ഐ.പി.എല്ലില്‍ പല ആയിരവും കണ്ടുകാണും, എന്നാല്‍ ഇതാണ് ചരിത്രത്തിലെ ആദ്യ വെടിക്കെട്ട് 1,000; ഒരുത്തനുമില്ലാത്ത റെക്കോഡില്‍ തിലക് വര്‍മ
IPL
ഐ.പി.എല്ലില്‍ പല ആയിരവും കണ്ടുകാണും, എന്നാല്‍ ഇതാണ് ചരിത്രത്തിലെ ആദ്യ വെടിക്കെട്ട് 1,000; ഒരുത്തനുമില്ലാത്ത റെക്കോഡില്‍ തിലക് വര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 10:07 pm

ഐ.പി.എല്‍ 2024ലെ 38ാം മത്സരം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ യുവതാരങ്ങളായ തിലക് വര്‍മയും നേഹല്‍ വധേരയുമാണ് മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. തിലക് വര്‍മ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികില്‍ വീഴാനായിരുന്നു നേഹലിന്റെ വിധി.

തിലക് വര്‍മ 45 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 49 റണ്‍സാണ് വധേര നേടിയത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറിക്ക് പുറമെ ഒരു തകര്‍പ്പന്‍ നേട്ടവും തിലക് വര്‍മ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ 1,000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് തിലക് വര്‍മ കയ്യടി നേടിയത്.

ഐ.പി.എല്ലില്‍ കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത് താരം എന്ന നേട്ടവും ഇതോടെ തിലക് വര്‍മ സ്വന്തമാക്കിയിരുന്നു.

ഐ.പി.എല്ലില്‍ വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം (ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍)

(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 31

ഋതുരാജ് ഗെയ്ക്വാദ് – 31

തിലക് വര്‍മ – 33*

സുരേഷ് റെയ്‌ന – 34

യശസ്വി ജെയ്‌സ്വാള്‍ – 34

റിഷബ് പന്ത് – 35

ദേവ്ദത്ത് പടിക്കല്‍ – 35

ഐ.പി.എല്ലില്‍ വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)

വിരേന്ദര്‍ സേവാഗ് – 604

യൂസുഫ് പത്താന്‍ – 617

റിഷബ് പന്ത് – 630

ഹര്‍ദിക് പാണ്ഡ്യ – 651

തിലക് വര്‍മ – 685

യശസ്വി ജെയ്‌സ്വാള്‍ – 692

അഭിഷേക് ശര്‍മ – 697

എന്നാല്‍ ആര്‍ക്കുമെത്താന്‍ സാധിക്കാത്ത മറ്റൊരു നേട്ടത്തില്‍ ഇടം നേടിയിരിക്കുകയാണ് തിലക് വര്‍മ.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 40+ ശരാശരിയിലും 140.00+ സ്‌ട്രൈക്ക് റേറ്റിലും 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏക താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 41.60 എന്ന ശരാശരിയിലും 146.50 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്.

മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച പ്രകടനം നടത്തുന്ന തിലക്, ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

 

Content Highlight: IPL 2024: MI vs RR: Tilak Varma is the only batter to score 1,000 runs with 40+ average and 140+ strike rate