20ാം ഓവറില്‍ 258.94 സ്‌ട്രൈക്ക് റേറ്റില്‍ 100 റണ്‍സ്; രോഹിത്തിനെയും സാക്ഷാല്‍ ഡി വില്ലിയേഴ്‌സിനെയും വെട്ടി ഒന്നാമന്‍
IPL
20ാം ഓവറില്‍ 258.94 സ്‌ട്രൈക്ക് റേറ്റില്‍ 100 റണ്‍സ്; രോഹിത്തിനെയും സാക്ഷാല്‍ ഡി വില്ലിയേഴ്‌സിനെയും വെട്ടി ഒന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th April 2024, 6:58 pm

 

ഐ.പി.എല്‍ പേ ബാക്ക് വീക്കിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ വിജയം.

നേരത്തെ ലഖ്‌നൗവിന്റെ ഹോം സ്‌റ്റേഡിയമായ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പകരം വീട്ടാനുള്ള അവസരമാണ് കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ ചെന്നൈക്ക് ഇല്ലാതായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും സൂപ്പര്‍ താരം ശിവം ദുബെയുടെയും കരുത്തിലാണ് ചെന്നൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഗെയ്ക്വാദ് 60 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയപ്പോള്‍ 27 പന്തില്‍ 66 റണ്‍സാണ് ദുബെ നേടിയത്.

211 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിന് തുടക്കം പാളിയെങ്കിലും മൂന്നാമനായി കളത്തിലെത്തിയ മാര്‍കസ് സ്റ്റോയ്‌നിസിന്റെ കരുത്തില്‍ ടീം വിജയിച്ചുകയറുകയായിരുന്നു. ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി നേട്ടത്തോടെയാണ് സ്‌റ്റോയ്‌നിസ് സൂപ്പര്‍ ജയന്റ്‌സിനെ ടോപ് ഫോറിലെത്തിച്ചത്.

63 പന്തില്‍ പുറത്താകാതെ 124 റണ്‍സാണ് താരം നേടിയത്. ടീമിന്റെ വിജയ റണ്‍ കുറിച്ചതും സ്റ്റോയ്‌നിസ് തന്നെയായിരുന്നു. ഓസീസ് സൂപ്പര്‍ താരത്തിന് പുറമെ നിക്കോളാസ് പൂരന്‍ (15 പന്തില്‍ 34), ദീപക് ഹൂഡ (ആറ് പന്തില്‍ പുറത്താകാതെ 17) എന്നിവരുടെ തകര്‍പ്പന്‍ വെടിക്കെട്ടും ടീമിന് തുണയായി.

മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടത്. ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ സ്‌റ്റോയ്‌നിസ് രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറി നേടി. ചെന്നൈയുടെ നിര്‍ഭാഗ്യവശാല്‍ മൂന്നാം പന്ത് നോ ബോളായി. ഇതോടെ വിജയിക്കാന്‍ നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് വേണമെന്നിരിക്കെ തൊട്ടടുത്ത പന്തും ബൗണ്ടറിയടിച്ചാണ് സ്റ്റോയ്‌നിസ് ടീമിന്റെ വിജയമാഘോഷിച്ചത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. 20ാം ഓവറില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് സ്റ്റോയ്‌നിസ് റെക്കോഡിട്ടത്. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ മറികടന്നുകൊണ്ടാണ് സ്‌റ്റോയ്‌നിസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങള്‍ (മിനിമം 100 റണ്‍സ്)

(താരം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

മാര്‍കസ് സ്റ്റോയ്‌നിസ് – 285.94*

രോഹിത് ശര്‍മ – 282.42

എ.ബി. ഡി വില്ലിയേഴ്‌സ് – 255.68

യുവരാജ് സിങ് – 251.02

സഞ്ജു സാംസണ്‍ – 248.78

എം.എസ്. ധോണി – 247.13

ഹര്‍ദിക് പാണ്ഡ്യ – 245.30

ഇതിന് പുറമെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ചെയ്‌സിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരം എന്ന നേട്ടവും സ്റ്റോയ്‌നിസ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.

ചെയ്‌സിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം

(താരം – ടീം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

മാര്‍കസ് സ്‌റ്റോയ്‌നിസ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 124*

പോള്‍ വാല്‍ത്താട്ടി – കിങ്‌സ് ഇലവന്‍ പഞ്ചാബ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 120*

വിരേന്ദര്‍ സേവാഗ് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 119

സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് – 119

ഷെയ്ന്‍ വാട്‌സണ്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 117*

സനത് ജയസൂര്യ – മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 114*

ചെന്നൈക്കെതിരെ സീസണിലെ രണ്ടാം മത്സരവും വിജയിച്ചതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും സൂപ്പര്‍ ജയന്റ്‌സിനായി. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 10 പോയിന്റാണ് ലഖ്‌നൗവിനുള്ളത്.

ഏപ്രില്‍ 27നാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

 

Content highlight: IPL 2024: CSK vs LSG: Marcus Stoinis scripts several records