ഓരോ മിനിറ്റും ആകാംക്ഷയുടെയും പേടിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചിത്രം, ആരാണ് സത്യം ആരാണ് കള്ളം എന്ന് കഥാപാത്രങ്ങള്‍ക്കൊപ്പം കാണുന്നവനെ കൊണ്ടും ചിന്തിപ്പിക്കുന്ന ചിത്രം, വെറും മൂന്നേ മൂന്ന് കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയിരിക്കുന്ന തരക്കേടില്ലാത്ത ഒരു സൈക്കോ ത്രില്ലറാണ് ഇരുള്‍. പക്ഷെ ചില പെര്‍ഫോമന്‍സുകളും ചില സീനുകളും ഹോളിവുഡ് ചിത്രങ്ങളിലെ ആവര്‍ത്തന വിരസമായ പ്ലോട്ട് സെറ്റിംഗും കല്ലുകടിയായില്ല എന്ന് പറയാനാകില്ല.
മലയാള സിനിമയില്‍ അടുത്ത കാലത്തായി സീരിയല്‍ കില്ലര്‍മാരെ പ്രമേയമാക്കിയെത്തുന്ന ത്രില്ലറുകള്‍ വരുന്നുണ്ടെങ്കിലും (മെമ്മറീസ്, അഞ്ചാം പാതിര, ഫോറന്‍സിക് അങ്ങനെ ഒരുപിടി ചിത്രങ്ങള്‍ ) ഈ ചിത്രങ്ങളെല്ലാം ഒരു പൊലീസ് കുറ്റാന്വേഷണ സ്വഭാവത്തിലുള്ളതാണെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകനെ നേരിട്ട് കണ്‍ഫ്യൂസ്ഡ് ആക്കുന്ന സൈക്കോ ത്രില്ലറെന്ന് തന്നെ വിളിക്കാന്‍ പറ്റുന്ന ചിത്രമാണ് ഇരുള്‍.
ഡ്രമാറ്റികായി തന്നെയാണ് ചിത്രത്തിന്റെ പ്ലോട്ടും ഡയലോഗുകളും ജോമോന്‍ ടി ജോണിന്റെ ക്യാമറയുമെല്ലാം. വീട്ടിനുള്ളിലെ മെഴുകുതിരികളും എണ്ണഛായ ചിത്രങ്ങളും ഗോവണിപ്പടികളുമടങ്ങുന്ന ആര്‍ട്ട് വര്‍ക്കുകളും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുമെല്ലാം ഈ ഡ്രമാറ്റിക് ടോണിലേക്ക് ചേര്‍ന്നു നില്‍ക്കുന്നു.
ചിത്രത്തിലെ ആദ്യ ഭാഗത്ത് ദര്‍ശനയും ഫഹദും സൗബിനും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കട്ട് ഇല്ലാതെ ക്യാമറ ചലിക്കുന്നത് ഈ ഡ്രാമ ടോണിനെ പൂര്‍ണ്ണമാക്കുന്ന ഘടകമാണ്.
തുടക്കം മുതല്‍ തന്നെ ചിത്രത്തിന്റെ ഡാര്‍ക് മൂഡ് സംവിധായകന്‍ സെറ്റ് ചെയ്യുന്നുണ്ട്. ടൈറ്റില്‍ എഴുതുന്ന ഭാഗമെത്തുമ്പോള്‍ ചിത്രം പൂര്‍ണ്ണമായും ആ ടോണിലേക്ക് മാറിക്കഴിയും. മൂന്ന് പേരും ഒരു വീടും ഒരു രാത്രിയും മാത്രമുള്ള ചിത്രം ഒന്നര മണിക്കൂറോളം ബോറടിപ്പിക്കാതെ പിടിച്ചു നിര്‍ത്തുന്നുണ്ട്.
ആരാണ് സത്യം പറയുന്നതെന്നും ആരാണ് കള്ളം പറയുന്നതെന്നുമുള്ള വലിയ ഡിലേമയില്‍ പെട്ടുപോകുന്ന ചിത്രത്തിലെ ദര്‍ശനയുടെ കഥാപാത്രമായ അര്‍ച്ചനയുടെ അവസ്ഥയില്‍ തന്നെയാണ് കാണുന്നവരും. സിനിമയില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുന്ന സമയത്തും പ്രേക്ഷകന്‍ സൗബിന്റെയും ഫഹദിന്റെയും കഥാപാത്രങ്ങളുടെ ആക്ഷന്‍സും ഡയലോഗുകളും വിശകലനം ചെയ്ത് തങ്ങളുടേതായ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും.
പ്രധാനമായും കഥാപാത്രങ്ങളിലൂടെ തന്നെ കഥ പറയുന്ന ഇരുളില്‍ മൂന്ന് പേരുടെയും പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലാകുന്നത്. ഒരു ‘ടിപ്പിക്കല്‍ ഫഹദ് ഫാസില്‍’ എന്ന് തോന്നുന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ ഫഹദ് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ രണ്ട് രീതിയില്‍ ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് രീതിയിലും ഫഹദില്‍ നിന്നും പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ തന്നെ വളരെ കണ്‍വിന്‍സിങ്ങായി തന്റെ കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നുണ്ട്.
ഒരു തികഞ്ഞ പ്രൊഫഷണലായ, തീരുമാനങ്ങളെടുക്കാന്‍ മടിയില്ലാത്ത അര്‍ച്ചന എന്ന കഥാപാത്രമായിട്ടാണ് ദര്‍ശന രാജേന്ദ്രന്‍ ഇരുളിലെത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ വളരെ അപകടം നിറഞ്ഞ ഒരു സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ അര്‍ച്ചന പതറിപ്പോകുന്നുണ്ട്. എന്നാലും അപ്പോഴും തന്റേതായ തീരുമാനങ്ങളെടുക്കുന്നുണ്ട് ഇവര്‍. മൂന്ന് പേരിലും വെച്ച് ഒരു പിടി മുന്നില്‍ നില്‍ക്കുന്ന പെര്‍ഫോമന്‍സ് നല്‍കുന്നത് ദര്‍ശനയാണെന്ന് തന്നെ പറയാം. നേരത്തെ സീ യു സൂണിലും പിന്നീട് ഈയടുത്ത് വന്ന ആണും പെണ്ണിലും ഇപ്പോള്‍ ഇരുളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിച്ച ദര്‍ശന മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.
ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രവും കഥ ആരംഭിക്കുന്നതും സൗബിന്റെ അലക്‌സ് പാറയില്‍ എന്ന കഥാപാത്രത്തിലൂടെയാണ്. ചില ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സൗബിന്‍ ചിത്രത്തിലൊരു മിസ്ഫിറ്റായിട്ടാണ് പലപ്പോഴും തോന്നുന്നത്. അലക്‌സ് എന്ന കഥാപാത്രത്തേക്കാള്‍ സൗബിനെയും സൗബിന്റെ മുന്‍ കഥാപാത്രങ്ങളെയുമാണ് ചിത്രത്തിലുടനീളം ഓര്‍മ്മ വരിക. ഡ്രമാറ്റിക് ഡയലോഗുകളുള്ള സന്ദര്‍ഭങ്ങളിലും മറ്റുള്ളയിടങ്ങളിലും സൗബിന്റെ സംസാരശൈലി കല്ലുകടിയാകുന്നുണ്ട്.
എന്നാല്‍ ഈ മൂന്ന് കഥാപാത്രങ്ങളും തങ്ങളുടെ പോയിന്റുകള്‍ ഒരേ സമയം ആവര്‍ത്തിച്ചു പറയുന്ന രംഗവും അത് സൃഷ്ടിക്കുന്ന കയോസും ചിത്രത്തിലെ മികച്ച ഭാഗങ്ങളിലൊന്നാണ്.
മലയാളത്തില്‍ പുതുമയുള്ള പരീക്ഷണമാണെന്ന് പറയാമെങ്കിലും ചിത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് അടക്കമുള്ള മറ്റ് ഭാഷകളിലെ ഇത്തരം ചിത്രങ്ങളോട് വല്ലാതെ സാമ്യം പുലര്‍ത്തുന്നുണ്ട്. രാത്രിയിലെ മഴയും കേടാകുന്ന കാറും കൊട്ടാരം കണക്കെയുള്ള ഒറ്റപ്പെട്ട വീടും വീട്ടിലെ ബേസ്‌മെന്റും കറന്റ് പോക്കും കണ്ണാടിയില്‍ നോക്കുന്ന കഥാപാത്രങ്ങളും ഞെട്ടിപ്പിക്കലുകളും അങ്ങനെ ചില കാര്യങ്ങള്‍. ചിത്രത്തിന്റെ മൂഡിന് ചേരുന്ന പശ്ചാത്തല സംഗീതമാണെങ്കിലും സൈക്കോ ത്രില്ലറുകളില്‍ കേട്ടു പഴകിയ ബി.ജി.എമ്മിനോട് സാമ്യം പുലര്‍ത്തുന്നത് ചിത്രത്തിന് നേരത്തെ പറഞ്ഞ ആ പുതുമ നഷ്ടപ്പെടലിന് കാരണമാകുന്നുണ്ട്.
ഇതിനിടയില്‍ ഒരല്‍പം പുതുമ കൊണ്ടുവരുന്നത് ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തിന്റെ ചില ഡയലോഗുകളും ആക്ഷന്‍സും അയാളുള്‍പ്പെടുന്ന രംഗങ്ങളും പടര്‍ത്തുന്ന നേര്‍ത്ത ചിരികളാണ്. ഈ തമാശകളൊന്നും അസ്ഥാനത്തായി പോകാത്തതിന് തിരക്കഥാകൃത്തുക്കളെ തീര്‍ച്ചയായും അഭിനന്ദിക്കണം. ആവര്‍ത്തന വിരസത തോന്നുമായിരുന്ന കഥയെ പിടിച്ചിരുത്തും വിധം പ്രേക്ഷകനെ ഇന്‍വോള്‍വ് ചെയ്യുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നതിനും ഒരു കൂട്ടം പുതിയ എഴുത്തുകാരും നവാഗത സംവിധായകനായ നസീഫ് യൂസഫ് ഇസുദ്ദീനും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പലയിടത്തും പാളിച്ചകളും ലോജിക്കല്‍ കണക്ഷന്‍സിന്റെ കുറവും ഉണ്ടെങ്കില്‍ പോലും വ്യത്യസ്ത ഴോണറുകള്‍ പരീക്ഷിക്കാന്‍ മടിക്കുന്ന മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇരുള്‍ ഒരു ചെറിയ പ്രതീക്ഷയാണ്.