Entertainment
ആ സൂപ്പര്‍സ്റ്റാര്‍ ചിത്രം വേണ്ടെന്ന് വെച്ചിട്ടാണ് ശോഭന മാം തുടരും ചെയ്യാന്‍ തീരുമാനിച്ചത്, അതില്‍ നിരാശയില്ലെന്നും പറഞ്ഞു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 05:31 pm
Saturday, 5th April 2025, 11:01 pm

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉളവാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും മികച്ചതായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശോഭനയാണ്. 15 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. മോഹന്‍ലാലും ശോഭനയും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ചിത്രത്തിലേക്ക് ശോഭന എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

ശോഭന ഈ സിനിമക്ക് ഓക്കെ പറയുമോയെന്ന് സംശയമായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. യാതൊരു തയാറെടുപ്പമില്ലാതെയാണ് താന്‍ ശോഭനയോട് കഥ പറഞ്ഞതെന്നും എന്നാല്‍ വളരെ പെട്ടെന്ന് ശോഭന കഥയിലേക്ക് ഇന്‍ ആയെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കഥ പറഞ്ഞ അതേ സമയത്ത് ലോകേഷ് കനകരാജിന്റെ സിനിമയിലേക്കും ശോഭനക്ക് ക്ഷണമുണ്ടായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.

എന്നാല്‍ അവര്‍ തെരഞ്ഞെടുത്തത് തുടരും ആയിരുന്നെന്നും അതില്‍ നിരാശയില്ലെന്ന് ശോഭന പറഞ്ഞെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. നാടും വീടുമെല്ലാമടങ്ങുന്ന ശാന്തമായ ലൊക്കേഷനാണ് തുടരും സിനിമയുടേതെന്നും അതില്‍ അഭിനയിക്കാനാണ് മനസിഷ്ടപ്പെടുന്നതെന്നും ശോഭന പറഞ്ഞിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു ശോഭന.

‘ശോഭന മാമിനോട് കഥ പറയുമ്പോള്‍ ഞാന്‍ ഒട്ടും പ്രിപ്പയേഡ് അല്ലായിരുന്നു. ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന തയാറെടുപ്പൊന്നും അപ്പോള്‍ ഇല്ലായിരുന്നു. എന്നാല്‍ കഥ പറഞ്ഞുതുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ മാം ഇന്‍ ആയി. അവര്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ഏതാണ്ട് അതേ സമയത്ത് തന്നെ ലോകേഷ് കനകരാജിന്റെ പടത്തിലേക്കും അവര്‍ക്ക് വിളി വന്നിരുന്നു.

രജിനി സാറിന്റെ പടമായിരുന്നു അത്. എന്നാല്‍ ശോഭന മാം തുടരും സെലക്ട് ചെയ്തു. നാടും വീടുമൊക്കെയുള്ള സാധാരണ ലൊക്കേഷനാണ് ഈ പടത്തിന്റേത്. അത് ശോഭന മാമിന് വലിയ ഇഷ്ടമായി. ലാല്‍ സാറും ശോഭന മാമും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഇതിലെ വലിയൊരു പോസിറ്റീവ,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy about Shobhana and Thudarum movie