Kerala News
എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നിയമനം നല്‍കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 04:46 am
Thursday, 3rd April 2025, 10:16 am

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നിയമനം നല്‍കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. താത്കാലിക അംഗീകാരത്തോടെ ഒരു അധ്യയനവര്‍ഷമെങ്കിലും ജോലി ചെയ്തവരില്‍ തസ്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നിയമനം നല്‍കാനാണ് ഉത്തരവ്.

അടുത്തതായി വരാനിരിക്കുന്ന സ്ഥിരം ഒഴിവുകളില്‍ മുന്‍കാല സര്‍വീസ് അംഗീകരിച്ച് (51എ ക്ലെയിം) നിയമനം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2018 നവംബര്‍ 18ന് ശേഷം എയ്ഡഡ് സ്‌കൂളുകളിലെ മാനേജര്‍മാര്‍ നിയമിച്ച അധ്യാപകര്‍ക്ക് താത്കാലിക അംഗീകാരം മാത്രമാണ്  സര്‍ക്കാര്‍ നല്‍കുന്നത്.

എയ്ഡഡ് സ്ഥാപനങ്ങളിലെ 1996 മുതലുള്ള ഭിന്നശേഷി സംവരണ തസ്തികകള്‍ നികത്തുന്നത് വരെ ഈ രീതി തുടരും. ഇക്കാരണത്താല്‍ തസ്തിക നഷ്ടം സംഭവിച്ചവര്‍ക്ക് അനുകൂലമായ ഒരു ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ക്ക് 51എ ക്ലെയിം അനുസരിച്ച് നിയമനം നല്‍കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.

ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിതമായ തസ്തികകള്‍ മാറ്റിവെച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള നിയമനം നല്‍കാനാകൂയെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന വാദം തെറ്റാണെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം ശുപാര്‍ശ സമിതികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പും നല്‍കിയിരുന്നു. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്. ഷാനവാസ് നിർദേശവും നൽകി.

2019-20 അധ്യയനവര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെ.-ടെറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റുകള്‍ അധ്യാപകനിയമനം നടത്തിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

Content Highlight: Order to provide appointments to those who lost their posts in aided schools