'എന്റെ നീലി ഫെയര്‍ അല്ല ഡാര്‍ക്കാണ്.. എന്റെ ചന്ദ്രികക്ക് നീണ്ട മുടിയല്ല ബോയ്ക്കട്ടാണ്.. ഫിലോമിനയെ എനിക്കത്ര ഇഷ്ടമാണ്'; പവി ശങ്കര്‍ പറയുന്നു
Dool Talk
'എന്റെ നീലി ഫെയര്‍ അല്ല ഡാര്‍ക്കാണ്.. എന്റെ ചന്ദ്രികക്ക് നീണ്ട മുടിയല്ല ബോയ്ക്കട്ടാണ്.. ഫിലോമിനയെ എനിക്കത്ര ഇഷ്ടമാണ്'; പവി ശങ്കര്‍ പറയുന്നു
രോഷ്‌നി രാജന്‍.എ
Tuesday, 19th November 2019, 4:40 pm
ഞാന്‍ തീവ്രവാദിയാണെന്ന് പറഞ്ഞ് എന്റെ ഫോട്ടോ വാട്ട്സ്ആപ്പില്‍ പ്രചരിക്കുകപോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ മുന്നോട്ട് പോവാന്‍ തന്നെയാണ് എന്റെ തീരുമാനം. കേരളത്തില്‍ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന രീതി ചെയ്തുകൊണ്ട് നിലനില്‍ക്കുന്നത് ഞാന്‍ അതികം ആരിലും കണ്ടിട്ടില്ലതാനും.

ചുണ്ടില്‍ ചുവപ്പ് ചായം തേച്ച, മുടി മഞ്ഞനിറം പൂശിയ, കണ്ണിനുമുകളില്‍ പച്ച മസ്‌കാരയിട്ട ‘ആരെടാ നാറീ നീ’ എന്നു തലയുയര്‍ത്തി ചോദിക്കുന്ന ഫിലോമിനയെ വീണ്ടും മലയാളികള്‍ ആഘോഷിച്ചത് പവി ശങ്കര്‍ എന്ന ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റിന്റെ വര്‍ക്കിലൂടെയാണ്. ‘ഫിലോമിനയെ എനിക്കൊത്തിരി ഇഷ്ടമാണ്.. തഗ്ഗ് അല്ലേ അവര്‍? എന്റെ പോപ് ആര്‍ട്ടിലേക്കു കൊണ്ടുവരാന്‍ അതിനേക്കാള്‍ നല്ലൊരു മുഖമുണ്ടോ?’ എന്ന് പവീ, നിങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങളുടെ വര്‍ക്കുകള്‍ക്കു പലതും സംസാരിക്കാനുണ്ടെന്നു തോന്നിയിരുന്നു.

തിരുവനന്തപുരംകാരനായ പവി ശങ്കര്‍ തന്റെ വര്‍ക്കുകളുമായി ഇമ്മിണി തിരക്കിലാണ്. ഡിജിറ്റല്‍ ആര്‍ട്ട് രംഗത്തുതന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റത്തിലൂടെ ഈ യുവാവ് പലതിനെയും ട്രോളുന്നുണ്ട്, കുറച്ച് രാഷ്ട്രീയം പറയുന്നുണ്ട്, പൊതുബോധത്തിനെ കമഴ്ത്തിയടിച്ച് കൈയടി നേടുന്നുണ്ട്, ആരും ശ്രമിക്കാത്ത ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

അതുകൊണ്ടാവാം കൈയില്‍ സിഗരറ്റ് പിടിച്ച് നിലാവത്ത് ചിരിച്ചിരിക്കുന്ന മുടി ബോയ്കട്ടടിച്ച കള്ളിയങ്കാട്ട് നീലി മലയാളിക്ക് മുന്നിലെത്തിയത്. അതുകൊണ്ടാവാം മലയാളിയുടെ വിചാരങ്ങളിലേക്ക് പുതിയൊരു ചന്ദ്രികയെയും രമണനെയും പവിക്കു നല്‍കാന്‍ കഴിയുന്നത്.

പവി ശങ്കര്‍ തന്റെ വര്‍ക്കുകളെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് ഡിജിറ്റല്‍ ആര്‍ട്ട് രംഗത്തേക്ക് എത്തുന്നത്?

കുട്ടിക്കാലം മുതലേ വരയോട് ഇത്തിരി കമ്പമുണ്ട്. പിന്നെ ഡിഗ്രി പഠിക്കാന്‍ വിഷയമായെടുത്തത് പെയിന്റിംഗ് തന്നെയായിരുന്നു. പഠനത്തിനൊപ്പം തന്നെ ചില സിനിമാ വര്‍ക്കുകളും ഏറ്റെടുത്തിരുന്നു. ആദ്യമൊക്കെ വരച്ച് അപലോഡ് ചെയ്യുന്ന രീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് യൂട്യൂബില്‍ നിന്നെല്ലാം ഡിജിറ്റല്‍ ആര്‍ട്ടിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു. ഒരുപാട് വര്‍ക്കുകള്‍ കാണാന്‍ തുടങ്ങി. ഒരു സമയത്ത് പല വര്‍ക്കുകളും കാണുക എന്നതായിരുന്നു പതിവ്. ടൂള്‍സ് ഉപയോഗിക്കാനും മൗസ് വെച്ച് വരക്കാനുമുള്ള പരീക്ഷണങ്ങളുടെ തുടക്കം ആ സമയത്തായിരുന്നു.

ചിത്രങ്ങള്‍ വരച്ച് സിസ്റ്റത്തില്‍ ഇട്ട് സ്‌കാന്‍ ചെയ്ത് കളര്‍ ആഡ് ചെയ്യുന്ന രീതിയായിരുന്നു ആദ്യമൊക്കെ പിന്നീടാണ് വരക്കാന്‍ വാക്ക്വം ടാബ്ലറ്റ് വാങ്ങുകയും അതില്‍ വരയ്ക്കാനും തുടങ്ങി. ഡിജിറ്റല്‍ ആര്‍ട്ട് എന്ന് മുഴുവനായി പറയാന്‍ കഴിയുന്ന വര്‍ക്കുകളിലേക്ക് അങ്ങനെയാണ് കടക്കുന്നത്.

താങ്കളുടെ ഡിജിറ്റല്‍ ചിത്രങ്ങളില്‍ രാഷ്ട്രീയമായി ചില ഇടപെടലുകള്‍ കാണാന്‍ കഴിയുന്നു. ശക്തമായ രാഷ്ട്രീയം ചാലിച്ച് വരച്ച ചിത്രങ്ങള്‍ ചില അടയാളപ്പെടുത്തലുകളാണോ?

അതെ. ചിത്രങ്ങളില്‍ എനിക്ക് പറയാനുള്ള രാഷ്ട്രീയം ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തോളമായി. മറ്റുള്ളവരുടെ വര്‍ക്കുകളില്‍ എന്റെയൊരു സ്‌റ്റൈലും ചേര്‍ത്ത് ചിത്രങ്ങള്‍ വരക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. അതിനപ്പുറത്തേക്ക് ആളുകള്‍ സംസാരിക്കേണ്ട ചിത്രങ്ങള്‍ ഉണ്ടാവണമെന്ന് തോന്നി. അങ്ങനെയാണ് രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ വരക്കുന്നത്. മാറ്റം ഉണ്ടാവുക എന്നുള്ളതും അനിവാര്യതയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നര്‍മഭൂമി പോലുള്ള പല കാര്‍ട്ടൂണ്‍ പബ്ലിക്കേഷനുകളും നിര്‍ത്തുകയുണ്ടായി. ഓണ്‍ലൈന്‍ വരക്കാരും കുറയുകയായിരുന്നു. ചിത്രങ്ങളെ പുറത്തെത്തിക്കാനുള്ള പുതിയ സാധ്യതകളെ ഞാന്‍ പരീക്ഷിക്കുന്നത് അങ്ങനെയൊക്കെയാണ്. എന്റെ ചിന്തകളും രാഷ്ട്രീയവും ചേര്‍ത്തുള്ള വരകള്‍ ആളുകള്‍ക്ക് മുന്നിലേക്ക് നല്‍കണമെന്ന് തോന്നുകയായിരുന്നു.

സാധാരണ വരകളില്‍ കവിഞ്ഞ് വ്യത്യസ്തമായി എന്ത് ചെയ്യാന്‍ പറ്റും എന്ന് ആലോചിച്ചു. എന്റെ വൈകാരികതയും ചിന്തകളും കൂടി അടങ്ങിയിട്ടുള്ളതാണ് ചിത്രങ്ങള്‍. ചുറ്റുപാടും ഒരു പ്രശ്നം നടക്കുമ്പോള്‍ അതിനോട് ട്രോള്‍ രൂപത്തിലുള്ള വരയിലൂടെയുള്ള പ്രതികരണങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് ട്രോള്‍ രീതികള്‍ വരയില്‍ പരീക്ഷിച്ചിട്ടുണ്ട്.

പോപ് ആര്‍ട്ട് രീതികള്‍ മലയാളികള്‍ക്ക് സുപരിചിതമാക്കിക്കൊടുക്കാന്‍ പവിക്ക് കഴിഞ്ഞുവെന്ന് തോന്നിയിട്ടുണ്ടോ?

വെസ്റ്റേണ്‍ ആര്‍ട്ട് രീതിയാണ് പോപ് ആര്‍ട്ട്. കോമിക്കലായി ക്യാരക്ടറുകളെ വരച്ചെടുക്കാന്‍ സാധിക്കണം. പോപ്പുലറായിട്ടുള്ള ഇമേജുകളെ പുതിയ സാധ്യതകള്‍ പരീക്ഷിച്ച് വരച്ചെടുക്കാന്‍ ശ്രമിക്കുന്ന രീതി. ആളുകള്‍ക്ക് സുപരിചിതമായ ഇമേജുകളും ക്യാരക്റ്ററുകളും ആണ് കൂടുതലായും വരക്കാനായി ഉപയോഗിക്കുന്നത്. എന്റെ മിക്ക വര്‍ക്കുകളും പോപ് ആര്‍ട്ടില്‍പ്പെടുന്നവയാണ്. അതില്‍നിന്ന് വ്യത്യസ്തമായി വരയ്ക്കുന്നത് വൈകാരികതയെ അടിസ്ഥാനമാക്കിയുള്ള വരകളാണ്. കഥകളിയും ജോക്കറും ചേര്‍ത്ത് വരച്ചതും, ഫിലോമിനയെ വരച്ചതുമൊക്കെ പോപ് ആര്‍ട്ട് രീതിയാണ്. ആളുകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയണം എന്നുള്ളതും ഇതിന്റെ ആവശ്യമാണ്.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെട്ട പവിയുടെ ചിത്രങ്ങള്‍ എടുത്തുനോക്കുമ്പോള്‍ മിക്കതും വിനോദ രീതിയിലുള്ളതാണ്..

അതെ. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് അത്തരത്തിലുള്ള ചിത്രങ്ങളാണ്. ഫിലോമിന അത്തരത്തിലുള്ള ഒന്നാണ്. കുട്ടൂസനെ കഥാപാത്രമാക്കി വരച്ചതും ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതായിരുന്നു.

പവിയുടെ ചിത്രങ്ങളെ ആളുകള്‍ ഏറ്റെടുക്കുന്ന രീതിയെ സംബന്ധിച്ച് എന്താണു തോന്നിയിട്ടുള്ളത്?

പല തരത്തിലാണ് പ്രതികരണങ്ങള്‍ ലഭിച്ചിട്ടുള്ളത്. പല മോശമായ പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ട്. പലര്‍ക്കും ഡിജിറ്റല്‍ ആര്‍ട്ട് എന്ന് പറയുന്നത് സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുക എന്നതാണ് കാഴ്ചപ്പാട്. എന്നാല്‍ അതിന് പുറത്തേക്കുള്ള പരീക്ഷണങ്ങളിലേക്ക് കടക്കാനാണ് ഞാന്‍ ശ്രമിച്ചത്.

എന്നാല്‍ സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ഒരു മേഖലയുമാണിത്. കേരളത്തില്‍ വലിയ സ്വീകാര്യതയോ വിപണിമൂല്യമോ ഇത്തരം വര്‍ക്കുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍. പുറം രാജ്യങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇത്തരം വര്‍ക്കുകള്‍ക്ക് ലഭിക്കുന്നത്. ചിത്രങ്ങള്‍ വാങ്ങാനും ആര്‍ട്ടിനെ ഏറ്റെടുക്കാനും അവിടെ ആളുകള്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ഇവിടെ അത്രത്തോളം ആളുകള്‍ ചിത്രങ്ങള്‍ വാങ്ങാനോ മറ്റോ ആയി സമീപിക്കുന്നത് വളരെ കുറവാണ്. മറ്റൊരു തൊഴില്‍ നഷ്ടപ്പെടുത്തി മുഴുവനായും ഈ മേഖലയിലേക്ക് കടന്ന എന്നെപ്പോലുള്ളവര്‍ക്ക് സാമ്പത്തികമായ ഒരു ഭദ്രത ഈ മേഖലയില്‍ നിന്ന് ലഭിക്കേണ്ടതുണ്ടല്ലോ. അക്കാര്യത്തില്‍ ചില സംശയങ്ങള്‍ ബാക്കിയാണ്.

സെക്ഷ്വാലിറ്റിയും, ന്യൂഡിറ്റിയും, റൊമാന്റിസിസവുമെല്ലാം പവിയുടെ ചിത്രങ്ങളിലെ ഘടകങ്ങളാണ്. എങ്ങനെയാണ് വിഷയങ്ങളിലേക്ക് എത്തിച്ചേരുന്നത്?

എന്റെ രാഷ്ട്രീയമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് പലപ്പോഴും വിഷയങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ വരച്ച ചിത്രങ്ങളില്‍ പലതിനെയും ആളുകള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കാതെ പോകുന്നു. ഞാന്‍ വരച്ച ഒരു ചിത്രത്തിന്റ പേരില്‍ എനിക്കെതിരെ കേസുപോലുമുണ്ട്. ചിത്രം മോര്‍ഫ് ചെയ്തു എന്ന രീതിക്കാണ് കേസെടുത്തത്. എന്നാല്‍ മോര്‍ഫിങ്ങും വരയും രണ്ടും രണ്ടാണെന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്തതാണോ. കേസ് ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുകയാണ്.

പോസിറ്റീവ് ചിന്തയില്‍ ചെയ്ത ഒരു വര്‍ക്കാണ് നെഗറ്റീവായി വായിക്കപ്പെട്ടത്. ഇമേജാണ് പലര്‍ക്കും പ്രശ്നമാവുന്നത്. അതെങ്ങനെയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സെക്ഷ്വാലിറ്റിയോ, ന്യൂഡിറ്റിയോ, ലെസ്ബിയന്‍ രാഷ്ട്രീയമോ വരച്ചാല്‍ ആളുകള്‍ സ്വീകരിക്കുന്നില്ലെന്നത് കഷ്ടമാണ്. ന്യൂഡിറ്റിയെ പറ്റി ചിന്തിക്കുന്നവരും സംസാരിക്കുന്നവരും അല്ലേ എല്ലാവരും എന്നിട്ടും ചില സമയങ്ങളില്‍ പലതും ഒളിപ്പിക്കുകയും, സദാചാരരീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനെതിരെ ബോധപൂര്‍വ്വം തന്നെ പലതും കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ ഫോണില്‍ വിളിച്ച് തല്ലിക്കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്താറുണ്ട്. അവയൊന്നും കാര്യമായെടുക്കാതെ മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പലര്‍ക്കും പലതരത്തിലുളള അജണ്ടകളാണല്ലോ. അതുകൊണ്ടാണല്ലോ നമുക്ക് വരക്കേണ്ടി വരുന്നതും..

ഫേസ്ബുക്കിലാണ് അധികവും പ്രശ്നമുണ്ടായിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പിന്നെയും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു ഫേസ്ബുക്ക് കുറച്ചുകൂടി ഓപ്പണായിരിക്കുന്നതുകൊണ്ടാണ് പ്രതികരണങ്ങള്‍ പെട്ടന്ന് ലഭിക്കുന്നത്. ഞാന്‍ തീവ്രവാദിയാണെന്ന് പറഞ്ഞ് എന്റെ ഫോട്ടോ വാട്ട്സ്ആപ്പില്‍ പ്രചരിക്കുകപോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ മുന്നോട്ട് പോവാന്‍ തന്നെയാണ് എന്റെ തീരുമാനം. കേരളത്തില്‍ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന രീതി ചെയ്തുകൊണ്ട് നിലനില്‍ക്കുന്നത് ഞാന്‍ അതികം ആരിലും കണ്ടിട്ടില്ലതാനും.

മലയാള സിനിമാരംഗത്തും പവിയുടെ വര്‍ക്കുകള്‍ ഉണ്ടായിട്ടില്ലേ? ഏതൊക്കെയാണ് അവ?

ഇയ്യോബിന്റെ പുസ്തകം, ആമേന്‍, ടമാര്‍ പഠാര്‍, തമിഴ് ചിത്രം മാരി, മലയാളത്തില്‍ തന്നെ വെള്ളിമൂങ്ങ, എന്നീ ചിത്രങ്ങളില്‍ വി.എഫ്.എക്സ് വര്‍ക്കുമായി ബന്ധപ്പെട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നെ പോസ്റ്റര്‍ വര്‍ക്കുകളായി ആഭാസം, കരിങ്കുന്നം സിക്സസ്, മൂത്തോന്‍ എന്നീ സിനിമകളിലും വര്‍ക്ക് ചെയ്തു. മൂത്തോന്‍ സിനിമയുടെ സ്റ്റോറി ബോര്‍ഡും, ഫസ്റ്റ് ലുക്ക് പോസ്റ്ററും ചെയ്തത് ഞാനാണ്. നിലവില്‍ ഒരു പടത്തിന്റെ വിഷ്വല്‍ ആര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

മതപരമായ ചില കഥാപാത്രങ്ങളിലും പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായല്ലോ?

മറിയത്തിനെയും ക്രിസ്തുവിനെയുമെല്ലാം വര്‍ക്കുകളില്‍ വ്യത്യസ്തമായി ചിത്രീകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് അത്തരം ചിത്രങ്ങള്‍ക്ക്. പൊതുവെ മറിയം അമ്മ എന്ന രീതിയിലൊക്കെ ആളുകളുടെ കാഴ്ച്ചപ്പാട് കരുണ, സമാധാനം, ദൈവീകം എന്നൊക്കെയാണ്.

മറിയത്തെ ഒരു ആസിഡ് അറ്റാക്ക് സംഭവിച്ച സ്ത്രീയുടെ രൂപത്തിലേക്ക് ഞാന്‍ മാറ്റിയെടുക്കുകയായിരുന്നു. കാരണം ആസിഡ് അറ്റാക്കിനിരയായവരെയൊക്കെ മാറ്റി നിര്‍ത്തുകയാണ് നമ്മുടെ സമൂഹം. കുട്ടികള്‍ പോലും അവരെ പേടിയോടെയാണ് നോക്കിക്കാണുന്നത്. അത് മാറേണ്ടതുണ്ട്. മാതാവിനാണ് ഇങ്ങനെയൊരു അറ്റാക്ക് ഉണ്ടായിട്ടുള്ളതെങ്കില്‍ ദൈവീകത നഷ്ടപ്പെടുമോ? ആളുകള്‍ക്ക് മനസ്സിലാവാന്‍ എളുപ്പത്തില്‍ കഴിയുക ഇത്തരത്തിലുള്ള വരകളിലൂടെയായിരിക്കും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

വര്‍ക്കുകളില്‍ സ്വാധീനിച്ച വ്യക്തികള്‍ ഉണ്ടായിട്ടുണ്ടോ?

വാന്‍ഗോഗ് എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈഗോണ്‍ ഷില്ലെയെ എനിക്ക് വളരെ ഇഷ്ടമാണ്. ന്യൂഡിറ്റിയില്‍ പരീക്ഷങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണദ്ദേഹം. പിന്നെ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് ബാങ്ക്സിയും എന്റെ വരകളെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ്. ചിത്രങ്ങളില്‍ രാഷ്ട്രീയം കൊണ്ടുവരുന്ന രീതികളില്‍ ബാങ്ക്സിയെ ഞാന്‍ ഒരുപാട് നിരീക്ഷിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയ വഴിയാണ് പവിയുടെ പല ചിത്രങ്ങളും പുറത്തുവരുന്നത്. അങ്ങനോരു പ്ലാറ്റ്ഫോം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നതാണോ?

ഒരു എക്സിബിഷന്‍ നടത്തുന്നതിനേക്കാള്‍ ആളുകളിലേക്ക് ചിത്രങ്ങള്‍ എത്തിച്ചേരുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. ഒരു പാട് ആളുകള്‍ക്ക് കാണാനും അഭിപ്രായം പറയാനും ഉള്ള സാധ്യതകള്‍ അതിനുണ്ടല്ലോ. എന്റെ ചിത്രങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളതും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.