Entertainment
ചാണക്യൻ ചെയ്യുമ്പോൾ കമൽ ഹാസൻ തന്ന ഉപദേശം എന്നും മനസിലുണ്ടായിരുന്നു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 09:40 am
Saturday, 19th April 2025, 3:10 pm

പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ച നടന്മാരിൽ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. എന്നാൽ പിന്നീട് മലയാളത്തിൽ തുടർ പരാജയങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ജയറാം തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളിൽ കൂടുതൽ സജീവമാവുകയായിരുന്നു.
ഫിറ്റ്നസിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. ആദ്യകാലത്ത് സിനിമയിൽ15 ദിവസമാണ് നായകന്റെ ഡേറ്റ് എന്നും ഈ 15 ദിവസവും ഉറങ്ങാതെ ഇരിക്കുന്നതുകൊണ്ട് ഫിറ്റ്നസ് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജയറാം പറയുന്നു. കമൽ ഹാസനൊപ്പം ‘ചാണക്യൻ’ എന്ന സിനിമ ചെയ്യുമ്പോൾ ജയറാമിന് നല്ല ബോഡിയാണെന്നും ഫിറ്റ്നസ് ശ്രദ്ധിക്കണമെന്നും പറഞ്ഞെന്ന് ജയറാം പറയുന്നു.

കമൽ ഹാസൻ അന്ന് തന്ന ഉപദേശം എന്നും മനസിലുണ്ടായിരുന്നുവെന്നും സമയം കിട്ടുമ്പോഴൊക്കെ ഷൂട്ടിങ് തിരക്കിനിടയിലും ഷട്ടിൽ കളിക്കുന്നത് ഞാൻ പതിവാക്കിയെന്നും ജയറാം പറഞ്ഞു.

‘ഞാൻ സിനിമയിൽ വന്ന കാലത്ത് നായകന്റെ ഡേറ്റ് 15 ദിവസമാണ്. ഈ 15 ദിവസം മുഴുവനും ഷൂട്ടിങ് ആയിരിക്കും. ഉറങ്ങാൻ പോലും ശരിക്കും സമയം കിട്ടാറില്ല. ഇതിനിടെ ഫിറ്റ്നസ് ശ്രദ്ധിക്കാൻ നേരം കിട്ടാനേയില്ലായിരുന്നു.

കമൽ ഹാസനൊപ്പം ‘ചാണക്യൻ’ എന്ന സിനിമ ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു ‘ജയറാമിന് നല്ല ബോഡി ഫ്രെയിം ഉണ്ടല്ലോ, എന്തുകൊണ്ട് എക്സസൈസ് സ്‌ഥിരമായി ചെയ്യുന്നില്ല?’എന്ന്. ഞാൻ പറഞ്ഞതു ‘എവിടെയാണ് സാർ സമയം! വിശ്രമില്ലാത്ത ഷെഡ്യൂൾ ആണ്. ഒന്നിനും സമയം കിട്ടുന്നില്ല’ എന്ന്. ‘എത്ര തിരക്കായാലും ഫിറ്റ്നസ് കാക്കാനും എക്‌സസൈസിനും ടൈം കാണണം’ എന്ന് അദ്ദേഹം ഉപദേശിച്ചു.

മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോഴാണ് നമുക്ക് മനസിലാകുന്നത് അവിടുത്തെ താരങ്ങൾ ഫിറ്റ്നസിന് എത്രമാത്രം പ്രാധാന്യം നൽകിയിട്ടുണ്ടെന്ന്. ഇന്ന് ഇവിടുത്തേയും നടി-നടന്മാർ ഫിറ്റ്നസിനെ കുറിച്ച് വളരെ ബോധവാന്മാരാണ്. അവർ വ്യായാമത്തിനും ശരീരം നന്നായി നോക്കാനും സമയം കണ്ടെത്തുന്നു.

കമൽ സാർ അന്ന് തന്ന ഉപദേശം എന്നും മനസിലുണ്ടായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഷൂട്ടിങ് തിരക്കിനിടയിലും ഷട്ടിൽ കളിക്കുന്നത് ഞാൻ പതിവാക്കി. സൈക്ലിങ്ങിലും താത്പര്യമുണ്ട്. കൊച്ചിയിലുള്ളപ്പോൾ ഇടക്ക് മമ്മൂക്കയ്‌ക്കൊപ്പം അതിരാവിലെ സൈക്കിൾ ചവിട്ടാൻ പോകും. ഇപ്പോഴും ഇടയ്ക്കൊക്കെ ഞാൻ തനിയെ അങ്ങനെ സൈക്കിളോടിച്ചു പോകാറുണ്ട്,’ ജയറാം പറയുന്നു.

Content Highlight: Jayaram Talks About An Advice That Kamal Haasan Told To Him