Advertisement
Entertainment
ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് വിറയ്ക്കുകയാണ്, മൊത്തം ബ്ലാങ്കായിപ്പോയി: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 03, 04:22 am
Thursday, 3rd April 2025, 9:52 am

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസില്‍ വളരെ എളുപ്പത്തില്‍ ഒരു ഇടം നേടിയെടുത്ത നടനാണ് നസ്‌ലെന്‍. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ഇമേജ് പോലും നസ്‌ലെനെ തേടിയെത്തി.

ചിത്രത്തിലെ സച്ചിന്‍ എന്ന കഥാപാത്രത്തെ അത്രയേറെ മികച്ചതാക്കാന്‍ നസ്‌ലെന് സാധിച്ചിരുന്നു. ഓരോ പ്രേക്ഷകന്റെ മനസിലും ഒരു ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ നസ്‌ലെന്റെ സിനിമകള്‍ക്കായിട്ടുണ്ട്. അതില്‍ പ്രേമലുവിനുള്ള പങ്ക് ചെറുതല്ല.

പ്രേമലുവിലെ നസ്‌ലെന്റെ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് സാക്ഷാല്‍ രാജമൗലി അടക്കം രംഗത്തെത്തിയിരുന്നു. രാജമൗലിയുടെ അന്നത്തെ കമന്റിനെ കുറിച്ചും അത് തന്നിലുണ്ടാക്കിയ ഇംപാക്ടിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം.

സത്യം പറഞ്ഞാല്‍ ആ വേദിയില്‍ താന്‍ ബ്ലാങ്ക് ആയിരുന്നെന്നും വേറെ ഏതോ ഒരു വേള്‍ഡില്‍ എത്തിയ ഫീലായിരുന്നെന്നും നസ്‌ലെന്‍ പറയുന്നു.

‘ സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും ഓര്‍മയില്ല. സ്‌റ്റേജില്‍ കയറിയപ്പോള്‍ മൊത്തം ബ്ലാങ്കായി. ആ സ്‌റ്റേജില്‍ എന്നെ കണ്ടാല്‍ അറിയാം. വിറച്ചിട്ടാണ് നില്‍ക്കുന്നത്.

പ്രേമലുവിലെ ഒരു സീക്വന്‍സൊക്കെ അദ്ദേഹം എന്നെ കൊണ്ട് ചെയ്യിച്ചിരുന്നു. അദ്ദേഹത്തോട് കൂടുതലൊന്നും സംസാരിക്കാന്‍ പറ്റിയില്ല. ആ സ്റ്റേജില്‍ നിന്ന് സംസാരിച്ചതേയുള്ളൂ. ഞാന്‍ വേറെ ഏതോ വേള്‍ഡിലായിരുന്നു ആ സമയത്ത്,’ നസ്‌ലെന്‍ പറയുന്നു.

അടുത്ത ബാഹുബലിയിലോ മറ്റോ കാസ്റ്റ് വന്നാലോ എന്ന ചോദ്യത്തിന് ജിംഖാനയിലെ ചില ഫോട്ടോകള്‍ അയച്ചുകൊടുക്കാമെന്നായിരുന്നു നടന്‍ ഗണപതിയുടെ കൗണ്ടര്‍. അത്തരത്തിലുള്ള ഓഫറുകള്‍ വരട്ടെയെന്നും കാത്തിരിക്കുകയാണെന്നുമായിരുന്നു നസ്‌ലെന്‍ പറഞ്ഞത്.

ബ്ലോക്ബസ്റ്റര്‍ ചിത്രം തല്ലുമാലയ്ക്കുശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യാണ് നസ്‌ലെന്റെ ഏറ്റവും പുതിയ ചിത്രം. ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഇന്നലെ പുറത്തിറങ്ങിയിട്ടുണ്ട്. വിഷു റിലീസായി ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബോക്‌സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെറാണ് ആലപ്പുഴ ജിംഖാന.

Content Highlight: Actor Naslen about Director S.S Rajamouli