IPL
ഏഴ് വര്‍ഷം ഞാന്‍ ഇവിടെയുണ്ടായിരുന്നതാണ്, കുറച്ച് ഇമോഷണലായി, എന്നാല്‍ പന്ത് കയ്യിലെടുത്തതോടെ എല്ലാം മറന്നു: സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Thursday, 3rd April 2025, 9:28 am

ഐ.പി.എല്ലില്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് രജത് പാടിദാറിനും സംഘത്തിനും പരാജയം സമ്മാനിച്ചത്.

ആദ്യ രണ്ട് മത്സരത്തിലും എതിരാളികളുടെ തട്ടകത്തിലെത്തി വിജയിച്ച ആര്‍.സി.ബിക്ക് എന്നാല്‍ സ്വന്തം മണ്ണിലെത്തിയപ്പോള്‍ പിഴച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ആര്‍.സി.ബിക്ക് നേരിടേണ്ടി വന്നത്.

ബെംഗളൂരു ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 13 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയും സായ് സുദര്‍ശന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരുടെ മികച്ച ഇന്നിങ്സുകളുമാണ് ടൈറ്റന്‍സിനെ വിജയലക്ഷ്യം കടത്തിയത്.

മുഹമ്മദ് സിറാജിന്റെ മികച്ച ബൗളിങ് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സിനെ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ തളച്ചിട്ടത്. സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായാണ് സൂപ്പര്‍ പേസര്‍ തിളങ്ങിയത്.

നാല് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് പിഴുതെറിഞ്ഞത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം നേടിയ എല്ലാ റെക്കോഡുകളും കാറ്റില്‍ പറത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ താരം തിളങ്ങിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സിറാജ് തന്നെയായിരുന്നു.

തന്റെ പഴയ ടീമിനെതിരെ പന്തെറിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് സിറാജ്. താന്‍ കുറച്ച് ഇമോഷണലായെന്നാണ് സിറാജ് പറഞ്ഞത്. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ കുറച്ച് ഇമോഷണലായി. ഏഴ് വര്‍ഷക്കാലം ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ ജേഴ്‌സി ചുവപ്പില്‍ നിന്നും നീലയിലേക്ക് മാറി. മത്സരത്തിന് മുമ്പ് കുറച്ച് പരിഭ്രമുണ്ടായിരുന്നു, അല്‍പം നെര്‍വെസ്സായിരുന്നു. എന്നാല്‍ പന്ത് എന്റെ കയ്യില്‍ കിട്ടിയ സമയം മുതല്‍ ഫുള്‍ ഓണായി,’ സിറാജ് പറഞ്ഞു.

വിക്കറ്റ് വീഴ്ത്തുമ്പോഴുള്ള തന്റെ Suiii സെലിബ്രേഷനെ കുറിച്ചും താരം സംസാരിച്ചു.

‘ഞാന്‍ റൊണാള്‍ഡോയുടെ ആരാധകനാണ്. അതുകൊണ്ടാണ് ഈ സെലിബ്രേഷന്‍,’ താരം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇതേ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി കളത്തിലിറങ്ങിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സിറാജ് തന്നെയാണ് സ്വന്തമാക്കിയത്. എന്നാല്‍ പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം അതേ ചിന്നസ്വാമിയില്‍ ബെംഗളൂരുവിനെതിരെ പി.ഒ.ടി.എം നേടാനും സിറാജിനായി.

ഈ വിജയത്തിന് പിന്നാലെ ടൈറ്റന്‍സ് നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സാകട്ടെ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് പടിയിറങ്ങി.

ഏപ്രില്‍ ആറിനാണ് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. എതിരാളികളുടെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2025: RCB vs GT: Mohammed Siraj about playing against Royal Challengers Bengaluru