IPL
ക്രിക്കറ്റിന്റെ കാര്യത്തില്‍ അവര്‍ ചെറുപ്പമാണെന്ന് കരുതുന്നില്ല; ടീമിനെ കുറിച്ച് സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 13, 09:19 am
Sunday, 13th April 2025, 2:49 pm

ഐ.പി.എല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങളുടെ സണ്‍ഡേയാണ്. ആദ്യ മത്സരത്തില്‍ ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടാനിരിക്കുന്നത്. രാജസ്ഥാന്റെ ഒന്നാം ഹോം ഗ്രൗണ്ടായ ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. അവസാന മത്സരത്തില്‍ തോറ്റാണ് ഇരു ടീമുകളും പരസ്പരം പോരാട്ടത്തിനിറങ്ങുന്നത്.

സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടൂര്‍ണമെന്റിലെ ആറാം മത്സരത്തില്‍ ജയിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ആറ് പോയിന്റ് നേടിയ ബെംഗളൂരു പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താനാണ്. മികച്ച പ്രകടനം നടത്തുന്ന ബാറ്റിങ് നിരയിലും ബൗളിങ് യൂണിറ്റിലുമാണ് രജത് പ്രതീക്ഷ വെക്കുന്നത്.

അതേസമയം, അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് സഞ്ജുവിന്റെ സംഘത്തിനുള്ളത്. സീസണില്‍ ആദ്യമായി സവായ് മാന്‍സിങ്ങില്‍ ഇറങ്ങുമ്പോള്‍ ജയം മാത്രമാണ് രാജസ്ഥാനും ലക്ഷ്യമിടുന്നത്. നിലവില്‍ റോയല്‍സ് പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനക്കാരനാണ്. മികച്ചൊരു പ്ലെയിങ് കോമ്പിനേഷന്‍ കണ്ടെത്താന്‍ കഴിയാത്തതും മധ്യനിര നന്നായി പെര്‍ഫോം ചെയ്യാത്തതുമാണ് രാജസ്ഥാന് തലവേദന സൃഷ്ടിക്കുന്നത്.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ടീമിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഇത്തവണ രാജസ്ഥാന്‍ യുവ ടീമാണുള്ളതെന്നും പ്രായത്തിന്റെ കാര്യത്തില്‍ ചെറുപ്പമാണെങ്കിലും ക്രിക്കറ്റിന്റെ കാര്യത്തില്‍ അങ്ങനെയല്ലായെന്നും സഞ്ജു പറഞ്ഞു. കളിക്കാര്‍ എത്ര വലുതായാലും ചെറുതായാലും തങ്ങള്‍ കളിക്കുന്ന ഓരോ മത്സരവും ജയിപ്പിക്കാന്‍ അവരെല്ലാം ടീമിലുണ്ടെന്നും അതാണ് രാജസ്ഥാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ മുന്നോടിയുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു സാംസണ്‍.

‘അതെ, ഇത്തവണ ഞങ്ങള്‍ക്ക് യുവ ടീമാണുള്ളത്. പക്ഷേ അതില്‍ ധാരാളം പോസിറ്റീവുകളുണ്ട്. പ്രായത്തിന്റെ കാര്യത്തില്‍ അവര്‍ വളരെ ചെറുപ്പമാണെങ്കിലും അവരില്‍ ഭൂരിഭാഗവും അന്താരാഷ്ട്ര ക്രിക്കറ്റ് ധാരാളം കളിച്ചവരാണ്. കൂടാതെ അവര്‍ ഐ.പി.എല്ലിലും ന്യായമായ അളവില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ കാര്യത്തില്‍ അവര്‍ ചെറുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല.

അവര്‍ക്ക് ഒരു അവസരം നല്‍കാനാണ് ഞങ്ങള്‍ അവരെ ടീമിലെടുത്തത്. ഫ്രാഞ്ചൈസി ഉടമകള്‍ ട്രോഫി നേടാന്‍ കഴിയുന്ന ഒരു ടീമിനെ കെട്ടിപ്പടുക്കാനും ചാമ്പ്യന്‍മാരാക്കാനുമാണ് ആഗ്രഹിക്കുന്നത്. ജൂനിയര്‍ താരങ്ങളെയോ അനുഭവപരിചയമില്ലാത്തവരെയോ പരിചയസമ്പന്നരായവരെയോ കളിപ്പിച്ചാലും ഞങ്ങള്‍ ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്.

കളിക്കാര്‍ എത്ര വലുതായാലും ചെറുതായാലും, തീര്‍ച്ചയായും ഞങ്ങള്‍ കളിക്കുന്ന ഓരോ മത്സരവും ജയിപ്പിക്കാന്‍ അവരെല്ലാം ടീമിലുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും,’ സഞ്ജു പറഞ്ഞു.

ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ചും സഞ്ജു സംസാരിച്ചു. ടീമില്‍ തന്റെ റോള്‍ തീര്‍ച്ചയായും മാറിയിട്ടുണ്ടെന്നും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന റോളില്‍ നിന്ന് വ്യത്യസ്തമായാണ് താന്‍ രാജസ്ഥാന്‍ വേണ്ടി കളിക്കുന്നതെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറഞ്ഞു. ഒരു യുവ യൂണിറ്റിനെ പരിപാലിക്കാനും തനിക്ക് മതിയായ പരിചയമുണ്ടെന്നും രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യത്തില്‍ ടീം ശരിയായ ദിശയിലാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ടീമില്‍ എന്റെ റോള്‍ തീര്‍ച്ചയായും മാറിയിട്ടുണ്ട്, നിങ്ങള്‍ കളിക്കുന്ന ഓരോ ടീമിലും അത് തീര്‍ച്ചയായും മാറും. ഞാന്‍ ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോള്‍ അവസാന സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്യുന്നത്. ആദ്യ പന്ത് മുതല്‍ ഷോട്ടുകള്‍ അടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇവിടെ ഞങ്ങളുടെ ടീം കോമ്പിനേഷനില്‍ വ്യത്യസ്തമായ ഒരു റോള്‍ വഹിക്കേണ്ട സ്ഥലമാണ്.

അത് ചെയ്യാന്‍ എനിക്ക് മതിയായ പരിചയമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു യുവ യൂണിറ്റിനെ പരിപാലിക്കാനും എനിക്ക് മതിയായ പരിചയമുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ രാഹുല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ശരിയായ ദിശയിലാണെന്ന് ഞാന്‍ കരുതുന്നു,’ സഞ്ജു പറഞ്ഞു.

Content Highlight: IPL 2025: RR vs RCB: Rajasthan Royals skipper Sanju Samson Says RR have younger side this year and he is capable to lead them