'മെസിയെ എങ്ങനെയും ക്ലബ്ബിലെത്തിക്കണം'; ഇന്റര്‍ മിയാമിയുടെ ഓഫര്‍ കണ്ട് ഞെട്ടി ആരാധകര്‍
Football
'മെസിയെ എങ്ങനെയും ക്ലബ്ബിലെത്തിക്കണം'; ഇന്റര്‍ മിയാമിയുടെ ഓഫര്‍ കണ്ട് ഞെട്ടി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th June 2023, 4:20 pm

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് പടിയിറങ്ങിയ ലയണല്‍ മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും മെസി തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയും മെസിയെ സൈന്‍ ചെയ്യാന്‍ രംഗത്തുണ്ട്. അര്‍ജന്റൈന്‍ ഇതിഹാസത്തെ സ്വന്തമാക്കാന്‍ ഇന്റര്‍ മിയാമി വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

താരത്തിന് ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്ന വേതനത്തിന് പുറമെ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയ അഡിഡാസ്, ആഢംബര ഇലക്ട്രോണിക്‌സ് കമ്പനിയായ ആപ്പിള്‍ എന്നിവയുടെ ലാഭത്തില്‍ നിന്ന് ഓരോ വിഹിതവും കൂടാതെ താരം ക്ലബ്ബില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്റര്‍ മിയാമിയുടെ ഒരു വിഹിതവുമാണ് എം.എല്‍.എസ് ക്ലബ്ബിന്റെ ഓഫര്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബാഴ്‌സലോണക്കും ഇന്റര്‍ മിയാമിക്കും പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദും മെസിയെ റാഞ്ചിക്കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ലോക ഫുട്‌ബോളില്‍ ഇന്നേവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത വേതനമാണ് മെസിക്കായി ഇത്തിഹാദ് വെച്ചുനീട്ടിയിരിക്കുന്നത്. സീസണില്‍ 400 മില്യണ്‍ യൂറോയാണ് അറേബ്യന്‍ ക്ലബ്ബ് മെസിക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നത്. അല്‍ നസറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ലഭിക്കുന്നതിന്റെ ഇരട്ടിത്തുകയാണ് ഇത്.

എന്നിരുന്നാലും മെസി മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാഴ്‌സലോണ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മെസിയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാനാണ് മെസിയുടെ ആഗ്രഹമെന്നും ക്ലബ്ബുമായി തീരുമാനിച്ചതിന് ശേഷം അന്തിമ തീരുമാനം അറിയിക്കും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Content Highlights: Inter Miami wants to sign Lionel Messi at any cost