ടെഹ്‌റാന്‍: രാജ്യത്തിന്റെ ഇന്നത്തെ സാങ്കേതിക ശേഷി വെച്ച് ആറ്റം ബോംബുകളുണ്ടാക്കാന്‍ ഇറാന് സാധിക്കുമെന്നും എന്നാല്‍ തങ്ങള്‍ അത് ചെയ്യില്ലെന്നും ഇറാന്റെ ആണവ തലവന്‍.
ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ (atomic energy organisation) തലവന്‍ മുഹമ്മദ് ഇസ്‌ലാമിയാണ് (Mohammad Eslami) ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇറാനി മാധ്യമമായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആറ്റം ബോംബുണ്ടാക്കാനുള്ള സാങ്കേതിക ശേഷി ഇറാനുണ്ടെന്നും എന്നാല്‍ അങ്ങനെ ചെയ്യാനുള്ള ഒരു ഉദ്ദേശവും ഇറാനില്ലെന്നുമാണ് മുഹമ്മദ് ഇസ്‌ലാമി പറഞ്ഞത്. ഒരു മുന്നറിയിപ്പെന്നോണമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇക്കഴിഞ്ഞ ജൂലൈയില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേശകന്‍ കമാല്‍ ഖരാസിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അത് ആവര്‍ത്തിക്കുകയായിരുന്നു മുഹമ്മദ് ഇസ്‌ലാമി.
”ഖരാസി സൂചിപ്പിച്ചതുപോലെ, ഇറാന് അണുബോംബ് നിര്‍മിക്കാനുള്ള സാങ്കേതിക കഴിവുണ്ട്, എന്നാല്‍ അത്തരമൊരു പദ്ധതി ഞങ്ങളുടെ അജണ്ടയിലില്ല,” മുഹമ്മദ് ഇസ്‌ലാമി പറഞ്ഞു.
ആണവായുധങ്ങളോടുള്ള ഇറാന്റെ ‘താല്‍പര്യം’ തന്നെയാണ് ഈ പ്രസ്താവനകള്‍ തെളിയിക്കുന്നത്.
ഇസ്‌ലാമിക് റിപബ്ലിക്കായ ഇറാന് ആണവായുധങ്ങളില്‍ താല്‍പര്യമുണ്ടായേക്കാമെന്ന സൂചന കൂടിയായിരുന്നു ഖരാസിയുടെ പരാമര്‍ശം.
ഇറാന്‍ ഇതിനോടകം തന്നെ 60% വരെ ഫിസൈല്‍ പ്യൂരിറ്റിയില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ട്. ലോകരാജ്യങ്ങളുമായുള്ള ഇറാന്റെ 2015ലെ ആണവ കരാറനുസരിച്ച് (ഇപ്പോള്‍ നിലവിലില്ല) നിശ്ചയിച്ചിട്ടുള്ള 3.67% പരിധിക്ക് എത്രയോ മുകളിലാണിത്. 90% വരെ സമ്പുഷ്ടമാക്കിയ യുറേനിയം ആണവ ബോംബിന് അനുയോജ്യമാണ്.