Advertisement
Kerala News
കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് പേടിക്കേണ്ടതില്ല;എ.എം.എം.എ യില്‍ ആഭ്യന്തര കലഹം രൂക്ഷം: രാജിഭീഷണിയുമായി മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 05, 02:58 am
Sunday, 5th August 2018, 8:28 am

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ എ.എം.എം.എ യില്‍ ആഭ്യന്തര കലഹം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികള്‍ ആവര്‍ത്തിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടമായ നിലപാടുകളൊന്നും സംഘടന കൈക്കൊണ്ടിരുന്നില്ല.

ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നത്.തര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ രാജിഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.


ALSO READ: ‘ഒരാക്രമണം ഏതു സ്ത്രീയും പ്രതീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്; ബലാത്സംഗം സമൂഹത്തിന് ക്രൂരമായ തമാശയായി മാറി’: ദീപ നിശാന്ത്


നാല് നടിമാര്‍ രാജിവച്ച സാഹചര്യത്തില്‍ എ.എം.എം.എ കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്തുണ നല്‍കി സര്‍ക്കാരിന് അയച്ച കത്ത് കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഇടപെട്ട് പൂഴ്ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനുള്ള തന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടതില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലായിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് പേടിക്കുന്നത് എന്തിനാണെന്നും എല്ലാ കാര്യങ്ങളിലും അട്ടിമറി നീക്കം നടത്തുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യത്തില്‍ തനിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും രാജിവയ്ക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടപെട്ടാണ് കാര്യങ്ങള്‍ ശാന്തമാക്കിയത്.


ALSO READ: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് അധ്യാപകനെതിരെ ലൈംഗികാരോപണം


പ്രത്യക്ഷമായ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചില്ലെങ്കില്‍ സംഘടന നശിക്കുമെന്നും താനടക്കമുള്ള സിനിമാ താരങ്ങളുടെ പ്രതിച്ഛായ സമൂഹത്തില്‍ മോശമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുതിയ എക്‌സിക്യുട്ടീവിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായി നിലപാടെടുത്തു.

അതേസമയം സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും പിന്തുണ വേണ്ടെന്നും ആക്രമണത്തിനിരയായ നടി പറഞ്ഞു. താന്‍ എ.എം.എം.എ യില്‍ അംഗമല്ല. അതിനാല്‍ ഹര്‍ജിക്കാരികളെ കക്ഷിയാക്കേണ്ടതില്ല. കൂടുതലാളുകള്‍ കക്ഷിയാകുന്നതു കൊണ്ട് കേസില്‍ ഗുണമുണ്ടാവില്ലെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു.