ടെഹ്‌റാന്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെന്ന് ഇറാന്‍.
റുഷ്ദിക്കെതിരായ ആക്രമണത്തിലും വധശ്രമത്തിലും ആരും ഇറാനെ പഴി ചാരേണ്ടതില്ലെന്നും ഇറാനെതിരെ ആരോപണമുന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
”അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല. 1988ലെ അദ്ദേഹത്തിന്റെ ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ മതനിന്ദയുള്ള ഭാഗങ്ങള്‍ അടങ്ങിയതായി ചില മുസ്‌ലിങ്ങള്‍ വീക്ഷിക്കുന്നു.
സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമാണ്. അല്ലാതെ ഈ വിഷയത്തില്‍ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനുള്ള അവകാശം ആര്‍ക്കുമുണ്ടെന്ന് ഞങ്ങള്‍ കണക്കാക്കുന്നില്ല.
ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല,” ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, റുഷ്ദിയെ യു.എസിലെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ച ന്യൂജഴ്സി സ്വദേശിയായ 24കാരന്‍ ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് ഇറാനി പത്രങ്ങള്‍ ശനിയാഴ്ച വാര്‍ത്ത കൊടുത്തിരുന്നത്.
”വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ച ധീരനും കര്‍മനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകള്‍ ചുംബിക്കണം,” എന്നാണ് കയ്ഹാന്‍ എന്ന പത്രത്തിലെഴുതിയത്.
‘സാത്താന്‍ നരകത്തിലേക്കുള്ള വഴിയില്‍’ (Satan on the way to hell) എന്നായിരുന്നു ഖൊറാസാന്‍ പത്രത്തിന്റെ തലക്കെട്ട്.
റുഷ്ദിയുടെ സാത്താനിക് വേഴ്സസ് (Satanic Verses) എന്ന പുസ്തകത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍. ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് പുസ്തകം ഇറാനില്‍ നിരോധിക്കുകയും ചെയ്തിരുന്നു.