ഖത്തര്‍ ലോകകപ്പില്‍ അപ്രതീക്ഷിത ജയ പരാജയങ്ങളാണ് അരങ്ങേറുന്നത്. ഏറ്റവും കൂടുതല്‍ അട്ടിമറി ജയം നടന്ന ലോകകപ്പ് വേദികളിലൊന്നായി മാറും ഖത്തര്‍.
ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയമാണ് ഇറാന്‍ സ്വന്തമാക്കിയത്.
രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നതിനിടെയാണ് ഇറാന്‍ ഇംഗ്ലണ്ടുമായി ആദ്യ പോരാട്ടത്തിനിറങ്ങിയിരുന്നത്. ഇറാനിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഖത്തറിലെ തങ്ങളുടെ മത്സരം ഇറാനിലെ പോരാടുന്ന ജനതക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ഇറാന്റെ നായകന്‍ ഇഹ്‌സാന്‍ ഹജ്‌സഫി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വാക്ക് പാലിച്ചിരിക്കുകയാണ് ഇറാനിലെ പടക്കുതിരകള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് അത്ഭുത ഗോളുകള്‍ നേടി ഇറാന്‍ വിജയിച്ചത്.
സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് ഇറാന്‍ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തുന്നത്.
റൗസ്ബെ ചെഷ്മിയും റമിന്‍ റസായേനുമാണ് ഇറാന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനെതിരെ കളിച്ച ഇറാനെയല്ലായിരുന്നു ഇന്നത്തെ മത്സരത്തില്‍ കാണാനായത്.
ആദ്യ മത്സരത്തില്‍ 6-2ന് ഇംഗ്ലണ്ടിനോട് ഇറാന്‍ തകര്‍ന്ന് വീണപ്പോള്‍ യു.എസി.നോട് സമനില പാലിച്ചായിരുന്നു വെയ്ല്‍സിന്റെ തുടക്കം. എന്നാല്‍ വിപരീത ഫലമാണ് ഇന്നത്തെ മത്സരത്തില്‍ കാണാനായത്.
ഏഴാം മിനിട്ടിലാണ് ഇറാന്‍ ആദ്യ ഗോള്‍ ശ്രമം നടത്തിയത്. എന്നാല്‍ സര്‍ദാര്‍ അസമോന്റെ ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ അനായാസം കയ്യിലൊതുക്കുകയായിരുന്നു. ഇഞ്ച്വറി ടൈമിന്റെ എട്ടാം മിനിട്ടിലും 11ാം മിനിട്ടിലുമാണ് ഇറാന്‍ വെയ്ല്‍സിന്റെ വലകുലുക്കിയത്.
നേരത്തെയുണ്ടായ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും ഒടുവില്‍ രണ്ട് ഗോളുകള്‍ നേടി ഇറാന്‍ വിജയം ആഘോഷിക്കുകയായിരുന്നു. 98ാം മിനിട്ടില്‍ ചെഷ്മി തൊടുത്ത ഷോട്ട് വെയ്ല്‍സ് പ്രതിരോധത്തെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ ഗോളിന്റെ ആഘോഷത്തിന് തൊട്ടുപിന്നാലെ വലത് വിങ്ങില്‍ നിന്ന് റമിന്‍ റസായിന്റെ രണ്ടാം ഗോളും വെയ്ല്‍സിന്റെ വലകുലുക്കി.