ഗസയിലെ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കും: പാല്‍ടെല്‍ ഗ്രൂപ്പ്
World News
ഗസയിലെ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കും: പാല്‍ടെല്‍ ഗ്രൂപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2023, 7:41 pm

ജെറുസലേം: ഗസയിലേക്കുള്ള ആശയവിനിമയ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി പാല്‍ടെല്‍ ഗ്രൂപ്പ്. ലാന്‍ഡ്ലൈന്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് പാല്‍ടെല്‍ അധികൃതര്‍ പറഞ്ഞു. യുദ്ധകുറ്റങ്ങളുടെ മറയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയിലേക്കുള്ള വൈദ്യുതിയും മറ്റ് സേവനങ്ങളും തടസപ്പെട്ടിരുന്നു.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ തങ്ങളുടെ സാങ്കേതിക ടീമുകള്‍ ഗസയിലേക്കുള്ള നെറ്റ്വര്‍ക്ക് കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ ശ്രമിച്ചതായി പാല്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ ദൈവം നിങ്ങളെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കട്ടെയെന്നും എക്‌സില്‍ കുറിച്ചു.

ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ ഗസയിലുള്ള തന്റെ അമ്മയോട് സംസാരിക്കാനും അവരുടെ ശബ്ദം കേള്‍ക്കാനും സാധിച്ചെന്ന് അല്‍ജസീറയുടെ ഒപ്പീനിയന് കോളമിസ്റ്റായ മജീദ് അബുസലാമ പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ കുടുംബത്തിലേക്ക് ഇപ്പോള്‍ എത്തിച്ചേരാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ എഴുതി.

വെള്ളിയാഴ്ച ഇസ്രഈല്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഗസയില്‍ 36 മണിക്കൂറോളം ആശയവിനിമയം തടസ്സപ്പെട്ടിരുന്നു. ഫലസ്തീനിലെ ടെലികോം ദാതാക്കള്‍ കമ്മ്യൂണിക്കേഷന്‍ ലൈനുകളും ടവറുകളും തകര്‍ന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഫലസ്തീനില്‍ നടക്കുന്ന യുദ്ധകുറ്റങ്ങളും ദുരുപയോഗങ്ങളും രേഖപ്പെടുത്തുന്നതില്‍ ആശയവിനിമയത്തിന്റെ അഭാവം കാരണമാകുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ഉള്‍പ്പെടെയുള്ള അവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗസയിലെ സഹായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സംഘടനകള്‍ക്ക് തന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുമെന്ന് എലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഇസ്രഈല്‍ പ്രതിഷേധം അറിയിച്ചിരുന്നു.

എലോണ്‍ മസ്‌ക്കിന്റെ സഹായങ്ങള്‍ ഹമാസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി ഷ്‌ലോമോ കാര്‍ഹി എക്സില്‍ കുറിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ തങ്ങളുടെ കുഞ്ഞുങ്ങളെയും ആണ്‍മക്കളെയും പെണ്‍മക്കളെയും പ്രായമായവരെയും മോചിപ്പിക്കാന്‍ മസ്‌ക് തയ്യാറായേക്കാം, പക്ഷെ അപ്പോഴേക്കും തന്റെ ഓഫീസ് സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദി ച്ചിരിക്കുമെന്നും കാര്‍ഹി പറഞ്ഞു.

Content Highlight: Internet service in Gaza to be restored: Paltel Group