ആദ്യം അല്‍- അഖ്‌സ പള്ളിയിലെ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ മാനിക്കാന്‍ പഠിക്കൂ; ഇസ്രഈലിനോട് ജോര്‍ദാന്‍ രാജാവ്; റമസാന് മുന്നോടിയായി ചര്‍ച്ച
World News
ആദ്യം അല്‍- അഖ്‌സ പള്ളിയിലെ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ മാനിക്കാന്‍ പഠിക്കൂ; ഇസ്രഈലിനോട് ജോര്‍ദാന്‍ രാജാവ്; റമസാന് മുന്നോടിയായി ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2022, 8:08 am

അമ്മന്‍: മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ഇസ്രഈലിനോട് ജോര്‍ദാന്റെ അബ്ദുല്ല രാജാവ്.

കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച ജോര്‍ദാന്‍ രാജാവിന്റെ പരാമര്‍ശം. അല്‍-അഖ്‌സ പള്ളിയുടെ പരിസരത്തെ ഫലസ്തീന്‍ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ ഇസ്രഈല്‍ അംഗീകരിക്കണമെന്നാണ് അബ്ദുല്ല രാജാവ് പറഞ്ഞത്.

ഇസ്രഈലി പ്രതിരോധ മന്ത്രി ബെന്നി ഗാന്‍ട്‌സുമായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു പ്രതികരണം.

ഇസ്‌ലാമിക വിശ്വാസപ്രകാരം പുണ്യ മാസമായ റമസാന് മുന്നോടിയായി, ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും സംയുകത്മായി മുന്‍കയ്യെടുത്താണ് ചര്‍ച്ച നടത്തുന്നത്.

”പ്രദേശത്ത് സമാധാനം നടപ്പിലാകണമെങ്കില്‍, പുണ്യസ്ഥലമായ അല്‍- അഖ്‌സ പള്ളിയില്‍ തങ്ങളുടെ മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാനുള്ള മുസ്‌ലിങ്ങളുടെ അവകാശത്തെ ഇസ്രഈല്‍ ബഹുമാനിക്കേണ്ടതുണ്ട്,” എന്ന് കൂടിക്കാഴ്ചയില്‍ ജോര്‍ദാന്‍ രാജാവ് പറഞ്ഞതായി അദ്ദേഹത്തിന്റെ വൃത്തങ്ങള്‍ പ്രതികരിച്ചു.

ഇസ്രഈലില്‍ വെച്ച് നടന്ന രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ശേഷമാണ് ഇപ്പോള്‍ ജോര്‍ദാനില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്.

എന്നാല്‍ ഫലസ്തീന്‍ പ്രതിനിധികള്‍ക്ക് ഉച്ചകോടിയിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചകോടിക്കായി ഇസ്രഈലിലെത്തിയ ജോര്‍ദാന്‍ രാജാവ് അധിനിവേശ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുകയും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ജോര്‍ദാന്‍ രാജാവ് ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

അധിനിവേശ കിഴക്കന്‍ ജറുസലേമിലാണ് അല്‍-അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഫലസ്തീന്‍ പൗരന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് ഇസ്രഈലി അതോറിറ്റി.

നീക്കത്തിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

2022 പകുതിയോടു കൂടി ജൂതര്‍ക്ക് വേണ്ടി 1.4 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ശ്മശാനത്തെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക.

Content Highlight: Israel must respect Muslim rights at Al-Aqsa, Jordan’s King Abdulla stands for Palestine