ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഹിറ്റ്‌ലറുടെ അര്‍ദ്ധ സൈനിക വിഭാഗമായ എസ്.എസുമായി (ഷട്‌സ്സ്റ്റാഫല്‍) മോദിയുടെ ആര്‍.എസ്.എസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിക്കുന്ന ഒരു എഫ്.ബി പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്.
പോസ്റ്റിന് താഴെ രണ്ട് വലതുപക്ഷ സംഘടനകളുടേയും സാമ്യതകള്‍ കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
ഫാസിസ്റ്റ് യൂറോപ്പിന്റെ അതേ മാതൃകകയിലാണ് ആര്‍.എസ്.എസ് സ്ഥാപിതമായതെന്ന് ഒരാള്‍ കമന്റ് ചെയ്തു. സന്ദര്‍ഭം, സംസ്‌കാരം, ചരിത്രം എന്നിവ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. രണ്ടും മിത്തോളജികളെ അടിസ്ഥാനമാക്കിയാണ് ലോകത്തെക്കുറിച്ചുള്ള വീക്ഷണം കെട്ടിപ്പടുക്കുന്നത്. ഹിറ്റ്ലറിനത് വംശീയതയോടുള്ള അമിത ആഭിമുഖ്യമാണെങ്കില്‍, ആര്‍.എസ്.എസിനത് ഹിന്ദുമതത്തിന്റെ ശ്രേഷ്ഠതയാണെന്നും കമന്റില്‍ പറയുന്നു.
ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷം സൃഷ്ടിച്ചുകൊണ്ടാണ് രണ്ട് പേരും പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു ഫേസ്ബുക്ക് ഉപഭോക്താവ് കുറിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന് ജര്‍മന്‍ അറിയില്ലെന്നും ഒരിക്കലും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും രണ്ടിലും എസ്.എസ് എന്ന അക്ഷരങ്ങള്‍ ഉണ്ടെന്നതും സാമ്യതയാണ് തുടങ്ങിയ രസകരമായ കമന്റുകളുമുണ്ട്.
അതേസമയം ആനന്ദ് പട്‌വര്‍ധനെ വിമര്‍ശിച്ചും കമന്റുകളുണ്ട്. നെഗറ്റീവ് പ്രചാരണം ഇനി നടക്കില്ലെന്നും 80-കളിലെ മാനസികാവസ്ഥയില്‍ അദ്ദേഹം നിശ്ചലനാണെന്നും വിമര്‍ശിച്ചവരുണ്ട്. വിവിധ ക്ഷേമ പരിപാടികളിലൂടെയും സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരാണ് ആര്‍.എസ്.എസുകാരെന്ന് വാദിക്കുന്നവരുമുണ്ട്.
ബാബരി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട ആനന്ദ് പട്‌വര്‍ധന്റെ ‘രാം കെ നാം’ ഡോക്യുമെന്ററി ഏറെ വിവാദമായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ രാം കെ നാം, രാമജന്മഭൂമി മുന്നേറ്റത്തെയാണ് ചിത്രീകരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകളും ഈ ചിത്രം വിശദമായി അവലോകനം ചെയ്തിരുന്നു.
നിരവധി തവണ സെന്‍സര്‍ഷിപ്പിന് വിധേയമായ ഡോക്യുമെന്ററി 1996ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
രണ്ടാംലോകമഹായുദ്ധ കാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുടെ കീഴില്‍ ജര്‍മനിയിലും ജര്‍മന്‍ അധിനിവേശ യൂറോപ്പിലുടനീളം പ്രവര്‍ത്തിച്ച അര്‍ദ്ധസൈനിക സംഘടനയാണ് എസ്.എസ്. 1925ലാണ് ഇത് സ്ഥാപിതമായത്.
Content Highlight: Is there any similarity between Modi’s RSS and Hitler’s SS? Anand Patwardhan’s post sparks debate