Advertisement
Kerala News
ആശ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 08:23 am
Saturday, 19th April 2025, 1:53 pm

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിരമിക്കല്‍ പ്രായം 62 വയസാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി മുമ്പ് നടത്തിയ ചര്‍ച്ചയില്‍ തന്നെ ഇത് സംബന്ധിച്ച ഉറപ്പ് ആശമാര്‍ക്ക് മന്ത്രി നല്‍കിയിരുന്നു. 62ാമത്തെ വയസില്‍ ആനുകൂല്യങ്ങള്‍ ഒന്നും ഇല്ലാതെ ആശമാര്‍ സ്വയം വിരമിക്കണമെന്നായിരുന്നു 2022ലെ ഉത്തരവ്. ഈ ഉത്തരവിനെതിരെ ആശമാര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സമരം ചെയ്യുന്ന ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഉത്തരവ് സമരത്തിന്റെ വിജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വിഷയം പരിഗണിക്കാമെന്ന് മന്ത്രി മുമ്പ് തന്നെ പറഞ്ഞിരുന്നെന്നും ഇതുപോലെ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആശമാരുടെ സമരം 69ാം ദിവസത്തിലെത്തിയിട്ടും ഇതുവരേയും അവസാനിച്ചിട്ടില്ല. ആശമാരുടെ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളായ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം നല്‍കണമെന്നതും ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

Content Highlight: Government revokes order raising retirement age of ASHA workers to 62 years