Kerala News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 08:44 am
Saturday, 19th April 2025, 2:14 pm

കൊച്ചി: സിനിമ താരം ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ.

എന്‍.ഡി.പി.എസ് ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിരിക്കുന്നത്‌. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വകുപ്പാണിത്.

2015ല്‍ കൊക്കെയ്ന്‍ ഷൈന്‍ കേസിലും പ്രതിയായിരുന്നു. എന്നാല്‍ ഈ കേസില്‍ ഷൈനിനെ കോടതി അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു.

ഇന്ന് സ്‌റ്റേഷനില്‍ ഹാജരായപ്പോഴും കഴിഞ്ഞ ദിവസം പൊലീസിനെ കണ്ടപ്പോള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയത് ഗുണ്ട സംഘമാണെന്ന് കരുതിയാണെന്നാണ് ഷൈന്‍ പറഞ്ഞത്. തുടര്‍ന്ന് ശാരീരിക അവശതകളെത്തുടര്‍ന്ന് ഷൈനിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ലഹരി മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണ് എന്‍.ഡി.പി.എസ്. ആക്ടിന്റെ സെക്ഷന്‍ 27. ഷൈനിന്റെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സെക്ഷന്‍ 29 ലഹരി ഉപയോഗിക്കാനുള്ള പ്രേരണ, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ്. എന്നിരുന്നാലും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്.

ലഹരി വിതരണക്കാരുമായി ഷൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഷൈനിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഷൈന്റെ ലഹരി ഉപയോഗം തെളിയിക്കാന്‍ നടന്റെ നഖവും മുടിയും അടക്കം ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍  ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കഴിഞ്ഞ ദിവസം നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച  നടനില്‍ നിന്നും നിന്ന് തനിക്കും തന്റെ സഹപ്രവര്‍ത്തകയ്ക്കും മോശമായ അനുഭവമുണ്ടായെന്നായിരുന്നു വിന്‍സി പറഞ്ഞത്.

തങ്ങളോട് രണ്ട് പേരോടും നടന്‍ മോശമായ രീതിയിലും പറഞ്ഞാല്‍ മനസിലാകാത്ത രീതിയിലും പെരുമാറിയെന്നും വിന്‍സി പറഞ്ഞിരുന്നു.ഫിലിം ചേംബറിനും സിനിമയുടെ ഇന്റേര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റിക്കുമാണ് വിന്‍സി പരാതി നല്‍കിയത്. നടന്റെ വായില്‍ നിന്നും വെള്ളപ്പൊടി വീഴുന്നത് കണ്ടിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ഷൈന്‍ ടോം ചാക്കോയുമായി സൂത്രവാക്യം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഷൈന്‍ ലഹരി ഉപയോഗിക്കുന്നതായി വിന്‍സി കണ്ടത്.

Content Highlight:  will file a case against Shine Tom Chacko