ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ക്യാപ്പിറ്റല്‍സ് നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചുകയറിയത്.
സൂപ്പര്‍ താരവും ബെംഗളൂരുവിന്റെ സ്വന്തം ഹോം ടൗണ്‍ ഹീറോയുമായ കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. നാലാമനായി ഇറങ്ങിയ രാഹുല്‍ 53 പന്തില്‍ ആറ് സിക്സും ഏഴ് ഫോറും ഉള്‍പ്പടെ 93 റണ്‍സ് നേടി പുറത്താകാതെ നിന്നു. ട്രിസ്റ്റന്‍ സ്റ്റബ്സ് 23 പന്തില്‍ നിന്ന് 38 റണ്‍സും നേടി പുറത്താകാതെ നിന്നു.
എന്നാല്‍ ബൗളിങ്ങില്‍ ദല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. നാല് ഓവര്‍ എറിഞ്ഞ് വിക്കറ്റൊന്നും നേടാതെ 52 റണ്‍സാണ് താരം വിട്ടുനല്‍കിയത്. 13.00 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ ഒരു മോശം റെക്കോഡും താരത്തിന് വന്നുചോര്‍ന്നിരിക്കുകയാണ്. ഐ.പി.എല്ലില്‍ അക്‌സര്‍ പട്ടേലിന്റെ മോശം ബൗളിങ് പ്രകടനമാണിത്.
0/52 – ആര്‍.സി.ബി – 2025*
0/52 – കെ.കെ.ആര്‍ – 2017
1/50 – ആര്‍.സി.ബി – 2015
1/ 46 – ആര്‍.സി.ബി – 2016
അതേസമയം ക്യാപ്പിറ്റല്‍സിന് വേണ്ടി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇരുവരും നാല് ഓവര്‍ വീതമെറിഞ്ഞ് യഥാക്രമം 17ഉം 18ഉം റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ നേടിയത്. മോഹിത് ശര്‍മയും മുകേഷ് കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത്. ഭുവനേശ്വര്‍ കുമാറായിരുന്നു. 26 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 6.50 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
Content Highlight: IPL 2025- Axar Patel In Unwanted Record Achievement Against R.C.B