Sports News
ഇതുപോലൊരു താരത്തെ എന്തിനാണ് ഇന്ത്യ നിലനിര്‍ത്തുന്നത്; തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 31, 06:57 am
Tuesday, 31st December 2024, 12:27 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ ഓള്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യ. ഇതോടെ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.

സ്‌കോര്‍

ഓസ്ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയില്‍ മോശം പ്രകടനമാണ് വിരാട് കോഹ്ലി നടത്തിയത്. ബോക്സിങ് ഡേയിലെ ആദ്യ ഇന്നിങ്സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അഞ്ച് റണ്‍സുമാണ് വിരാടിന്റെ സംഭാവന. മാത്രമല്ല പെര്‍ത്തില്‍ താരം നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മികവ് പുലര്‍ത്തിയ ഇന്നിങ്സ് ഒന്നുപോലും എടുത്ത് പറയാന്‍ ഇല്ല.

ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകള്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിരിടയിലാണ് വിരാട് പലവട്ടം വിക്കറ്റില്‍ കരുങ്ങിയത്. മാത്രമല്ല ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നേടുന്ന മോശം ആവറേജും വിരാട് നേടി (21.83 – 2024).

ഇപ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു ചര്‍ച്ചയ്ക്കിടെ കോഹ്‌ലിയുടെ മോശം ഫോമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വിരാട് മികച്ച താരമാണെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മോശം ശരാശരിയിലാണ് താരം ബാറ്റ് ചെയ്യുന്നതെന്നും അത്തരത്തില്‍ ഒരു താരത്തെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്നും പത്താന്‍ പറഞ്ഞു.

‘ഇത് അഞ്ച് വര്‍ഷമായി. നിങ്ങള്‍ അത്രയും വലിയ കളിക്കാരനാണ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ നിങ്ങളുടെ ശരാശരി 28ന് അടുത്താണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതുപോലെ ഒരു താരത്തെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തുന്നത്? ഇന്ത്യന്‍ ക്രിക്കറ്റ് അവരുടെ മികച്ച കളിക്കാരനില്‍ നിന്ന് വെറും 28 ശരാശരി ആണോ അര്‍ഹിക്കുന്നത്? തീര്‍ച്ചയായും അല്ല, അവര്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു,

2024 ഒക്ടോബര്‍ മുതല്‍ അദ്ദേഹത്തിന് 21 ശരാശരി മാത്രമാണ് ഉള്ളത്. ഒരു യുവ കളിക്കാരന്‍ പോലും നിങ്ങള്‍ക്ക് ശരാശരി 21 നല്‍കും. വിരാടില്‍ നിന്ന് ഇതിലും കൂടുതല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കരിയര്‍ ശരാശരി 50ന് അടുത്താണെങ്കില്‍ ലജ്ജിക്കേണ്ടതില്ല,’ പത്താന്‍ പറഞ്ഞു.

Content Highlight: Irfan Pathan Talking About Virat Kohli