ്ടായി. യു.എസിന്റെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ജെ.ഡി.എ.എമ്മുകളും ഇറാഖിലെ റിപ്പബ്ലിക്കന്‍ കൊട്ടാരം ഒഴികെയുള്ള മുഴുവന്‍ പ്രദേശത്തെയും ബാധിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികളില്‍ ഒന്നായ അല്‍ ഷിഫക്ക് നേരെ അതിക്രൂരമായ ആക്രമണം നടത്തിയാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാവാനിടയുള്ള പ്രക്ഷോഭങ്ങളെ മറയ്ക്കാണ് ഇസ്രഈല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു. ഗസയിലെ ഫലസ്തീനികളെ നിര്‍ബന്ധപൂര്‍വം കുടിയിറക്കാനുള്ള ഇസ്രഈലിന്റെ തന്ത്രം കൂടിയാണ് ഈ വാദങ്ങള്‍.

Content Highlight: Israel’s claim that Al Shifa hospital was a base for Hamas is false, Washington Post