Entertainment news
ഇനി എങ്ങാനും വരുമോ 'നെല്‍സണ്‍ സിനിമാറ്റിക്ക് യൂണിവേഴ്സ്'; ചൂടുപിടിച്ച് ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 28, 04:29 pm
Friday, 28th July 2023, 9:59 pm

നെല്‍സണ്‍ ദിലീപ്കുമാര്‍ രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജയ്‌ലര്‍. ഓഗസ്റ്റ് 10ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലും
ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ ജയ്‌ലറിനെ പറ്റിയുള്ള ഒരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജയിലറിലൂടെ നെല്‍സണ്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സ് തുറക്കുമോ എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇത് സാധൂകരിക്കുന്ന ചില തെളിവുകളും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു. നേരത്തെ വിക്രം എന്ന കമല്‍ഹാസന്‍ ചിത്രത്തിലൂടെ ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിന് തുടക്കമിട്ടിരുന്നു. അന്ന് വിക്രമിന്റെതായി ലോകേഷ് പുറത്തുവിട്ട പോസ്റ്ററിനോട് സാമ്യത തോന്നിപ്പിക്കുന്ന തരം പോസ്റ്ററുകളാണ് നെല്‍സണും ജയിലറിന്റെ പേരില്‍ പുറത്തുവിടുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

ബീസ്റ്റില്‍ നിന്ന് വീരരാഘവനാണോ ഇനി അതല്ല ഡോക്ടറില്‍ നിന്ന് ശിവകാര്‍ത്തികേയനാണോ ജയിലറില്‍ എത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്തായാലും യൂണിവേഴ്‌സ് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനി എത്തുന്നത്.

സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെല്‍സന്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറില്‍ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇന്‍ഡിപെന്‍ഡന്‍സ് ദിന വിക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.

Content Highlight: Is Nelson Dilipkumar is going to open cinematic universe through jailer social media  debates are going on