ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ഗണപതി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്രയിലൂടെയാണ് ഗണപതി സിനിമാലോകത്തേക്ക് കടന്നുവന്നത്. ചിത്രശലഭങ്ങളുടെ വീട്, അലി ഭായ്, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ഗണപതിയുടെ പ്രകടനം മികച്ചതായിരുന്നു. യുവനടനായും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗണപതിക്ക് സാധിച്ചിട്ടുണ്ട്.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയാണ് ഗണപതിയുടെ പുതിയ ചിത്രം. നസ്‌ലെന്‍ ലുക്ക്മാന്‍ എന്നിവരോടൊപ്പം ഗണപതിയും ശക്തമായ വേഷം ആലപ്പുഴ ജിംഖാനയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ഖാലിദ് റഹ്‌മാനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗണപതി.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ കണ്ടതുമുതല്‍ ഖാലിദുമായി വര്‍ക്ക് ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഗണപതി പറഞ്ഞു. ഉണ്ടയുടെ ഷൂട്ടിന്റെ സമയത്ത് ഖാലിദ് റഹ്‌മാനോട് അവസരം ചോദിച്ചെന്നും പ്രായമായിട്ടില്ലെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി വിട്ടെന്നും ഗണപതി കൂട്ടിച്ചേര്‍ത്തു. തല്ലുമാലയുടെ സമയത്ത് വീണ്ടും അവസരം ചോദിച്ചെന്നും ആ സമയത്ത് പ്രായം കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും ഗണപതി പറയുന്നു.
പിന്നീട് താന്‍ ഖാലിദ് റഹ്‌മാനെ മഞ്ഞുമ്മല്‍ ബോയ്‌സില്‍ കാസ്റ്റ് ചെയ്‌തെന്നും തനിക്ക് അവസരം തരാത്തയാള്‍ക്ക് താന്‍ ചാന്‍സ് കൊടുത്തതായി അതിനെ കണ്ടെന്നും ഗണപതി പറഞ്ഞു. ആലപ്പുഴ ജിംഖാനയിലെ വേഷം താന്‍ ചോദിച്ചുവാങ്ങിയതാണെന്നും ആ കഥാപാത്രത്തിനായി കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗണപതി കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഗണപതി.
‘അനുരാഗ കരിക്കിന്‍വെള്ളം കണ്ടപ്പോള്‍ ഖാലിദ് റഹ്‌മാന്റെ ഒരു പടത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വന്നു. പുള്ളിയുടെ അടുത്ത പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് പോയി ചാന്‍സ് ചോദിച്ചു. ഉണ്ടയായിരുന്നു ആ പടം. ‘ഇത് പൊലീസുകാരുടെ കഥയാണ്, നിനക്ക് ഈ റോള്‍ ചെയ്യാനുള്ള പ്രായമായിട്ടില്ല’ എന്ന് ഖാലിദിക്ക പറഞ്ഞു.
പിന്നീട് തല്ലുമാലയുടെ ഷൂട്ട് നടക്കുമ്പോഴും ചാന്‍സ് ചോദിച്ച് ചെന്നു. ‘നിനക്ക് പ്രായക്കൂടുതലാണ് ഇപ്പോള്‍’ എന്ന് പറഞ്ഞ് വീണ്ടും എന്നെ ഒഴിവാക്കി. കാസ്റ്റിങ് ഡയറക്ടറായപ്പോള്‍ എനിക്ക് ചാന്‍സ് തരാത്ത ഖാലിദിക്കയെ ഞാന്‍ മഞ്ഞുമ്മലില്‍ കാസ്റ്റ് ചെയ്ത് പ്രതികാരം വീട്ടി. ആലപ്പുഴ ജിംഖാനയിലെ റോള്‍ ചോദിച്ചു വാങ്ങിയതാണ്. ബോഡിബല്‍ഡിങ്ങിനായി കുറച്ചധികം കഷ്ടപ്പെട്ടു,’ ഗണപതി പറയുന്നു.
Content Highlight: Ganapathi saying he asked chance to Khalid Rahman for many times