തങ്കന്‍, കാതല്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും ഉള്ളുതൊട്ട കഥാപാത്രം. ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന് പ്രേക്ഷകനെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയുള്ള പ്രകടനം.
സിനിമ കണ്ടിറങ്ങിയവര്‍ തങ്കന്റെ കഥാപാത്രം ചെയ്ത നടനെ അന്വേഷിക്കുന്നിടത്ത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം. മമ്മൂട്ടിയെപ്പോലൊരു താരത്തിനൊപ്പം അത്രയും വലിയൊരു കഥാപാത്രം ലഭിക്കുമ്പോള്‍, അത് ഏറ്റവും മികച്ച രീതിയില്‍ അഭിനയിച്ചുഫലിപ്പിക്കുക എന്നത് തന്നെയായിരുന്നു സുധി കോഴിക്കോട് എന്ന നടന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായ സുധി തീര്‍ച്ചയായും തങ്കനെ പോലൊരു കഥാപാത്രം അര്‍ഹിച്ചിരുന്നു. ജിയോ ബേബിയെന്ന സംവിധായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് തങ്കന്‍ എന്നാണ് സുധി പറയുന്നത്.
മമ്മൂട്ടി എന്ന നടന്റെ ഒരൊറ്റ ‘നോ’ യില്‍ ഈ കഥാപാത്രം തനിക്ക് നഷ്ടപ്പെടുമായിരുന്നെന്നും എന്നാല്‍ അദ്ദേഹം തന്നില്‍ അര്‍പ്പിച്ച വിശ്വാസം തന്നെയാണ് ഈ കഥാപാത്രത്തെ കൂടുതല്‍ മനോഹരമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നുമാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുധി പറയുന്നത്.
ആര്യ. പി: 15 വര്‍ഷമായി സിനിമ മേഖലയില്‍, 43 ഓളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. പക്ഷേ തങ്കനെപ്പോലൊരു കഥാപാത്രം തേടിയെത്താന്‍ ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു, എന്താണ് തോന്നുന്നത്?
സുധി കോഴിക്കോട്: കഥാപാത്രങ്ങള്‍ നമ്മളിലേക്ക് വന്നു ചേരുക എന്നുള്ളത് തന്നെയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് നമ്മള്‍ പറയാറില്ലേ, സമയം പ്രധാനമാണ്. വന്നു ചേരുന്നു എന്നുള്ളതേയുള്ളൂ. ജീവിതം എങ്ങനെയൊക്കെയാണെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ. നമ്മള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുക. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ് ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ കരിയറിന്റെ കാര്യത്തില്‍ ഞാന്‍ ഉറച്ചുനിന്നു. ഒരു ഘട്ടത്തിലും സിനിമയെന്ന പാഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. അതിന് എന്നെ കൊണ്ട് പറ്റില്ലായിരുന്നു. നമ്മള്‍ പരിശ്രമിക്കുക, പരിശ്രമിച്ചുകൊണ്ടേയിരിക്കുക.
ആര്യ. പി: കാതലിന് മുന്‍പായി സുധിക്ക് നഷ്ടപ്പെട്ടുപോയ സിനിമകളുണ്ടോ, ഉറപ്പായും ലഭിക്കുമെന്ന് കരുതി നഷ്ടപ്പെട്ട ഏതെങ്കിലും കഥാപാത്രങ്ങള്‍?
സുധി കോഴിക്കോട്: അടുത്തെത്തിയിട്ട് നഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളുണ്ട്. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ രണ്ട് ഹിറ്റ് സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ആയിരുന്നു. അടുത്തുവരെയെത്തിയെങ്കിലും ആ കഥാപാത്രങ്ങള്‍ നഷ്ടമായി. ഒരു സിനിമ അടുത്തിടെ സംഭവിച്ചതാണ്.
ആ കഥാപാത്രത്തിലേക്ക് നമ്മള്‍ മതിയെന്ന് പറയുന്നു. എന്നാല്‍ ഒരു മാസം കാത്തിരുന്നിട്ടും വിളിയൊന്നും വരാതിരുന്ന സമയത്ത് അന്വേഷിച്ചപ്പോഴാണ് ഷൂട്ട് തുടങ്ങിയതായി അറിഞ്ഞത്.
എന്തുകൊണ്ടാണ് എന്നെ പരിഗണിക്കാതിരുന്നത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. ഞാന്‍ അറിയുന്ന ഒരാള്‍ ഉണ്ടായിരുന്നു. പുള്ളി എന്നോട് കാര്യം തുറന്നുപറഞ്ഞു. ഇന്ന കാരണം കൊണ്ടാണ്, കഥാപാത്രത്തിന്റെ ഫ്ളേവര്‍ മാറി എന്നൊക്കെ.
ചില സിനിമകളില്‍ നിന്ന് എന്തുകൊണ്ട് നമ്മളെ മാറ്റിയെന്ന് പോലും അറിയാറില്ല. ചിലപ്പോള്‍ അവര്‍ക്ക് അത് നേരിട്ട് വിളിച്ചുപറയാന്‍ ഒരു മാനസിക വിഷമമുണ്ടാകും. നിങ്ങള്‍ ഈ സിനിമയിലില്ല എന്ന് പറയാന്‍.
നിങ്ങള്‍ തന്നെ ഈ കഥാപാത്രം ചെയ്യുമെന്ന് പറഞ്ഞ അതേയാള്‍ക്ക് നിങ്ങള്‍ ഈ സിനിമയില്‍ ഇല്ലെന്ന് വിളിച്ചുപറയാന്‍ ഒരു പ്രയാസമുണ്ടാകും. പിന്നെ വേറൊരു സിനിമയില്‍ ഞാനൊരു ഓപ്ഷനായി ഉണ്ടായിരുന്നു. പക്ഷേ അവര്‍ എനിക്ക് ഉറപ്പൊന്നും തന്നിരുന്നില്ല. പക്ഷേ ആ കഥാപാത്രവും എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച ഒരു കഥാപാത്രം കിട്ടാതാവുന്നത് വലിയ വിഷമം തന്നെയാണ്.
ഞാന്‍ ഒരു സാധാരണക്കാരനാണ്. പെട്ടെന്ന് വിഷമവും സങ്കടവും നിരാശയുമൊക്കെ വരുന്ന ആള്‍. ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവികമായ ഒരു വിഷമമുണ്ടല്ലോ. അത് എന്തായാലും ഉണ്ടാകുമല്ലോ. എനിക്കും ഉണ്ടായിരുന്നു.
പക്ഷേ അപ്പോഴും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. കുറച്ചുകാലം നിരാശപ്പെട്ട് നടക്കും. പിന്നെ അത് വിടും. എങ്കിലും സിനിമയിലേക്ക് എന്നെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കണമെന്ന ഒരു പാഷന്‍ അത് എല്ലാ സമയത്തും ഉണ്ട്. ഒരു സിനിമ ചെയ്തു കഴിഞ്ഞാലും എനിക്ക് വെറുതെ ഇരിക്കാന്‍ പറ്റില്ല, ഇനിയും സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാന്‍ തുടര്‍ന്നും സിനിമയിലും നാടകത്തിലുമുണ്ടാകും.
ആര്യ. പി: എങ്ങനെയാണ് തങ്കന്‍ സുധിയെ തേടിയെത്തുന്നത്?
സുധി കോഴിക്കോട്: ജിയോ ബേബി തന്നെയാണ് അതിന് കാരണം. പല അഭിമുഖങ്ങളിലും ജിയോ തന്നെ അത് പറഞ്ഞിട്ടുണ്ട്. ജിയോ വിളിച്ചതുപ്രകാരമാണ് ഞാന്‍ എറണാകുളത്തേക്ക് പോവുന്നത്. എന്താണ് സംഭവമെന്ന് എനിക്ക് അറിയില്ല. ജിയോ എന്നെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വിളിക്കാറുണ്ട്. അങ്ങനെ ഇത്തവണ വിളിച്ചപ്പോഴും പോയി.
ഇതിനിടെ ഞാന്‍ എവിടെയോ വായിച്ചിരുന്നു, മമ്മൂക്കയുമായൊരു സിനിമ ജിയോ ചെയ്യുന്നുണ്ടെന്ന്. അത് ഇതാണെന്നൊന്നും അറിയില്ല. ഇന്ന പടമാണെന്ന് പറഞ്ഞിട്ടൊന്നുമല്ല ജിയോ വിളിക്കുന്നത്. ഒരു സംഭവമുണ്ട് സുധിയേട്ടാ എന്ന് പറഞ്ഞു. എന്താണെന്നോ ഏതാണെന്നോ ഞാന്‍ ചോദിച്ചിട്ടില്ല. ജിയോ ഏത് പടത്തിന് വിളിച്ചാലും ഞാന്‍ പോകും. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റേയും പരസ്പരമുള്ള ഇഷ്ടത്തിന്റേയുമൊക്കെ അടിസ്ഥാനത്തിലാണ് അത്.
ജിയോ വിളിക്കുമ്പോള്‍ എന്താണ് കഥാപാത്രം എന്നുപോലും ഞാന്‍ ചോദിക്കാറില്ല. അങ്ങനെ എനിക്കൊരു വോയ്സ് ക്ലിപ്പ് അയച്ചു. കോഴിക്കോട് സ്ലാംഗ് ഒഴിവാക്കി എന്തെങ്കിലുമൊരു ഡയലോഗ് പറഞ്ഞ് ഒരു വോയ്സ് ക്ലിപ്പ് അയക്കാമോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ അത് അയച്ചുകൊടുത്തു.
കുറച്ചുദിവസം കഴിഞ്ഞ് എറണാകുളത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഒക്ടോബര്‍ രണ്ടിന് ഞാന്‍ എറണാകുളത്തേക്ക് പോയി. ഞാന്‍ എത്തിയതിന് ശേഷം അവര്‍ തമ്മിലുള്ള ചര്‍ച്ചകളും ചില ആശയക്കുഴപ്പങ്ങളുമൊക്കെ മനസിലാക്കിയപ്പോഴാണ് ഇത് എന്താണ് സംഭവമെന്ന് ഞാന്‍ ചോദിക്കുന്നത്.
ജിയോയെ മാറ്റി നിര്‍ത്തിയാണ് ഞാന്‍ ചോദിച്ചത്. ഇതൊരു മമ്മൂട്ടി പടമാണെന്നും ജ്യോതികയാണ് ഇതില്‍ അഭിനയിക്കുന്നതെന്നും ഇതില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമുണ്ട് അതിന് വേണ്ടി നോക്കുകയാണെന്നും പറഞ്ഞു. അപ്പോഴും പ്രധാനപ്പെട്ടത് എന്ന് അത്ര പ്രാധാന്യത്തോടെയൊന്നുമല്ല പറയുന്നത്.
ഇത് കേട്ടതും ഞാന്‍ ഞെട്ടി. ജിയോ എങ്ങനെയെങ്കിലും എന്നെ ഇതില്‍ ‘ഇന്‍’ ആക്കണമെന്ന് പറഞ്ഞു. കാരണം ഇതുവരെ എനിക്ക് പ്രധാനപ്പെട്ട വേഷങ്ങളൊന്നും സിനിമകളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
ജിയോയുടെ അടുത്ത് അങ്ങനെ പറയാനുള്ള ഒരു സ്വാതന്ത്ര്യം എനിക്കുണ്ട്. ഞങ്ങള്‍ക്കിടയില്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ഒരു സ്പേസുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഞാന്‍ പറഞ്ഞത്.
ഈ സിനിമ തന്റെ അടുത്ത് വരുന്നത് ആറ് മാസം മുന്‍പാണെന്നും അതിന് ശേഷമാണ് മമ്മൂക്കയുടെ അടുത്ത് പോകുന്നതെന്നും ഈ നിമിഷം വരെ നിങ്ങളല്ലാതെ ഒരു മുഖം ഈ കഥാപാത്രം ചെയ്യാന്‍ തന്റെ മനസില്‍ ഇല്ല എന്നുമായിരുന്നു ഇതോടെ ജിയോയുടെ മറുപടി.
ഈ കഥാപാത്രം ഞാന്‍ തന്നെ ചെയ്യണമെന്നും എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമെന്നുമുള്ള ഒരു വിശ്വാസം ജിയോയ്ക്ക് ഉണ്ടായിരുന്നു. എന്റെ ആ മുഖം മാത്രം മതിയായിരുന്നു. ബാക്കി എന്നെ കൊണ്ട് ചെയ്യിപ്പിച്ച് എടുക്കാന്‍ പറ്റുമെന്നുള്ള വിശ്വാസം ജിയോക്ക് ഉണ്ടായിരുന്നു.
അങ്ങനെയാണ് തങ്കനെ ഞാന്‍ ചെയ്യുന്നത്. ഓഡീഷന്‍ പ്രോസസൊക്കെയുണ്ടായിരുന്നു. തങ്കനെ മമ്മൂക്കയ്ക്ക് മുന്‍പില്‍ കാണിക്കുമ്പോള്‍ എന്നെ തങ്കനായി മാറ്റണമല്ലോ, അതിന് വേണ്ടി ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിട്ടുണ്ട്. മുറിയടച്ചിട്ടിരുന്ന് ഒരുപാട് നേരം സംസാരിച്ചു. പിന്നെ രണ്ട് പുരുഷന്‍മാര്‍ ചുംബിക്കുമ്പോള്‍ എന്നൊരു ബുക്ക് എനിക്ക് റഫര്‍ ചെയ്തിരുന്നു. അത് ഞാന്‍ വായിച്ചു.
ബാര്‍ സ്വീകന്‍സിലെ ഒരു ഡയലോഗ് പോര്‍ഷന്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ച ശേഷമാണ് മമ്മൂക്കയ്ക്ക് ആ വീഡിയോ അയച്ചുകൊടുക്കുന്നത്. മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കണമെന്നും മിക്കവാറും കുഴപ്പമൊന്നും ഉണ്ടാകില്ലെന്നുമാണ് എന്നോട് പറഞ്ഞത്. നിങ്ങള്‍ വീട്ടില്‍ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്നും മമ്മൂക്ക എന്താണ് പറയുന്നതെന്ന് നോക്കട്ടെയെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം ഞാന്‍ ജിയോയുടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് മനസിലാകുന്നത് ‘തങ്കന്‍…’ എന്ന് പറഞ്ഞ് ഒരു ചാദ്യചിഹ്നമിട്ട് എന്റെ വീഡിയോ ക്ലിപ്പ് മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നെന്നും ആ വീഡിയോ കണ്ട ശേഷം മമ്മൂക്ക ഓക്കെ എന്ന് പറഞ്ഞ് തിരിച്ച് മെസ്സേജ് അയച്ചെന്നും. മമ്മൂക്ക നോ എന്നായിരുന്നു പറഞ്ഞതെങ്കില്‍ ജിയോ വിചാരിച്ചാലും ഞാന്‍ ഈ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല.
ജിയോയോട് എനിക്ക് ഔപചാരികമായി നന്ദി പറയേണ്ടതില്ല, അങ്ങനെ ഒരു നന്ദി ആവശ്യപ്പെടുന്ന കക്ഷിയോ അതില്‍ അഭിരമിക്കുന്ന കക്ഷിയോ അല്ല അദ്ദേഹം. എന്റെ ഉള്ളില്‍ നന്ദി ഉണ്ടാകുമെന്ന് ജിയോയ്ക്ക് അറിയാം. പക്ഷേ മമ്മൂക്കയോട് എനിക്ക് നന്ദി എന്ന് തന്നെ പറയണം, അത് ഈ ലോകം കാണണം. മമ്മൂക്കയ്ക്കും ചിലപ്പോള്‍ ഈ ഔപചാരികതയുടെ ആവശ്യമുണ്ടാകില്ല, പക്ഷേ എനിക്കത് പറയണം.
ആര്യ. പി : കാതലിന്റെ കഥ പൂര്‍ണമായും അറിയാമായിരുന്നോ? സ്‌ക്രിപ്റ്റ് വായിച്ചിരുന്നോ?
സുധി കോഴിക്കോട്: ഇല്ല ഞാന്‍ വായിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് എനിക്ക് തരാന്‍ അവര്‍ തയ്യാറായിരുന്നു. ജിയോ എന്നെ വിശ്വസിക്കുന്നു, ഞാന്‍ അദ്ദേഹത്തേയും വിശ്വസിക്കുന്നു. ജിയോ ഒപ്പമുണ്ട് എന്നത് എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. എന്റെ ബലം തന്നെ ജിയോ ഉണ്ടല്ലോ എന്നതായിരുന്നു.
ജിയോയുടെ സിനിമയാണ്, അവിടെ എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റേണ്ടതുണ്ട്, അത് ചിലപ്പോള്‍ എല്ലാ ഡയറക്ടേഴ്സിന്റെ അടുത്തും പറ്റിയെന്ന് വരില്ല. ഒരു ദിവസം എന്തോ ആവശ്യത്തിന് ജിയോ പുറത്തുപോയതായിരുന്നു, അപ്പോള്‍ പോള്‍സണ്‍ സ്‌ക്രിപ്റ്റുമായി എന്റെ അടുത്ത് വന്നിട്ട് ചേട്ടാ സ്‌ക്രിപ്റ്റ് വായിക്കണ്ടേ എന്ന് ചോദിച്ചു.
ജിയോയോട് ഒന്ന് ചോദിക്കട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ ജിയോയെ ഫോണ്‍ ചെയ്തു ചോദിച്ചു. ‘അത് വേണോ’ എന്നായിരുന്നു ജിയോയുടെ തിരിച്ചുള്ള ചോദ്യം.
എന്താണ് തോന്നുന്നത് എന്ന് എന്നോട് ചോദിച്ചു. എനിക്ക് വായിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തന്നാല്‍ മതിയെന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വെച്ചാല്‍ അതിനനുസരിച്ച് ചെയ്യാമെന്നും പറഞ്ഞു.
വായിക്കണ്ട എന്നാണ് തോന്നുന്നത് എന്നായിരുന്നു ജിയോ പറഞ്ഞത്. ശരിയെന്ന് ഞാനും പറഞ്ഞു. ജിയോ സിനിമയുടെ ഓരോ ഏരിയകളും എനിക്ക് പറഞ്ഞു തരുമായിരുന്നു. അതില്‍ തങ്കന്‍ എന്ന കഥാപാത്രത്തിന്റെ ഏരിയകള്‍ എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചും ഇനി ഇതാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത്, ഇങ്ങനെയാണ് കഥ പോകുന്നത് എന്നൊക്കെ പറഞ്ഞിരുന്നു.
ഫൈനല്‍ ഔട്ട് പുട്ട് ആകുന്നതുവരെ അവര്‍ തമ്മിലും ഡിസ്‌കഷന്‍സ് നടന്നുകൊണ്ടിരിക്കുകയാണ്. ആ സീന്‍ വേണോ ഈ സീന്‍ വേണോ എന്നൊക്കെയുള്ള ആലോചന. ഇംപ്രവൈസേഷന്‍ പ്രോസസ് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. അതില്‍ മമ്മൂക്കയും ഇന്‍വോള്‍വ്ഡ് ആയിരുന്നു എന്ന് പിന്നെയാണ് ഞാന്‍ മനസിലാക്കിയത്.
ആര്യ. പി : സെറ്റിലെ ആദ്യ ദിവസം, മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ച?
സുധി കോഴിക്കോട്: സിനിമയുടെ സ്യുച്ച് ഓണ്‍ സമയത്താണ് മമ്മൂക്കയെ കാണുന്നത്. കാക്കനാടുള്ള പാരിഷ് ഹാളില്‍ വെച്ചായിരുന്നു സിനിമയുടെ സ്യുച്ച് ഓണ്‍ നടന്നത്. വലിയൊരു ഹാള്‍ ആണ്. അവിടേക്ക് മമ്മൂക്ക വരുന്നു. ഒരു സമുദ്രം ഇളകി വരുന്ന പ്രതീതിയാണ്. ഒരു ജനസമുദ്രം തന്നെ. ജിയോ ആദ്യം തന്നെ എന്നോട് പറഞ്ഞിരുന്നു സുധി ചേട്ടന്റെ ക്യാരക്ടറിന് അത്ര പബ്ലിസിറ്റി കൊടുക്കില്ലെന്നും ആ കഥാപാത്രത്തിന്റെ പബ്ലിസിറ്റി കുറച്ചുവെക്കാന്‍ ശ്രമിക്കുമെന്നും.
എന്റെ പേരൊക്കെയുണ്ടായിരുന്നെങ്കിലും വലിയൊരു പബ്ലിസിറ്റിയുണ്ടാവില്ലെന്നും സിനിമ ഇറങ്ങിയാല്‍ ചേട്ടന് പബ്ലിസിറ്റി കിട്ടുമെന്നും പറഞ്ഞു. സ്യുച്ച് ഓണ്‍ സമയത്ത് ഞാന്‍ ഇങ്ങനെ മാറി നില്‍ക്കുകയാണ്. ആ ഹാളില്‍ ഏകദേശം 250-300 പേരൊക്കെയുണ്ടാകും.
മമ്മൂക്ക ഇങ്ങനെ എല്ലാവരേയും നോക്കുന്നുണ്ട്. ഞാന്‍ അത്രയും ദൂരെ മാറി നില്‍ക്കുകയാണ്, പക്ഷേ മമ്മൂക്ക എന്നെ മനസിലാക്കി. പറയുമ്പോള്‍ മമ്മൂക്ക എന്നെ തലേദിവസം കാണുകയോ സംസാരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. എന്നെ കണ്ടതും വാ എന്ന് പറഞ്ഞ് വിളിച്ചു.
എനിക്ക് അടുത്തേക്ക് പോകേണ്ടി വന്നു. മമ്മൂക്ക വിളിച്ച് അടുത്ത് നിര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് അവിടെ വലിയ ശ്രദ്ധ കിട്ടി. അങ്ങനെയായിരുന്നു ആ കൂടിക്കാഴ്ച. പിന്നെ ഞാന്‍ അവിടെ നിന്ന് മാറി നിന്നു.
ആര്യ. പി : കാതലിലെ ആദ്യ സീന്‍?
സുധി കോഴിക്കോട്: ആദ്യത്തെ സീനില്‍ ഞാന്‍ ബാക്ക് ഗ്രൗണ്ടില്‍ ആയിരുന്നു. ആ വിവാഹപ്രശ്നം പരിഹരിക്കാന്‍ രാജന്‍ മേസ്തിരിയുടെ വീട്ടില്‍ മമ്മൂക്ക എത്തുന്ന സീനാണ് ആദ്യം എടുത്തത്. അദ്ദേഹത്തിന്റെ മകള്‍ ഒരാളുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുകയും ആ വിഷയം പരിഹരിക്കാന്‍ വേണ്ടി മമ്മൂക്ക എത്തുന്നതുമായ സീനാണ്.
മാത്യു സംസാരിക്കുമ്പോള്‍ തങ്കന്‍ പിറകിലുണ്ട്. മാത്യു അവിടേക്ക് വരുമ്പോള്‍ തങ്കന്‍ അദ്ദേഹത്തെ കാണുന്നുണ്ട്. ആ സീനാണ് ആദ്യം എടുത്തത്. ആ സീന്‍ ചെയ്യുമ്പോള്‍ തന്നെ എനിക്ക് മമ്മൂക്കയോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു.
മേക്കപ്പ് ഒക്കെ ചെയ്ത് വന്നപ്പോള്‍ തന്നെ തങ്കന്‍ ഇതാണ് എന്ന് ജിയോ പറഞ്ഞിരുന്നു. ആ സീന്‍ കഴിഞ്ഞ ശേഷം പോള്‍സണ്‍ എന്റെ അടുത്ത് വന്ന് ഇപ്പോഴാണ് എനിക്ക് സമാധാനമായത് സുധിയേട്ടാ എന്ന് പറഞ്ഞു. എല്ലാവരും ഹാപ്പിയായിരുന്നു.
ആര്യ. പി : കാതലിലെ ഏറ്റവും മനോഹരമായ രംഗങ്ങളില്‍ ഒന്നാണ് തങ്കന്റെ കടയില്‍ നിന്നും ചാച്ചന്‍ കടലമിഠായി വാങ്ങാന്‍ വരുന്നത്. ചാച്ചന് കടലമിഠായി എടുത്തു കൊടുക്കുന്ന രംഗവും അതുപോലെ വോട്ട് ചെയ്ത തിരിച്ചിറങ്ങുമ്പോള്‍ ചാച്ചനെ നോക്കുന്നതുമായ സീനുണ്ട്. ചാച്ചനുമായുള്ള ആ സീനുകളെ കുറിച്ച് പറയാമോ?
സുധി കോഴിക്കോട്: ശരിക്കും പറഞ്ഞാല്‍ ആ സീനിന്റെ തീവ്രത ഉള്‍ക്കൊണ്ടല്ല ചെയ്തത്. ആ സീനില്‍ എത്ര ചിരിക്കണം എങ്ങനെ ചെയ്യണമെന്നൊക്കെയുള്ള കാര്യങ്ങള്‍ പറഞ്ഞു തന്നത് ജിയോയാണ്. സിനിമയുടെ ഏത് സന്ദര്‍ഭത്തിലാണ് ഈ സീന്‍ എന്നോ, സിനിമ എവിടെയാണ് എത്തിനില്‍ക്കുന്നതെന്നോ നമുക്കറിയില്ല.
സ്‌ക്രിപ്റ്റ് വായിക്കാത്തതുകൊണ്ട് തന്നെ സിനിമ എവിടെ എത്തിനില്‍ക്കുന്നു എന്ന് എനിക്ക് പൂര്‍ണമായി അറിയില്ലായിരുന്നു. പക്ഷേ ഞാന്‍ വര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച നോട്ടം ജ്യോതികാ മാമുമായുള്ള നോട്ടമായിരുന്നു. അതിന്റെ കാര്യമെന്താണ് വെച്ചാല്‍ ഏത് അര്‍ത്ഥത്തിലായിരിക്കും തങ്കന്‍ നോക്കുന്നുണ്ടാവുക, ചിരിക്കുന്നുണ്ടാവുക എന്നൊക്കെ ആലോചിച്ചിരുന്നു.
ഇത്രയും കാലം നിങ്ങളില്‍ നിന്ന് മാത്യുവിനെ അകറ്റിയത് താനാണല്ലോ എന്ന അര്‍ത്ഥത്തില്‍ ഉള്ളില്‍ ഒരു മാപ്പുപറച്ചിലോടെ, അതേസമയം മാത്യുവിനെ നമുക്ക് വിട്ടുതരാന്‍ അവര്‍ തയ്യാറാകുന്നുമുണ്ട് അതെല്ലാം ഉള്ളില്‍ വെച്ചുകൊണ്ടുള്ള ചിരിയാണോ വേണ്ടത് അല്ലെങ്കില്‍ ഒരു ചമ്മല്‍ ഉള്ളില്‍ വെച്ചുള്ള ചിരിയാണോ വരേണ്ടത് എന്നൊക്കെയുള്ള ആശങ്കകള്‍ എനിക്കുണ്ടായിരുന്നു.
എങ്ങനെയാണ് വേണ്ടതെന്ന് ജിയോയോട് ചോദിച്ചിരുന്നു. നേരത്തെ പ്ലാന്‍ ചെയ്യേണ്ടെന്നും ചെയ്ത ശേഷം നോക്കാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു ചിരി ചിരിച്ചു, അപ്പോള്‍ അതല്ല വേണ്ടതെന്നും ഓപ്പണ്‍ ആയിട്ടുള്ള ഒരു ചിരി തന്നെയാണ് വേണ്ടതെന്നും ജിയോ പറഞ്ഞു. ഇത് ഏത് അര്‍ത്ഥത്തിലാണ് സിനിമയില്‍ വരുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഒരു ഉപകരണം മാത്രമായിരുന്നു.
അവര്‍ പറയുന്ന രീതിയില്‍ ഒരു എക്സ്പ്രഷന്‍ കൊടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു കെമിസ്ട്രി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പറയുന്നത് മനസിലാക്കുക എന്നതുള്ളതാണ്. അതുപോലെ ചാച്ചനെ നോക്കിയുള്ള ചിരിയിലും വലിയ തീവ്രത വേണ്ട, എന്നാല്‍ മനസില്‍ തീവ്രത വേണമെന്നും പറഞ്ഞിരുന്നു.
ആര്യ. പി : മാത്യുവിന്റെ കയ്യില്‍ നിന്ന് തങ്കന്‍ വോട്ടിനുള്ള സ്പ്ലിപ്പ് വാങ്ങി, മഴയത്തേക്കിറങ്ങി കാറില്‍ വന്ന് കയറുന്ന സിനിമയിലെ രംഗം പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരുന്നു. എത്രത്തോളം ഉള്‍ക്കൊണ്ടാണ് ആ സീന്‍ ചെയ്തത്? എന്തായിരുന്നു ആ സമയം മനസില്‍?
സുധി കോഴിക്കോട്: ആ രംഗമൊക്കെ എടുക്കുമ്പോഴേക്ക് ഞാന്‍ തങ്കനായി മാറിയിട്ടുണ്ട്. കഥാപാത്രമായി വേഷമിട്ട് നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ആ കഥാപാത്രം നമ്മളില്‍ രൂപപ്പെടും. പിന്നെ നമ്മുടെ ഇമോഷന്‍സ് പ്രധാനപ്പെട്ടതാണ്. തങ്കന്റെ ഒരു ക്യാരക്ടര്‍ നോട്ട് എനിക്ക് തന്നിട്ടുണ്ടായിരുന്നു. ഇടയ്ക്കിടെ ഞാന്‍ അതെടുത്ത് നോക്കുമായിരുന്നു.
പിന്നെ ആ സിറ്റുവേഷനെ നമ്മള്‍ ഉള്‍ക്കൊള്ളുക എന്നതുള്ളതാണ്. ആ കവലയില്‍ നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്, ഈ വിഷയം നാട്ടുകാര്‍ എല്ലാവരു അറിഞ്ഞു കഴിഞ്ഞു. ഒരുപാട് പേര്‍ തങ്കനും മാത്യുവും അടുത്ത് നില്‍ക്കുമ്പോള്‍ അത് കാണുന്നുണ്ടാവും എന്നൊക്കെയുള്ള ബോധം ആ സമയത്തുണ്ടാകും. ഒരു പ്ലാനും ഇല്ലാതെ തന്നെയാണ് ചെയ്തത്.
ഇന്ന രീതിയില്‍ ചെയ്യണമെന്ന് ജിയോ പറഞ്ഞിട്ടുമില്ല. ഞാന്‍ അവിടെ നിന്ന് ഇറങ്ങി, മമ്മൂക്കയുടെ അടുത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഉണ്ടായ ഒരു റിയാക്ഷന്‍ അത് തന്നെയാണ് ആ സീനില്‍ കാണുന്നത്. പിന്നെ ഒരേയൊരു കാര്യം ചെയ്തത്, മഴയത്ത് ഓടി വണ്ടിയില്‍ കയറി വണ്ടിയെടുത്ത് തിരിച്ചുപോകുമ്പോള്‍, എന്റെയുള്ളില്‍ ആദ്യം ഉണ്ടായിരുന്നത് തിരിഞ്ഞു നോക്കുകയേ ചെയ്യരുത് എന്നായിരുന്നു.
കാരണം എല്ലാവരും ആ സമയത്ത് തങ്കനെ ശ്രദ്ധിക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ ഒരു നോട്ടം നോക്കിയാല്‍ പോലും മാത്യുവിന് അത് അപമാനകരമായിപ്പോകുമെന്ന തോന്നലായിരുന്നു എന്റെ മനസില്‍. ആ ഒരു ഇമോഷനായിരുന്നു ഞാന്‍ ഉള്ളില്‍ വെച്ചിരുന്നത്. പക്ഷേ ജിയോ എന്നോട് പറഞ്ഞത് സുധി ചേട്ടന്‍ ഒരു നോട്ടം നോക്കണമെന്നാണ്. ആ നോട്ടമാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ നോട്ടം. ആ നോട്ടം എല്ലാവരുടേയും ഉള്ളിലേക്ക് കയറി.
ആര്യ. പി : ചേച്ചിമാരെ ഡ്രൈവിങ് പഠിപ്പിക്കുന്ന സീനൊക്കെ എങ്ങനെയായിരുന്നു ചിത്രീകരിച്ചത് ? തുടക്കത്തില്‍ ചിത്രീകരിച്ച സീനുകളാണോ അത്?
സുധി കോഴിക്കോട്: അതെ. അതൊക്കെ തുടക്കത്തില്‍ എടുത്ത സീനുകളാണ്. ഡയലോഗ് ഉള്ള എന്റെ ആദ്യത്തെ സീനായിരുന്നു അത്. ക്യമാറ റിഗ് കെട്ടി അങ്ങ് വിടുകയാണ്. മിഥിലയാണ് ഡ്രൈവ് ചെയ്യുന്നത്. അതൊരു പഴയ വണ്ടിയാണ്. അവര്‍ക്ക് ഈ വണ്ടിയാണെങ്കില്‍ നന്നായി ഓടിക്കാനും കഴിയുന്നില്ല. എനിക്കാണെങ്കില്‍ കോട്ടയം സ്ലാംഗില്‍ ഡയലോഗ് പറയണം, അതിന്റെയൊരു പ്രശ്‌നം, ആക്ടിങ് വരണം ഈ കാറ് ഇവര്‍ കൃത്യമായി ഓടിക്കണം, ഇതൊക്കെയുണ്ട്. മുന്നില്‍ ഒരു വണ്ടിയില്‍ ഞങ്ങളെ ഫോളോ ചെയ്യുന്ന ക്യാമറയുണ്ട്, അതിനിടെ കൃത്യം സ്ലാംഗ് പിടിച്ച് ഡയലോഗ് പറയണം. അങ്ങനെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ ആദ്യമായി ഡയലോഗ് പറഞ്ഞ് ചെയ്തതിന്റെയൊക്കെ ഒരു പിടിത്തം ആ സീനിനുണ്ടോ എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്.
ആര്യ. പി : മുത്തുമണിയുമായും ചിന്നു ചാന്ദ്നിയുമായുള്ള സൗഹൃദത്തെ കുറിച്ച് ?
സുധി കോഴിക്കോട്: മുത്തു ഒരു അസാധ്യ തിയേറ്റര്‍ ആര്‍ടിസ്റ്റും സിനിമാ താരവുമാണ്. ഞങ്ങള്‍ ഒന്നിച്ച് നാടകത്തില്‍ അഭിനയിച്ചിട്ടില്ല. മുത്തുമണിയുടെ കൂടെ ഞാന്‍ മുന്‍പും സിനിമ ചെയ്തിട്ടുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റൊക്കെയായിട്ടാണ് അന്ന് ചെയ്തിരുന്നത്. ഡയലോഗൊന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ ഡയലോഗ് ഉണ്ടാകും. അപ്പോഴും മുത്തു അറിയപ്പെടുന്ന ആക്ടര്‍ ആണ്.