ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണം; താനടക്കം എല്ലാവരും ഉത്തരവാദികളെന്ന് നെതന്യാഹു
World
ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണം; താനടക്കം എല്ലാവരും ഉത്തരവാദികളെന്ന് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 11:00 am

ടൈൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ താനടക്കം എല്ലാവരും ഉത്തരവാദികളെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇതാദ്യമായാണ് നെതന്യാഹു ഹമാസിൻ്റെ ഒക്‌ടോബർ 7-ലെ പ്രത്യാക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രത്യക്ഷപ്പെടുന്നത്. ആക്രമണം തൻ്റെ ഗവൺമെൻ്റിന് മുൻകൂട്ടി കാണാനോ തടയാനോ കഴിഞ്ഞില്ല എന്ന് നെതന്യാഹു ടെലിവിഷൻ സൈക്കോളജിസ്റ്റ് ഡോ. ഫിൽ മാർക്കോയുടെ യൂട്യൂബ് ചാനലിൽ

നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ വിശദീകരണം ഞങ്ങൾ നൽകും. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, എന്താണ് സംഭവിച്ചത്, എങ്ങനെ സംഭവിച്ചു, ആരാണ് കാരണക്കാർ എന്നതിനെക്കുറിച്ചുള്ള സമഗ്രമായ പരിശോധന ഞങ്ങൾ നടത്തുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും പക്ഷെ ഇപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യം എന്നത് യുദ്ധത്തിൽ പൂർണ്ണമായും വിജയിക്കുക എന്നതാണ്,’ നെതന്യാഹു പറഞ്ഞു.

‘ഒക്‌ടോബർ 7 എങ്ങനെ സംഭവിച്ചു എന്നതിന് വിശദീകരണം ആവശ്യപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. പല വിശദീകരണങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. സൈന്യപക്ഷത്ത് നിന്ന് , രാഷ്ട്രീയ പക്ഷത്തുനിന്ന്. നിങ്ങളുടെ കാഴ്ചപ്പാടിലുള്ള ഒരു വിശദീകരണം ഈ വിഷയത്തിൽ നൽകാനുണ്ടോ’ എന്ന ഡോ.ഫിൽന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നെതന്യാഹു.

സൈനികമോ രാഷ്ട്രീയമോ ആയ പരാജയങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പരാജയങ്ങൾ ഉണ്ടായിരുന്നു എന്ന് നെതന്യാഹു പ്രതികരിച്ചു.
‘ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ പ്രഥമ ഉത്തരവാദിത്വം . അതാണ് സർക്കാരിന്റെ ആത്യന്തികമായ ഉത്തരവാദിത്വം.
എന്നാൽ ഇവിടെ ജനങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. അത് ഞങൾ സമ്മതിക്കുന്നു’, നെതന്യാഹു പറഞ്ഞു.

തന്റെ ജനങ്ങളുടെ സംരക്ഷണത്തിനായി ഗസയുടെ പൂർണ്ണ നിയന്ത്രണം കൈപ്പിടിയിലാക്കുമെന്നും ശത്രുക്കളെ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗസയുടെ പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്തിയില്ലെങ്കിൽ തങ്ങൾക്ക് പരാജയം നേരിടേണ്ടി വരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

അമേരിക്കയിൽ വർദ്ധിച്ചുവരുന്ന യഹൂദ വിരുദ്ധതയെക്കുറിച്ചുള്ള ചോദ്യത്തിന് തീവ്രമായ ഇസ്ലാമിൻ്റെയും തീവ്ര അരാജകത്വ ഇടതുപക്ഷത്തിൻ്റെയും സംയോജനമാണ് ഈ യഹൂദ വിരുദ്ധത എന്ന് അദ്ദേഹം ആരോപിച്ചു.’ നദി മുതൽ കടൽ വരെ’ എന്ന് അവർ പറയുമ്പോൾ, അത് ഇസ്രഈൽ രാഷ്ട്രത്തെ തുടച്ചുനീക്കുന്നു. അവർ വംശഹത്യയെ പിന്തുണയ്ക്കുന്നു’, നെതന്യാഹു കുറ്റപ്പെടുത്തി.

റഫയിൽ കരയാക്രമണത്തെ വ്യാപിപ്പിക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ്‌ മുന്നോട്ടുവന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിൽ, എനിക്ക് ജോ ബൈഡനെ 40 വർഷവും അതിൽ കൂടുതലും കാലമായി അറിയാം. ഞങ്ങൾക്ക് പലപ്പോഴും പല കരാറുകൾ ഉണ്ടായിരുന്നു, അതോടൊപ്പം ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. അവയെ മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇനിയും അത് മറികടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് നെതന്യാഹു പറഞ്ഞത്.

‘നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്യും, അതിനർത്ഥം നമ്മുടെ ഭാവി സംരക്ഷിക്കാനാണ്. അതിനർത്ഥം റഫയിൽ ഉൾപ്പെടെ ഹമാസിനെ നമ്മൾ പരാജയപ്പെടുത്തും എന്നാണ്. ഞങ്ങൾക്ക് മറ്റ് മാർഗമില്ല,’ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: interview of Netanyahu