Advertisement
Kerala News
സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 01:49 am
Sunday, 27th April 2025, 7:19 am

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദാണ് അറസ്റ്റിലായ മറ്റൊരാള്‍.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ട് മണിയോടെ നടത്തിയ പരിശോധനയില്‍ എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മൂവരും ‌പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം ഫ്ലാറ്റിലെത്തിയത്. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂവരെയും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

ആലപ്പുഴ ജിംഖാന, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, തല്ലുമാല, ലൗ എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകനായ അഷറ്ഫ് ഹംസ. തല്ലുമാലയുടെ സഹരചയിതാവ്‌ കൂടിയാണ്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും നിയമനടപടി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് മലയാള സിനിമയില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് പൊലീസ് പരിശോധനക്കിടെ ഇറങ്ങി ഓടിയതിന് പിന്നാലെയാണ് ഷൈന്‍ അറസ്റ്റിലായത്.

ഇതിനിടെ നടി വിന്‍സി അലോഷ്യസിന് പിന്നാലെ പുതുമുഖ നടിയായ അപര്‍ണ ജോണ്‍സണും ഷൈനിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. വിന്‍സി വെളിപ്പെടുത്തിയ കാര്യങ്ങള്‍ 100 ശതമാനം ശരിയാണെന്നും സിനിമ സെറ്റില്‍ വെച്ച് ഷൈന്‍ വെള്ളപ്പൊടി മേശപ്പുറത്ത് തുപ്പിയെന്നും അപര്‍ണ പറഞ്ഞു.

ഇതിനുപുറമെ ആലപ്പുഴ കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കേസില്‍ പ്രതി ചേര്‍ക്കപ്പെടാത്തതിനാല്‍ അപേക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Directors Khalid Rahman and Ashraf Hamza arrested with hybrid cannabis