ചരിത്രത്തിലെ ഏക ക്യാപ്റ്റനായി വാര്‍ണര്‍ അത് ചെയ്തുകാണിച്ചിട്ടുണ്ട്; ശ്രമിക്കൂ സഞ്ജു, നിന്റെ പേരും വാഴ്ത്തപ്പെടട്ടെ
IPL
ചരിത്രത്തിലെ ഏക ക്യാപ്റ്റനായി വാര്‍ണര്‍ അത് ചെയ്തുകാണിച്ചിട്ടുണ്ട്; ശ്രമിക്കൂ സഞ്ജു, നിന്റെ പേരും വാഴ്ത്തപ്പെടട്ടെ
ആദര്‍ശ് എം.കെ.
Monday, 20th May 2024, 11:19 pm

ഐ.പി.എല്ലില്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് എലിമിനേറ്റര്‍ മത്സരം കളിക്കുക.

കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – സണ്‍റൈസേഴ്സ് മത്സരത്തില്‍ ഓറഞ്ച് ആര്‍മി വിജയിക്കുകയും രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മഴയെടുക്കുകയും ചെയ്തതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ആദ്യ ക്വാളിഫയറിന് പകരം എലിമിനേറ്റര്‍ കളിക്കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്റര്‍ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതിന് മുമ്പ് 2015ലാണ് റോയല്‍ എലിമിനേറ്റര്‍ മത്സരത്തിന് ഐ.പി.എല്‍ സാക്ഷ്യം വഹിച്ചത്.

2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് വീണ്ടും കിരീടം ലക്ഷ്യമിടുകയാണ്. 2022ല്‍ കിരീടനേട്ടത്തിന് തൊട്ടരികെയെത്തിയെങ്കിലും സഞ്ജുസ്ഥാന് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജപ്പെട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

ഇത്തവണ വീണ്ടും രാജസ്ഥാന്‍ ആരാധകര്‍ കിരീടം സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ എലിമിനേറ്റര്‍ അടക്കം മൂന്ന് മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ രാജസ്ഥാന് കിരീടമണിയാന്‍ സാധിക്കൂ. തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ രാജസ്ഥാന് നിര്‍ണായകമായ ഈ മൂന്ന് മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യം തന്നെയാണ്.

എന്നാല്‍ ഈ മൂന്ന് മത്സരങ്ങളും വിജയിച്ച് കിരീടം നേടാന്‍ സാധിക്കുമെന്ന് കാണിച്ചുതന്ന ഒരു ക്യാപ്റ്റനും ടീമും ഐ.പി.എല്ലിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 2016ല്‍ സണ്‍റൈസേഴ്‌സിനെ കിരീടമണിയിച്ച ഡേവിഡ് വാര്‍ണറാണ് അസാധ്യമെന്ന് തോന്നിച്ചതിനെ സാധ്യമാക്കി മാറ്റിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ എലിമിനേറ്റര്‍ കളിച്ചെത്തി കിരീടം നേടിയ ഏക നായകനാണ് ഡേവിഡ് വാര്‍ണര്‍.

 

ചിത്രത്തിന് കടപ്പാട് : സ്‌പോര്‍ട്‌സ്‌കീഡ

 

2016ല്‍ 14 മത്സരത്തില്‍ നിന്നും 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനത്ത് ഗുജറാത്ത് ലയണ്‍സും രണ്ടാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമാണ് ഇടം നേടിയത്. നാലാം സ്ഥാനത്താകട്ടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ച് കോഹ്‌ലിപ്പട കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. യുവരാജ് സിങ്ങിന്റെയും മോയ്‌സസ് ഹെന്റിക്‌സിന്റെയും ഇന്നിങ്‌സാണ് ടീമിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

163 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ കൊല്‍ക്കത്തയെ ഭുവനേശ്വര്‍ കുമാര്‍ ഹെന്റിക്‌സും ചേര്‍ന്ന് പിടിച്ചുകെട്ടി. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കെ.കെ.ആര്‍ 140ന് പോരാട്ടം അവസാനിപ്പിച്ചു.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിനെയാണ് രണ്ടാം ക്വാളിഫയറില്‍ ഉദയസൂര്യന്‍മാര്‍ നേരിട്ടത്. ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ച്വറിയും ബ്രണ്ടന്‍ മക്കെല്ലം, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ ഇന്നിങ്‌സും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 162 എന്ന നിലയില്‍ ഗുജറാത്തിനെ കൊണ്ടുചെന്നെത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കത്തിലേ പിഴച്ചു. ശിഖര്‍ ധവാനെ പൂജ്യത്തിന് നഷ്ടമായി. ഹെന്റിക്‌സിനെ 11ന് പുറത്താക്കിയ ഗുജറാത്ത് യുവരാജ് സിങ്ങിനെ എട്ടിനും ദീപക് ഹൂഡയെ നാലിനും ബെന്‍ കട്ടിങ്ങിനെ എട്ട് റണ്‍സിനും പുറത്താക്കി.

ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഡേവിഡ് വാര്‍ണര്‍ ഉറച്ചുനിന്നു. വാര്‍ണറിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്ത ബൗണ്ടറികള്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കിക്കൊണ്ടിരുന്നു.

ഒടുവില്‍ 19ാം ഓവറിലെ രണ്ടാം പന്തില്‍ രാജകീയമായി സണ്‍റൈസേഴ്‌സ് മത്സരം സ്വന്തമാക്കി. 58 പന്തില്‍ 11 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 93 റണ്‍സടിച്ച് ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നിന്നു.

എട്ടാം നമ്പറില്‍ കളത്തിലിറങ്ങി മൂന്ന് സിക്‌സറടക്കം 11 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയ ബിപുല്‍ ശര്‍മക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതാണ്.

2016 മെയ് 29. കലാശപ്പോരാട്ടത്തിന് ബെംഗളൂരുവിന്റെ സ്വന്തം മണ്ണായ ചിന്നസ്വാമി സ്‌റ്റേഡിയം വേദിയാകുന്നു. ഒരുവശത്ത് ഡേവിഡ് വാര്‍ണറും സംഘവും. മറുവശത്ത് ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന വിരാട് കോഹ്‌ലി. ഒപ്പം എന്തിനും പോന്നവരായി ക്രിസ് ഗെയ്‌ലും ഡി വില്ലിയേഴ്‌സും വാട്ണും രാഹുലും അടങ്ങുന്ന ബെംഗളൂരു നിരയും.

മത്സരത്തില്‍ ടോസ് നേടിയ വാര്‍ണര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ അര്‍ധ സെഞ്ച്വറിക്കൊപ്പം ബെന്‍ കട്ടിങ്ങിന്റെയും യുവരാജ് സിങ്ങിന്റെയും ഇന്നിങ്‌സുകളും ടീമിന് തുണയായി. വാര്‍ണര്‍ 38 പന്തില്‍ 69 റണ്‍സടിച്ചപ്പോള്‍ കട്ടിങ് 15 പന്തില്‍ 39 റണ്‍സും യുവരാജ് 23 പന്തില്‍ 38 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 208 റണ്‍സ് സ്വന്തമാക്കി.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഗെയ്ല്‍ സ്റ്റോമിനാണ് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്. ഒരുവശത്ത് നിന്ന് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്‌ലെന്ന മഹാമേരു സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ നിര്‍ദയം തല്ലിയൊതുക്കുമ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റനും ആക്രമണമഴിച്ചുവിട്ടു.

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗെയ്ല്‍ – വിരാട് കോംബോ അനായാസം ഹോം ടീമിന് കിരീടം നേടിക്കൊടുക്കുമെന്ന് ആരാധകര്‍ കരുതി.

എന്നാല്‍ 11ാം ഓവറിലെ മൂന്നാം പന്തില്‍ ബെന്‍ കട്ടിങ് സണ്‍റൈസേഴ്‌സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്ളര്‍ ഡെലിവെറിയില്‍ ബാറ്റ് വെച്ച ഗെയ്‌ലിന് പിഴച്ചു. തേര്‍ഡ് മാനില്‍ ബിപുല്‍ ശര്‍മയുടെ കയ്യിലൊതുങ്ങി ഗെയ്ല്‍ മടങ്ങി. 38 പന്തില്‍ 76 റണ്‍സ് നേടിയാണ് ഗെയ്ല്‍ തിരികെ നടന്നത്.

ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെ വിരാടും പുറത്തായി. 35 പന്തില്‍ 54 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് ക്യാപ്റ്റന്‍ കൂടാരം കയറിയത്.

ഡി വില്ലിയേഴ്‌സ് അഞ്ചിനും കെ.എല്‍. രാഹുല്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ 11 റണ്‍സ് വീതവും നേടി മടങ്ങിയതോടെ ആര്‍.സി.ബിയുടെ നില പരുങ്ങലിലായി.

18 റണ്‍സടിച്ച സച്ചിന്‍ ബേബി പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ 20ാം ഓവറിലെ അവസാന പന്ത് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞുതീര്‍ക്കുമ്പോള്‍ എട്ട് റണ്‍സകലെ ബെംഗളൂരു കണ്ണീരോടെ പോരാട്ടം അവസാനിപ്പിച്ചു.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ ബെന്‍ കട്ടിങ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

 

ഐ.പി.എല്‍ കിരീടം ഹൈദരാബാദിന്റെ മണ്ണിലേക്ക് രണ്ടാം തവണയുമെത്തിച്ച വാര്‍ണര്‍ എലിമിനേറ്റര്‍ കളിച്ച് കിരീടമണിഞ്ഞ ആദ്യ ക്യാപ്റ്റനെന്ന ചരിത്രമെഴുതുകയായിരുന്നു. ആ ചരിത്ര നേട്ടത്തില്‍ തന്റെ പേരുമെഴുതിച്ചേര്‍ക്കാനുള്ള അവസരമാണ് സഞ്ജുവിന് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

വാര്‍ണര്‍ രണ്ടാം കിരീടം ഹൈദരാബാദിലെത്തിച്ചതുപോലെ സഞ്ജു രണ്ടാം കിരീടം ജയ്പൂരിന്റെ മണ്ണിലെത്തിക്കുമോ? എലിമിനേറ്റര്‍ കളിച്ച് കിരിടമണിയുന്ന രണ്ടാമത് ക്യാപ്റ്റനാകാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കാകുമോ? കാത്തിരിക്കാം, കാരണം ഇത് ക്രിക്കറ്റാണ്. ഈ കളി പ്രവചനങ്ങള്‍ക്ക് അതീതമാണ്.

 

Content Highlight: IPL 2024: Can Sanju become the captain who won the title after playing an eliminator after David Warner?

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.