Advertisement
IPL
കോണ്‍വേയെ മാറ്റേണ്ടത് അനിവാര്യമായിരുന്നു; തുറന്ന് സംസാരിച്ച് ഗെയ്ക്വാദ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 05:49 am
Wednesday, 9th April 2025, 11:19 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

ചെന്നൈക്ക് വേണ്ടി മികച്ച സ്‌കോര്‍ നേടിയത് ഡെവോണ്‍ കോണ്‍വെയാണ്. 49 പന്തില്‍ നിന്ന് 69 റണ്‍സാണ് താരം നേടിയത്. റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു താരം. മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ സ്‌കോര്‍ ചെയ്യാന്‍ പാടുപെട്ടപ്പോള്‍ 18ാം ഓവറിന്റെ അവസാന പന്തിന് മുമ്പ് ഡെവോണ്‍ കോണ്‍വെയെ തിരികെ വിളിച്ച് രവീന്ദ്ര ജഡേജയെ മധ്യനിരയിലേക്ക് അയക്കാനാണ് ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചത്.

മത്സര ശേഷം ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സംസാരിച്ചിരുന്നു. മത്സരത്തിന്റെ സുപ്രധാന ഘട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വേയെ റിട്ടയര്‍ ഔട്ട് ചെയ്തതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗെയ്ക്വാദ്.

‘ഒരു മാറ്റത്തിനായി തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങള്‍ കുറച്ചു സമയം കാത്തിരുന്നു. സ്‌കോര്‍ ചെയ്യാന്‍ മികച്ച സമയമുണ്ടായിരുന്നു. കോണ്‍വേ ഞങ്ങളുടെ വ്യത്യസ്ഥമായ റോള്‍ ഏറ്റെടുത്തവനാണ്, അതേ സമയം രവീന്ദ്ര ജഡേജ ഞങ്ങള്‍ക്ക് വേണ്ടി ഫിനിഷിങ് റോളും കൈകാര്യം ചെയ്യുന്നു. ബൗളര്‍മാരെ ആക്രമിക്കുന്നതില്‍ അദ്ദേഹം പ്രശസ്തനാണ്. പന്ത് കൃത്യസമയത്ത് കൈകാര്യം ചെയ്യാന്‍ കോണ്‍വേ പാടുപെടുന്നതിനാല്‍ മാറ്റം ആവശ്യമായിരുന്നു,’ ഗെയ്ക്വാദ് പറഞ്ഞു.

സീസണില്‍ നാലം തോല്‍വി വഴങ്ങിയ ചെന്നൈ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മോശം പ്രകടനമാണ് നടത്തുന്നത്. മാത്രമല്ല സീസണില്‍ 12 ക്യാച്ചുകളാണ് ചെന്നൈ മിസ് ചെയ്തത്. ഓവറോള്‍ പ്രകടനത്തില്‍ ഫീല്‍ഡിങ് പിഴവിനെക്കുറിച്ചും ക്യാപ്റ്റന്‍ സംസാരിച്ചിരുന്നു.

‘ക്യാച്ചുകള്‍ ഉപേക്ഷിച്ചതോടെ ഞങ്ങള്‍ക്ക് വീണ്ടും 10-15 റണ്‍സ് അധികമായി വിട്ടുകൊടുക്കേണ്ടി വന്നു. ഒരു മത്സരത്തില്‍ അവ നിര്‍ണായക പങ്ക് വഹിക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും വിധിയായിരിക്കാം, പക്ഷേ ഫീല്‍ഡിങ്ങില്‍ അങ്ങനെയല്ല. ഞങ്ങള്‍ എല്ലാം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു, പക്ഷേ അത് ഇതുവരെ വിജയിച്ചിട്ടില്ല,’ ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2025: Ruturaj Gaikwad Talking About Retired Out Of Devon Conway